പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ലൈംഗിക ആരോപണങ്ങള്‍ക്ക് വിധേയനായി അന്വേഷണങ്ങളെ നേരിടുന്ന ന്യുയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രു കുമെ രാജിവെക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു. ഒക്കേഷ്യ കോര്‍ട്ടസ്, ജെറി നാഡ്ലര്‍ ഉള്‍പ്പെടെ പത്ത് ന്യുയോര്‍ക്ക് ഡെമോക്രാറ്റിക്ക് കണ്‍ഗ്രഷണല്‍ ഡെലിഗേഷന്‍ മാര്‍ച്ച് 12 വെള്ളിയാഴ്ച ഗവര്‍ണ്ണറുടെ രാജി പരസ്യവുമായി ആവശ്യപ്പെട്ടു. ഈ ആഴ്ചയില്‍ പുറത്തുവന്ന രണ്ടാമത് ലൈംഗികാരോപണം വളരെ ഗുരുതരമാണെന്ന് ഒക്കേഷ്യ, ജമാല്‍ ബോവ്മാന്‍ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് -19 നെ തുടര്‍ന്ന് ന്യുയോര്‍ക്ക് നഴ്‌സിംഗ് ഹോമുകളില്‍ നടന്ന മരണത്തിന്റെ യഥാര്‍ത്ഥ സംഖ്യ ഗവര്‍ണ്ണര്‍ മറച്ചുവെച്ചു എന്ന റിപ്പോര്‍ട്ട് അറ്റോര്‍ണി ജനറല്‍ പുറത്തുവിട്ടതും വളരെ ഗൗരവമുള്ളതാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഞങ്ങള്‍ ഈ വനിതകളെ വിശ്വസിക്കുന്നു അവരുടെ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ ഗൗരവമായി കാണുന്നു അതേപോലെ അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനയും ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.

ഇത്തരം ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയനായ ഗവര്‍ണ്ണര്‍ക്ക് തന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ നിര്‍വഹിക്കാനാവില്ല. യു.എസ് കോണ്‍ഗ്രസ്സിന്റെ ഹൌസ് ജുഡീഷ്യറി കമ്മിറ്റിയുടെ അധ്യക്ഷനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തിച്ച ജെറി നാഡ്ലര്‍ ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ടത് ഭരണകക്ഷികളായ ഡെമോക്രാറ്റുകളെ പോലും അമ്പരപ്പിച്ചു. ഡെമോക്രാറ്റിക്ക് പ്രതിനിധി കാതലിന്‍ റൈസും (ലോംഗ് ഐലന്‍ഡ്) ഗവര്‍ണ്ണറുടെ രാജി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്തെല്ലാം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായാലും ഗവര്‍ണ്ണര്‍ പദവി രാജിവെക്കുന്നില്ല എന്നാണ് ആന്‍ഡ്രു കുമോ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here