പ്രതിസന്ധികളെ അതിജീവിക്കാന്‍ അമേരിക്കന്‍ ജനതയോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ബൈഡന്റെ ആദ്യ ട്വീറ്റ്. അമേരിക്കയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഏതാനും നിമിഷങ്ങള്‍ക്കുള്ളിലാണ് ബൈഡന്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് തന്റെ ആദ്യത്തെ ട്വീറ്റ് ചെയ്തത്. ‘നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ നേരിടുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് പാഴാക്കാന്‍ തീരെ സമയമില്ലെന്നും അതിനാലാണ് അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി ജോലി ചെയ്യുന്നതിനായി താന്‍ ഓവല്‍ ഓഫീസിലേക്ക് പോകുന്നതെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു.

അതേസമയം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പഴയ ഫോളോവേഴ്‌സിനെ മുഴുവന്‍ ട്വിറ്റര്‍ അധികൃതര്‍ നീക്കം ചെയ്തു. 46ാമത് പ്രസിഡന്റായി ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ട്വിറ്റര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ട് പുനക്രമീകരിച്ചു. ട്രംപ് ഭരണകാലത്ത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടില്‍ പഴയ ഫോളോവേഴ്‌സിനെ മുഴുവന്‍ റിമൂവ് ചെയ്തിട്ടാണ് അക്കൗണ്ട് പുനക്രമീകരിച്ചിരിക്കുന്നത്.

1.6 ദശലക്ഷം ഫോളോവേഴ്‌സാണ് അക്കൗണ്ടില്‍ നേരത്തേ ഉണ്ടായിരുന്നത്. എന്നാല്‍ സത്യപ്രതിജ്ഞയ്ക്കു ശേഷം ബുധനാഴ്ച ഉച്ചയോടെ ഒരു ഫോളോവര്‍ പോലുമില്ലാതെ മുഴുവനാളുകളേയും ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. റിമൂവ് ചെയ്യപ്പെട്ട ഫോളോവേഴ്‌സിന് പുതിയ അക്കൗണ്ട് പിന്തുടരുന്നതിനുള്ള അലേര്‍ട്ടുകള്‍ ലഭിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ജനുവരി ആറിന് കാപിറ്റോളില്‍ നടന്ന കലാപത്തെത്തുടര്‍ന്ന് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here