അമേരിക്കന്‍ ടെക് ഭീമന്‍ ഗൂഗിളിന് 81,810 ഡോളര്‍ പിഴ ചുമത്തി റഷ്യന്‍ കോടതി. നിരോധിത ഉള്ളടക്കം നീക്കം ചെയ്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ഗൂഗിളിന് പിഴ ചുമത്തിയിരിക്കുന്നത്. ജനുവരിയില്‍ ക്രെംലിന്‍ വിരുദ്ധ പ്രക്ഷോഭത്തിനുള്ള ടൂളുകളായി ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയില്‍ നിന്നുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കമ്പനികള്‍ ഇത് പാലിക്കുന്നില്ലെങ്കില്‍, പിഴകള്‍ നേരിടേണ്ടിവരുമെന്ന് റെഗുലേറ്റര്‍ റോസ്‌കോംനാഡ്‌സര്‍ പറഞ്ഞിരുന്നു. കൂടാതെ അവരുടെ സേവനങ്ങള്‍ തടസപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.

നിയമവിരുദ്ധമെന്ന് കരുതുന്ന ഓണ്‍ലൈന്‍ ഉള്ളടക്കം നീക്കംചെയ്യുകയോ അല്ലെങ്കില്‍ ക്രെംലിന്‍ അനുകൂല വസ്തുക്കള്‍ പുനസ്ഥാപിക്കുകയോ ചെയ്യണമെന്ന് റഷ്യയുടെ ഇന്റര്‍നെറ്റ് റെഗുലേറ്റര്‍ റോസ്‌കോംനാഡ്‌സര്‍ അടുത്തിടെ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഗൂഗിളിന് പിഴയിട്ടത്. ആയിരക്കണക്കിന് നിരോധിത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനായിരുന്നു ഇന്റര്‍നെറ്റ് റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചത്.

നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കമ്പനിയുടെ സേവനങ്ങളുടെ വേഗത കുറയ്ക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ചയാണ് റഷ്യന്‍ കോടതി ഇരു കമ്പനികള്‍ക്കും പിഴയിട്ടത്. കൂടാതെ വ്യാഴാഴ്ച റഷ്യയുടെ എല്ലാ ഉപയോക്താക്കളുടെയും വിവരങ്ങള്‍ ജൂലൈ 1ന് മുമ്പ് രാജ്യത്ത് തന്നെ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഇല്ലെങ്കില്‍ പിഴ നേരിടേണ്ടി വരുമെന്നും അറിയിച്ചിരുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here