വാഷിങ്‌ടൺ: ഡോണൾഡ്‌ ട്രംപ്‌ സർക്കാരിന്റെ അവസാന രണ്ട്‌ മാസം അമേരിക്കൻ പ്രതിരോധവകുപ്പിൽ തിരക്കിട്ട്‌ നിയമിച്ചവരെയെല്ലാം പുതിയ സർക്കാർ പടിയിറക്കുന്നു. പെന്റഗണിലെ വിവിധ ഉപദേശക സമിതികളിൽ അംഗങ്ങളായ നൂറുകണക്കിന്‌ ട്രംപ്‌ അനുകൂലികളോട്‌ 16ന്‌ മുമ്പ്‌ രാജി വയ്‌ക്കാൻ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിൻ ആവശ്യപ്പെട്ടു.

2020 നവംബറിൽ പ്രതിരോധ സെക്രട്ടറി മാർക്ക്‌ എസ്പറെ പുറത്താക്കിയ ട്രംപ്‌, ക്രിസ്‌റ്റഫർ മില്ലർക്ക്‌ പകരംചുമതല നൽകിയിരുന്നു. ജനുവരിവരെയുള്ള കാലയളവിൽ പ്രതിരോധ നയ, ശാസ്ത്ര, ആരോഗ്യ, വാണിജ്യ ഉപദേശക സമിതികളിലെ നിരവധി ദീർഘകാല അംഗങ്ങളെ പുറത്താക്കിയ മില്ലർ പകരം ട്രംപ്‌ അനുകൂലികളെ തിരുകി കയറ്റി. ഇത്തരത്തിൽ നിയമിതരായ മുപ്പതിലധികം പേരോടാണ്‌‌ രാജി ആവശ്യപ്പെട്ടിരിക്കുന്നത്‌.

എല്ലാ ഉപദേശക സമിതികളുടെയും പ്രവർത്തനം പരിശോധന പൂർത്തിയാകുംവരെ റദ്ദാക്കുന്നതായി ലോയ്‌ഡ്‌ ചൊവ്വാഴ്ചയിറക്കിയ മെമോയിൽ പറയുന്നു. മുൻ പ്രതിരോധ സെക്രട്ടറി നിയമിച്ച എല്ലാവരും അടിയന്തരമായി രാജി സമർപ്പിക്കണം. ആകെയുള്ള 42 സമിതിയിൽ 31ലും ഈ പട്ടികയിലുള്ളവരുണ്ട്‌. മറ്റ്‌ നിയമനങ്ങൾ പരിശോധിച്ച്‌ തീരുമാനിക്കും.
പരിശോധന പൂർത്തിയാകുമ്പോൾ നൂറുകണക്കിന്‌ ട്രംപ്‌ അനുകൂലികൾക്ക്‌ രാജിവയ്‌ക്കേണ്ടിവരുമെന്ന്‌ പെന്റഗൺ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here