അമേരിക്കയുടെ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് അധികാരത്തിലേറുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് കോവിഡ് സാഹചര്യം കാരണമാണെന്ന് കമലയുടെ അമ്മാവനായ ഗോപാലന്‍ ബാലചന്ദ്രന്‍.  വാഷിംഗ്ടണില്‍ ലാന്റ് ചെയ്ത് കൊറോണ പിടിപെട്ടാല്‍ അത് അനാവശ്യമായ മാദ്ധ്യമശ്രദ്ധ നേടും. അത് ഒഴിവാക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കമലാ ഹാരിസിന്റെ ഇന്ത്യയിലുള്ള അമ്മാവനായ ഗോപാലന്‍ ബാലചന്ദ്രന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണം മാധ്യമങ്ങളോടാണ് വിശദീകരിച്ചത്.

കൊറോണ രോഗവ്യാപനവും പ്രതിരോധ വാക്‌സിനേഷനും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ വരുത്തിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും ഗോപാലന്‍ ബാലചന്ദ്രന്‍ പറഞ്ഞു. ഈ ദിവസത്തില്‍ കമലാ ഹാരിസിനോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ഇന്നത്തെ ദിവസം പ്രത്യേക സന്ദേശമൊന്നും നല്‍കേണ്ട കാര്യമില്ലെന്ന് അമ്മാവന്‍ പറഞ്ഞു.

അമേരിക്കന്‍ വൈസ് പ്രസിഡന്റാവാന്‍ കമലയെ താന്‍ സഹായിച്ചിട്ടില്ല. ഇതുവരെ കമലയുടെ അമ്മ പഠിപ്പിച്ചത് പോലെയാണ് അവള്‍ പ്രവര്‍ത്തിച്ചിരുന്നത്, അത് ഇനിയും തുടരണമെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. ഇത്രയും പ്രശ്‌നങ്ങള്‍ നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നു പുതിയ രാഷ്ട്രീയ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടതിന്റെ  ആവശ്യകതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വൈസ് പ്രസിഡന്റായി അധികാരത്തിലേറുന്ന കമലാ ഹാരിസിന് ആശംസകളര്‍പ്പിച്ചുകൊണ്ട് നിരവധി ആഘോഷങ്ങളാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. കമലാ ഹാരിസിന്റെ ചിത്രങ്ങള്‍ പതിപ്പിച്ച പോസ്റ്ററുകള്‍ എല്ലായിടത്തും പതിപ്പിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ കമലയുടെ വഴിപാടുകളും പൂജകളും നടക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here