ന്യൂജേഴ്സിയിലെ റോബിന്‍സ്വില്ലില്‍ ബിഎപിഎസ് ക്ഷേത്ര നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്ത് എഫ്ബിഐ റെയ്ഡ് നടത്തി. ബോചസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ അഥവാ ബാപ്‌സിന്റെ നേതൃത്വത്തില്‍ ക്ഷേത്ര നിര്‍മ്മിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ എത്തിച്ച് അര്‍ഹമായ പ്രതിഫലം നല്‍കിയില്ലെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് എഫ്ബിഐ സ്ഥലത്തെത്തി റെയ്ഡ് നടത്തിയത്. എഫ്ബിഐക്ക് പുറമെ മറ്റ് രണ്ട് ഫെഡറല്‍ വകുപ്പുകളായ ആഭ്യന്തര സുരക്ഷാ വകുപ്പും തൊഴില്‍ വകുപ്പും റെയ്ഡില്‍ പങ്കെടുത്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ഷേത്ര നിര്‍മ്മാണത്തിനായി ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ എത്തിച്ച് അര്‍ഹമായ വേതനം നല്‍കാതെ ദുരിതത്തിലാക്കുന്നതായുള്ള വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തൊഴില്‍, കുടിയേറ്റ നിയമങ്ങളുടെ കര്‍ശനമായ ലംഘനമാണ് നടക്കുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ഇന്ത്യയില്‍ നിന്നെത്തിച്ച തൊഴിലാളികളില്‍ ഭൂരിഭാഗവും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ആര്‍ -1 വിസകള്‍ എന്നുപറയപ്പെടുന്ന  മതപരമായ വിസകളിലാണ് ഇവരെ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിച്ചത്.

കൊത്തുപണി, അലങ്കാരപ്പണി എന്നിവയൊക്കെയാണ് ഇവരോട് യുഎസ് എംബസി സ്റ്റാഫിനോട് പറയാന്‍ നിര്‍ദ്ദേശിച്ചത്. തങ്ങള്‍ക്ക് ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അമേരിക്ക കാണാന്‍ കഴിയുമെന്നുമൊക്കെയുള്ള മോഹങ്ങളുമായാണ് സാധാരണക്കാരായ തൊഴിലാളികള്‍ അമേരിക്കയിലെത്തിയത്. എന്നാല്‍ തങ്ങളെ മൃഗങ്ങളെപ്പോലെയോ രോഗവും ക്ഷീണവും വരാത്ത യന്ത്രങ്ങളെപ്പോലെയോ പരിഗണിക്കുമെന്ന് അവര്‍ കരുതിയിരുന്നില്ലെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസത്തില്‍ പന്ത്രണ്ടോ പതിമൂന്നോ മണിക്കൂറാണ് ഇവരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ആഴ്ചയില്‍ ഏഴ് ദിവസവും നിര്‍ബന്ധമായും ജോലി ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. മണിക്കൂറിന് 1.20 ഡോളറാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. സംഭവം വാര്‍ത്തയായതോടെ ഇത് വിവാദമാകുകയും ഇതേത്തുടര്‍ന്ന് എഫ്ബിഐ അന്വേഷണത്തിനെത്തുകയും ചെയ്യുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here