ജോ ബൈഡന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് സുരക്ഷ വര്‍ധിപ്പിച്ച് യുഎസ്. രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിര്‍ത്തലാക്കി. സെന്‍ട്രല്‍ വാഷിംഗ്ടണിലേക്കുള്ള വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വാഷിംഗ്ടണ്ണില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ ഗതിയില്‍ യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ അതീവ സുരക്ഷയോടെയാണ് നടത്താറുള്ളതെങ്കിലും ക്യാപിറ്റോള്‍ ഹൌസിലേക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രതിഷേധ പ്രകടനം കലാപത്തിലേക്ക് വഴിമാറിയ സാഹചര്യത്തില്‍ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്.

യുഎസ് ക്യാപിറ്റല്‍ മൈതാനത്ത് പ്രാദേശിക സമയം രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ബൈഡന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി നാഷണല്‍ ഗാര്‍ഡിലെ 15,000 ത്തിലധികം ഉദ്യോഗസ്ഥരെയും വാഷിംഗ്ടണിലേക്ക് വിന്യസിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ്ജ് ഡബ്ല്യു ബുഷ് എന്നിവരും മുന്‍ പ്രഥമ വനിതകളായ മിഷേല്‍ ഒബാമയും ലോറ ബുഷും ചടങ്ങില്‍ പങ്കെടുക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരമാവധി ആളുകളെ ചുരുക്കിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജനുവരി ആറിനാണ് കാപ്പിറ്റോളിനെതിരായ ആക്രമണവും സായുധ പ്രതിഷേധവും രാജ്യത്ത് ഉടലെടുക്കുന്നത്. അഞ്ച് പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തന്റെ അനുകൂലികളെ അക്രമണത്തിന് ആഹ്വാനം ചെയ്ത് രാജ്യത്ത് കലാപം സൃഷ്ടിച്ചതിന്റെ പേരില്‍ ശക്തമായ വിമര്‍ശനമാണ് പ്രസിഡന്റ് ട്രംപിന് നേരിടേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്യുകയും ചെയ്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here