അമേരിക്കയില്‍ ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ബോധരഹിതരായി വീഴുന്നു എന്ന റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. കഴിഞ്ഞ ദിവസം യുഎസിലെ ടെന്നസിയിലുള്ള ചട്ടനൂഗ ആശുപത്രിയില്‍ വാക്‌സിന്‍ സ്വീകരിച്ച ടിഫാനി ഡോഫര്‍ എന്ന നഴ്‌സ് പിന്നീട് ഇക്കാര്യം വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തിനിടെ ബോധരഹിതയായി വീണിരുന്നു. ഇതേത്തുടര്‍ന്നാണ് ഫൈസറിന്റെ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നവരെല്ലാം തലകറങ്ങി വീഴുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നത്.

എന്നാല്‍ ടിഫാനി ഡോവര്‍ ബോധരഹിതയായി വീണത് പ്രതിരോധ കുത്തിവെയ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വേദനയോ, ഉത്കണ്ഠയോ മൂലമാണെന്നും അതല്ലാതെ ഇക്കാര്യത്തില്‍ മറ്റ് ആശങ്കകളൊന്നുമില്ലെന്നും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. വേദന അനുഭവപ്പെടുമ്പോള്‍ താന്‍ തളര്‍ന്നു പോകാറുണ്ടെന്ന് ടിഫാനിയും പിന്നീട് പ്രതികരിച്ചിരുന്നു. നല്ല വേദനയുള്ളതായി തോന്നി, അത് തന്നെ ബാധിച്ചു. അല്‍പം വ്യത്യസ്ഥത തോന്നി. പക്ഷേ ഇപ്പോള്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ടിഫാനി പറഞ്ഞു.

എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും, വാക്‌സിന്‍ ലഭിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങള്‍ കോവിഡ് യൂണിറ്റിലാണ്, അതിനാല്‍, നിങ്ങള്‍ക്കറിയാമോ, എന്റെ ടീമിന് ആദ്യ അവസരങ്ങള്‍ ലഭിക്കും’ വാക്‌സിന്‍ എടുത്ത ശേഷം ടിഫാനി മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെയാണ് തനിക്ക് തലവേദന അനുഭവപ്പെടുന്നെന്നും ക്ഷമിക്കണമെന്നും പറഞ്ഞ് ടിഫാനി ബോധരഹിതയായി വീണത്.

 

LEAVE A REPLY

Please enter your comment!
Please enter your name here