കോവിഡ് 19 നു പുറമേ അതിവേഗം പടരുന്ന മറ്റൊരു കൊറോണ വൈറസ് കൂടി യുകെയില്‍ വ്യാപകമാകുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പിന്റെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്‍െ (ഡിജിഎച്ച്എസ്) അധ്യക്ഷതയിലാണ് ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് (ജെഎംജി) തിങ്കളാഴ്ച രാവിലെ യോഗം ചേരുന്നത്. ലോകാരോഗ്യസംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. റോഡറിക്കോ എച്ച് ഒഫ്രിന്‍ കൂടി യോഗത്തില്‍ പങ്കെടുക്കും.

നെതര്‍ലന്‍ഡ്‌സ്, ഡെന്മാര്‍ക്ക്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ ഈ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച ഈ വൈറസ് അതിവേഗത്തിലാണ് മനുഷ്യരിലേക്ക് പടരുന്നത്. എന്നാലിത് എത്രത്തോളം അപകടകാരിയാണ് എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല. പുതിയ വൈറസ് ഉയര്‍ന്ന മരണനിരക്കിനു കാരണമാകുമെന്നോ വാക്‌സീനുകളെയും ചികിത്സകളെയും ബാധിക്കുമെന്നതോ സംബന്ധിച്ച് നിലവില്‍ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പറഞ്ഞു.

പുതിയ വൈറസ് നിയന്ത്രണാതീതമാണെന്ന യുകെയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും ഇവിടെ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇറ്റലി, ബെല്‍ജിയം, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ജനുവരി ഒന്ന് വരെയാണ് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിതി ഗുരുതരമായതോടെ ഞായറാഴ്ച മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രിട്ടിഷുകാര്‍ അവരുടെ ക്രിസ്മസ് പദ്ധതികള്‍ റദ്ദാക്കി വീട്ടില്‍ത്തന്നെ തുടരേണ്ടിവരുമെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ സ്ഥിതി ഗുരുതരമാണെന്നു യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍ക്കോക്കും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here