പി പി ചെറിയാന്‍ 

എഡിസണ്‍, ന്യു ജേഴ്സി: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്ന ഷാ എഡിസണിലെ മേയര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ഇന്ത്യന്‍- അമേരിക്കന്‍ ജനസംഖ്യ 30 ശതമാനത്തിലേറെയുള്ള അമേരിക്കയിലെ ഏക നഗരമാണ് എഡിസണ്‍. ന്യൂജേഴ്‌സിയുടെ അഞ്ചാമത്തെ വലിയ നഗരത്തെ നയിക്കാന്‍ പരിചയസമ്പന്നയായ ഡെമോക്രാറ്റാണ് താനെന്ന് മുന്‍ എഡിസണ്‍ ടൗണ്‍ഷിപ്പ് കൗണ്‍സിലറും വിദ്യാഭ്യാസ ബോര്‍ഡ് അംഗവുമായ ഷാ ചൂണ്ടിക്കാട്ടി.

നികുതി കൂട്ടാതെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പുതിയ വാണിജ്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള കാര്യക്ഷമവും സജീവവുമായ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കാനും ആയിരിക്കും മേയര്‍ സ്ഥാനത്തെത്തിയാല്‍ തന്റെ മുന്ഗണനയെന്ന് ഷാ വ്യക്തമാക്കി. തന്റെ നിയമപരമായ അനുഭവം, ബിസിനസ്സ് മാനേജുമെന്റ്, നേതൃത്വപരമായ കഴിവുകള്‍ തുടങ്ങിയവ എഡിസണിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ശക്തവും സമ്പന്നവുമായ ഒരു സ്ഥലമായി എഡിസണില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണെന്ന ആത്മവിശ്വാസത്തോടെയാണ് ഷാ കളത്തിലിറങ്ങുന്നത്.

നിലവില്‍ തോമസ് ലാങ്കിയാണ് നഗരത്തെ നയിക്കുന്നത്. എഡിസണിലെ 102,000 നിവാസികളില്‍ പകുതിയോളം ഏഷ്യക്കാരാണ്, അവരില്‍ തന്നെ നല്ലൊരു ശതമാനം ഇന്ത്യന്‍-അമേരിക്കന്‍ വംശജരാണ്. എഡിസന്റെ സാംസ്‌കാരികവും വംശീയവുമായ വൈവിധ്യം അതിനെ ഒരു അത്ഭുതകരമായ കമ്മ്യൂണിറ്റിയാക്കുന്നു എന്ന് അഭിപ്രായപ്പെട്ട ഷാ തന്റെ ലക്ഷ്യം സാംസ്‌കാരിക വിഭജനം നികത്താന്‍ കഴിയുന്ന മേയറാകണം എന്നതാണെന്ന് വ്യക്തമാക്കി. എല്ലാ നിവാസികളുടെയും ആവശ്യങ്ങള്‍ മനസിലാക്കുകയും നിറവേറ്റുകയും ചെയ്യുമെന്ന് അവര്‍ ഉറപ്പ് നല്‍കി.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here