ഹെയ്തി പ്രസിഡന്റ് ജൊവനേല്‍ മോസെയുടെ കൊലപാതകത്തിന് പിന്നില്‍ അമേരിക്കന്‍ വംശജരും ഉണ്ടെന്ന് പോലീസ്. പ്രസിഡന്റിന്റെ കൊലപാതകം സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 28 പേരടങ്ങിയ സംഘമാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇതില്‍ രണ്ട് പേര്‍ അമേരിക്കന്‍ വംശജരാണ്.

സംഘത്തിലെ 26 പേര്‍ കൊളംബിയന്‍ വംശജരാണ്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പോര്‍ട്ട് പ്രിന്‍സിലെ വസതിയില്‍ ആയുധധാരികള്‍ അതിക്രമിച്ച് കയറി പ്രസിഡന്റിനെ കൊലപ്പെടുത്തിയത്. അക്രമി സംഘം ജൊവനല്‍ മോസെയുടെ ഭാര്യയ്ക്ക് നേരെയും നിറയൊഴിച്ചു. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ചികിത്സയിലാണ്.

അക്രമിസംഘത്തിലെ നാല് പേരെ വെടിവെച്ചുകൊന്നുവെന്നും മറ്റ് രണ്ട് പേരെക്കൂടി പിടികൂടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അക്രമികളില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രസിഡന്റിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ അക്രമി സംഘം തടങ്കലിലാക്കിയ മൂന്ന് പോലിസുകാരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് പോലിസ് മേധാവി ലിയോണ്‍ ചാള്‍സ് വ്യക്തമാക്കി.

പ്രസിഡന്റിന്റെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സ്ഥിതിഗതികള്‍ പോലിസിന്റെയും സൈന്യത്തിന്റെയും നിയന്ത്രണത്തിലാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് വ്യക്തമാക്കി. അതേസമയം സാവനല്‍ മായിസിന്റെ ഏകാധിപത്യ ഭരണത്തില്‍ പ്രതിഷേധിച്ച് നേരത്തേ രാജ്യത്ത് നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും അദ്ദേഹത്തിന് നേരെ ആക്രമണം നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here