അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളും എത്രയുംപെട്ടന്ന് വാക്‌സിനേഷന്‍ നടത്തി കൊറോണ വൈറസ് മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ പരിശ്രമിക്കുമ്പോള്‍ അമേരിക്കയിലെ തന്നെ നല്ലൊരു വിഭാഗം ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതായി പുതിയ റിസര്‍ച്ച്. എന്‍ഒആര്‍സി സെന്റര്‍ ഫോര്‍ പബ്ലിക് അഫയേര്‍സ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് അമേരിക്കയിലെ നാലിലൊരു വിഭാഗം ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ ധാരണയില്ലെന്ന്് കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു കാല്‍ഭാഗം ആളുകള്‍ തങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് തീര്‍ത്തു പറയുകയും ചെയ്തു.

കൊറോണ വാക്‌സിന്‍ ആദ്യമായി സ്വീകരിക്കുന്നവരില്‍ ശാരീരികമായ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടോ എന്ന് വ്യക്തമായതിനു ശേഷം മാത്രം വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് ചിന്തിക്കുന്നവരും ഉണ്ട്. വിദഗ്ദരുടെ പഠനമനുസരിച്ച് 70% അമേരിക്കന്‍ ജനതയും കൊറോണ വാക്‌സിന്‍ സ്വീകരിക്കുകയാണെങ്കില്‍ മാത്രമേ അമേരിക്കയെ കൊറോണ വ്യാപനത്തില്‍ നിന്ന് തടയാന്‍ സാധിക്കുകയുള്ളൂ.

ട്രിപ്പിഡേഷന്‍ എന്നത് വളരെ നല്ല വാക്കാണെന്നാണ് 53കാരനായ കെവിന്‍ ബക്കിന്റെ അഭിപ്രായം. ആദ്യം വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമില്ലെങ്കില്‍ താനും കുടുംബവും വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകുമെന്നാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള കെവിന്‍ ബക്ക് പറയുന്നത്. താന്‍ മനസ്സിലാക്കിയിടത്തോളം വളരെ പെട്ടന്നാണ് വാക്‌സിന്‍ കണ്ടുപിടിച്ചത്. വൈറസ് കണ്ടെത്തിയതിന് ശേഷം അതിനെ തടയാനുള്ള വാക്‌സിന്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷത്തില്‍ താഴെ സമയം മാത്രമാണ് എടുത്തത്. അതിനാല്‍ ഇത് സ്വീകരിക്കണമോ വേണ്ടയോ എന്ന് ആളുകള്‍ക്ക് സംശയമുണ്ട്. താനും അക്കൂട്ടത്തിലൊരാളാണെന്ന് കെവിന്‍ ബക്ക് കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ 1117 അമേരിക്കക്കാരില്‍ നടത്തിയ പഠനത്തില്‍ പത്തില്‍ മൂന്ന് പേരും വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് ബോധ്യമുള്ളവരാണ്. വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞവരില്‍ പത്തില്‍ മൂന്ന് ഭാഗവും തങ്ങള്‍ കൊറോണ ബാധിച്ച് രോഗികളാവുകയാണെങ്കില്‍ അത് സാരമാക്കുന്നില്ലെന്ന് അഭിപ്രായമുള്ളവരാണ്. നാലിലൊന്ന് ഭാഗം കൊറോണ വൈറസ് പടരുന്നത് ഒരു ഗുരുതര പ്രശ്‌നമല്ലെന്ന അഭിപ്രായമുള്ളരാണ്. പത്തില്‍ ഏഴ് ഭാഗം പറയുന്നത് സൈഡ് എഫക്ട്‌സിനെക്കുറിച്ചുള്ള സംശയങ്ങള്‍ കാരണമാണ് വാക്‌സിന്‍ സ്വീകരിക്കാത്തതെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here