അമേരിക്കയിലെ ഹൂസ്റ്റണില്‍ കാണാതായ വളര്‍ത്തു കടുവയെ കണ്ടെത്തി. കടുവ പൂര്‍ണ ആരോഗ്യവാനാണെന്നും ഹൂസ്റ്റണിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയെന്ന് പേരിട്ട് വിക്ടര്‍ ഹ്യൂഗോ കുവീയാസ് എന്ന യുവാവ് വീട്ടില്‍ വളര്‍ത്തിയിരുന്ന ബംഗാള്‍ കടുവയാണ് വീടുവിട്ട് ഇറങ്ങിപ്പോയത്. ടെക്സാസിലെ പടിഞ്ഞാറന്‍ ഹൂസ്റ്റണ്‍ പ്രദേശത്തുള്ള വീട്ടിലാണ് 26 കാരനായ യുവാവ് കടുവയെ വളര്‍ത്തിയിരുന്നത്. വീട്ടില്‍ നിന്ന് കടുവ റോഡിലേക്കിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് കടുവ എങ്ങോട്ടാണ് പോയതെന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.

കടുവയ്ക്ക് 9 മാസം മാത്രമേ പ്രായം ഉള്ളു. പൂര്‍ണമായി വളര്‍ന്ന ഒരു കടുവയ്ക്ക് 600 പൗണ്ട് വരെ ലഭിക്കും. അതിന് ആരെ വേണമെങ്കിലും ആക്രമിക്കാന്‍ സാധിക്കുമായിരുന്നെന്നും എന്നാല്‍ വീട്ടില്‍ വളര്‍ത്തിയതിനാല്‍ കടുവ ആരെയും ഉപദ്രവിച്ചില്ലെന്നും അധികൃതര്‍ പറയുന്നു. അടുത്ത ദിവസം തന്നെ കടുവയെ സാഞ്ച്വറിയിലേയ്ക്ക് മാറ്റും.

അതേസമയം കടുവയുടെ ഉടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈസന്‍സില്ലാതെയാണ് ഇയാള്‍ കടുവയെ വീട്ടില്‍ വളര്‍ത്തിയതെന്ന് പോലീസ് അറിയിച്ചു. കഴുത്തില്‍ ബല്‍റ്റ് ധരിച്ച കടുവയെ കണ്ടെന്നും പ്രദേശവാസികള്‍ ഭയന്ന് വീടുകളിലേക്ക് ഓടിക്കയറിയെന്നും പോലീസിനെ ഒരാള്‍ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. കടുവയെ കണ്ടു എന്ന് പറയുന്ന തരത്തില്‍ മുന്നൂറു ഫോണ്‍ കോളുകള്‍ ലഭിച്ചെന്നും അതനുസരിച്ചുള്ള അന്വേഷണം ഉടന്‍ വിജയം കാണുമെന്നും ഹൂസ്റ്റണ്‍ പോലീസ് കമാന്‍ഡര്‍ റോണ്‍ ബോര്‍സ അറിയിച്ചിരുന്നു.

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here