ലോകത്തിലെ ഏറ്റവും ഉന്നതമായ ഇരുപതു സര്‍വകലാശാലകളില്‍ പത്തെണ്ണം അമേരിക്കയിലാണ്. അമേരിക്കന്‍ ജനതയുടെ നാല്പത്തിരണ്ടര ശതമാനം പേര്‍ക്ക് കോളേജ് ബിരുദമുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്ക് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അഞ്ചാം സ്ഥാനമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അമേരിക്ക മുന്‍ നിരയിലാണെങ്കിലും അമേരിക്കന്‍ പ്രസിഡന്റാകാന്‍ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല. ഇതു വലുതായ സന്തോഷം തരുന്നെന്നു പറയാതെ വയ്യ; കാരണം, സാധാരണക്കാര്‍ക്കും പ്രസിഡന്റാകാമല്ലോ. അമേരിക്കന്‍ പ്രസിഡന്റാകാന്‍ മാത്രമല്ല, ഇന്ത്യയിലെ രാഷ്ട്രപതിയാകാനും വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല എന്ന കാര്യവും ഇവിടെ സ്മരിയ്ക്കുന്നു

ഔപചാരികവിദ്യാഭ്യാസം നേടാനാകാതെ പോയവരും മഹാന്മാരായെന്നു വരാം. മറുവശത്ത്, ഉന്നതവിദ്യാഭ്യാസം നേടിയാലും ചിലര്‍ മഹാന്മാരായില്ലെന്നും വരാം. അബ്രഹാം ലിങ്കനാണ് ഇതുവരെയുള്ള നാല്പത്തിനാല് അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും മഹാനായി കണക്കാക്കപ്പെടുന്നത്. ലിങ്കണൊരു ബിരുദധാരിയായിരുന്നില്ല. അദ്ദേഹത്തിന്റെ ഔപചാരിക സ്‌കൂള്‍വിദ്യാഭ്യാസവും ഹ്രസ്വമായിരുന്നു. ലിങ്കണിന്റെ മുന്‍ഗാമിയായിരുന്ന ജയിംസ് ബ്യുക്കാനന്‍ ഒരു കോളേജ് ബിരുദധാരിയായിരുന്നിട്ടും ഏറ്റവും മോശമായ പ്രസിഡന്റായി കണക്കാക്കപ്പെടുന്നു.

കോളേജു ബിരുദമില്ലാത്ത ഒടുവിലത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു, ഹാരി എസ് ട്രൂമാന്‍. രണ്ടാം ലോകമഹായുദ്ധം അവസാനിയ്ക്കുന്നതിനു തൊട്ടു മുമ്പ് അന്നത്തെ പ്രസിഡന്റായിരുന്ന ഫ്രാങ്കഌന്‍ ഡി റൂസ്‌വെല്‍റ്റ് നിര്യാതനായപ്പോള്‍ അന്നു വൈസ് പ്രസിഡന്റായിരുന്ന ട്രൂമാന്‍ പ്രസിഡന്റായി അധികാരമേറ്റു. കോളേജുബിരുദമില്ലാത്ത ട്രൂമാനെ പിന്താങ്ങാന്‍ ജനപ്രതിനിധിസഭകള്‍ പലപ്പോഴും വൈമുഖ്യം പ്രദര്‍ശിപ്പിച്ചു. എന്നാല്‍, കാലാവധി തീര്‍ന്നപ്പോള്‍ ട്രൂമാന്‍ പ്രസിഡന്റു സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുകയും, സ്വന്തം കഴിവുപയോഗിച്ചു പ്രശസ്തവിജയം നേടുകയും ചെയ്തു.

ട്രൂമാന്‍ പല നല്ല കാര്യങ്ങളും ചെയ്തു. വിവിധ സേനാവിഭാഗങ്ങളില്‍ നിലനിന്നിരുന്ന വര്‍ണവിവേചനം അവസാനിപ്പിച്ചതായിരുന്നു അവയിലൊന്ന്. പൗരാവകാശങ്ങള്‍ ഉറപ്പുവരുത്താനും അദ്ദേഹം മുന്‍കൈയെടുത്തു. ഇതിനൊക്കെപ്പുറമെ, യുദ്ധക്കെടുതികളില്‍പ്പെട്ടു വലഞ്ഞുകൊണ്ടിരുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ പുരോഗതിയുടെ പാതയിലെത്തിക്കുകയും ചെയ്തു, ബിരുദധാരിയല്ലാതിരുന്ന ട്രൂമാന്‍! നല്ല പ്രസിഡന്റാകാന്‍ ബിരുദം അനുപേക്ഷണീയമല്ലെന്നതിന് മറ്റു തെളിവുകള്‍ വേണ്ട.

അമേരിക്കന്‍ പ്രസിഡന്റാകാന്‍ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ലെന്നു പറഞ്ഞു. മറ്റെന്തെല്ലാം മാനദണ്ഡങ്ങളാണുള്ളത്? താരതമ്യേന നിസ്സാരം: പ്രസിഡന്റു സ്ഥാനാര്‍ത്ഥി സ്വാഭാവികപിറവിയെടുത്ത അമേരിക്കന്‍ പൗരനായിരിയ്ക്കണം, കഴിഞ്ഞ പതിന്നാലുവര്‍ഷമായി അമേരിക്കയില്‍ താമസിയ്ക്കുന്നയാളായിരിയ്ക്കണം, മുപ്പത്തഞ്ചു വയസ്സു തികഞ്ഞിരിയ്ക്കുകയും വേണം. തീര്‍ന്നു, നിബന്ധനകള്‍.

മുകളിലുപയോഗിച്ചിരിയ്ക്കുന്ന ‘പൗരന്‍’ എന്ന പദം പൗരന്മാരെ മാത്രമല്ല, പൗരകളേയും ഉദ്ദേശിച്ചുള്ളതാണ്. ഇതുവരെ ഒരു വനിത അമേരിക്കന്‍ പ്രസിഡന്റായിട്ടില്ലെങ്കിലും, വനിതകള്‍ക്കു പ്രസിഡന്റാകാന്‍ യാതൊരു തടസ്സവുമില്ല.

‘സ്വാഭാവികപിറവിയെടുത്ത അമേരിക്കന്‍ പൗരന്‍’ എന്ന പ്രയോഗം അല്പം വിശദീകരണമര്‍ഹിയ്ക്കുന്നു. പിറവിയെടുത്ത സ്ഥലത്തെപ്പറ്റി അഥവാ രാജ്യത്തെപ്പറ്റിയുള്ളതാണു സൂചന. രണ്ടു കൂട്ടര്‍ ഇതിലുള്‍പ്പെടുന്നു. ഒന്ന്, അമേരിക്കയില്‍ത്തന്നെ പിറന്ന് അമേരിക്കന്‍ പൗരരായിത്തീര്‍ന്നവര്‍. രണ്ട്, ഒരമേരിക്കന്‍ പൗരനോ പൗരയ്‌ക്കോ വിദേശത്തു വച്ചു പിറക്കുകയും, അമേരിക്കന്‍ പൗരനായിത്തീരുകയും ചെയ്ത കുഞ്ഞ്.

ജോലി, കച്ചവടം, വ്യവസായം എന്നിവ ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ അമേരിക്കയിലുണ്ട്. അവരില്‍ച്ചില ദമ്പതിമാരുമുണ്ടാകും. ഇന്ത്യന്‍ പൗരരായ ദമ്പതികള്‍ക്ക് അമേരിക്കയില്‍ വച്ച് ഒരു കുഞ്ഞു പിറക്കുന്നെന്നും, ആ കുഞ്ഞ് അമേരിക്കയില്‍ത്തന്നെ വളര്‍ന്നു വലുതായി അമേരിക്കന്‍ പൗരനാകുന്നെന്നും കരുതുക. ആ കുഞ്ഞിന് അമേരിക്കന്‍ പ്രസിഡന്റു സ്ഥാനാര്‍ത്ഥിയാകാമോ?

‘തീര്‍ച്ചയായും’ എന്നാണുത്തരം.

ഇന്ത്യയിലെ രാഷ്ട്രപതിയാകാനുള്ള നിബന്ധനകള്‍ ഇവയേക്കാള്‍ സങ്കീര്‍ണമാണെന്നു വേണം പറയാന്‍: ഇന്ത്യന്‍ പൗരനായിരിയ്ക്കണം, മുപ്പത്തഞ്ചു വയസ്സായിരിയ്ക്കണം, ലോക്‌സഭാംഗമാകാനുള്ള യോഗ്യതയുണ്ടായിരിയ്ക്കണം, ക്രിമിനല്‍ക്കുറ്റവാളിയായിരിയ്ക്കരുത്, പാപ്പരായിരിയ്ക്കരുത്; ഒരു നിബന്ധന കൂടിയുണ്ട്, അതുകൂടി കേട്ടോളൂ: ഭ്രാന്തുണ്ടായിരിയ്ക്കരുത്!

പാപ്പരായിരിയ്ക്കരുതെന്ന നിബന്ധന അമേരിക്കയിലുണ്ടായിരുന്നെങ്കില്‍ എബ്രഹാം ലിങ്കന്‍ പ്രസിഡന്റാകാനല്പം ബുദ്ധിമുട്ടിയേനേ: അദ്ദേഹം ബന്ധപ്പെട്ടിരുന്ന രണ്ടു സംരംഭങ്ങള്‍ പാപ്പരായിത്തീര്‍ന്നിരുന്നു. എന്നാലതൊന്നും ഏറ്റവും മഹാനായ പ്രസിഡന്റായിത്തീരാന്‍ അദ്ദേഹത്തിനു തടസ്സമായില്ല.

അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന രീതി നമ്മുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതില്‍ നിന്നല്പം വ്യത്യസ്തമാണ്. ആദ്യം നമ്മുടെ രീതിയെന്തെന്നു നോക്കാം.

ലോക്‌സഭ, രാജ്യസഭ, സംസ്ഥാനങ്ങളിലേയും ഡല്‍ഹി, പുതുച്ചേരി എന്നീ യൂണിയന്‍ ടെറിട്ടറികളിലേയും നിയമസഭകള്‍ ഈ സഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ വേണ്ടി വോട്ടുചെയ്യുന്നത്; അതായത് എം പിമാരും എം എല്‍ ഏമാരും. ലോക്‌സഭയിലും രാജ്യസഭയിലും മറ്റും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു വന്നെത്തിയ ചില അംഗങ്ങളുമുണ്ടാകാം; ഇവര്‍ക്കു രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാവില്ല.

2012ലായിരുന്നു, കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റുതെരഞ്ഞെടുപ്പ്. നമ്മുടെ രാഷ്ട്രപതിതെരഞ്ഞെടുപ്പും ആ വര്‍ഷം തന്നെ നടന്നു. പ്രണാബ് മുഖര്‍ജിയും പി ഏ സങ്മയുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇരുവര്‍ക്കും കിട്ടിയ വോട്ടുകളെത്രയെന്നു നോക്കാം.

പ്രണാബ് മുഖര്‍ജി:
എം പി വോട്ടുകള്‍ 373116
എം എല്‍ ഏ വോട്ടുകള്‍ 340647
ആകെ കിട്ടിയ വോട്ടുകള്‍ 713763

സങ്മ:
എം പി വോട്ടുകള്‍ 145848
എം എല്‍ ഏ വോട്ടുകള്‍ 170139
ആകെ കിട്ടിയ വോട്ടുകള്‍ 315987

സങ്മയേക്കാള്‍ 397776 വോട്ടു കൂടുതല്‍ മുഖര്‍ജിയ്ക്കു കിട്ടി, അദ്ദേഹം വിജയിയ്ക്കുകയും ചെയ്തു.

ഇരുവര്‍ക്കും കൂടി ആകെ കിട്ടിയ വോട്ടുകള്‍:
എം പി വോട്ടുകള്‍ 518964
എം എല്‍ ഏ വോട്ടുകള്‍ 510786

രണ്ടു സംശയങ്ങളുദിച്ചേയ്ക്കാം. സംശയം ഒന്ന്: 2012ല്‍ വോട്ടവകാശമുള്ള 543 എം പിമാര്‍ ലോക്‌സഭയിലും, 233 എം പിമാര്‍ രാജ്യസഭയിലുമുണ്ടായിരുന്നു; ആകെ 776 എം പിമാര്‍. കേവലം 776 എം പിമാര്‍ക്ക് അഞ്ചു ലക്ഷത്തിലേറെ (കൃത്യമായിപ്പറഞ്ഞാല്‍ 518964) വോട്ടുകള്‍ ചെയ്യാനായതെങ്ങനെ?

സംശയം രണ്ട്: സംസ്ഥാനങ്ങളിലും ഡല്‍ഹി, പുതുച്ചേരി എന്നീ യൂണിയന്‍ ടെറിട്ടറികളിലുമായി വോട്ടവകാശമുള്ള 4120 എം എല്‍ ഏമാര്‍ മാത്രമാണു 2012ലുണ്ടായിരുന്നത്. 4120 എം എല്‍ ഏമാര്‍ക്ക് അഞ്ചു ലക്ഷത്തിലേറെ (കൃത്യമായിപ്പറഞ്ഞാല്‍ 510786) വോട്ടുകള്‍ ചെയ്യാനായതെങ്ങനെ?

അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറയേണ്ടിടത്ത് ഇന്ത്യന്‍ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറഞ്ഞ്, വായനക്കാരുടെ സമയം പാഴാക്കുക മാത്രമല്ല, രണ്ടും കൂടി കൂട്ടിക്കുഴച്ച് ആകെ ‘കണ്‍ഫ്യൂഷനു’മാക്കുന്നതെന്തിന് എന്ന ചോദ്യമുയരാം. ചോദ്യം ന്യായമെങ്കിലും, ‘കൂട്ടിക്കുഴയ്ക്കാന്‍’ കാരണമുണ്ട്. അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും രാഷ്ട്രപതിതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും തമ്മില്‍ ചില സാദൃശ്യങ്ങളുണ്ട്. ഇവിടുത്തേതിനെപ്പറ്റി ചെറിയൊരു ഗ്രാഹ്യമുണ്ടെങ്കില്‍ അവിടുത്തേതു മനസ്സിലാക്കിയെടുക്കുന്നത് എളുപ്പമാകും.

മറ്റൊരു കാരണം കൂടിയുണ്ട്: ഇന്ത്യയില്‍ നിന്നു വളരെ, വളരെയകലെ, ഭൂഗോളത്തിന്റെ മറുവശത്തുകിടക്കുന്ന അമേരിക്കയിലെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു നാം മനസ്സിലാക്കിയെടുക്കുമ്പോളും, നമ്മുടെ സ്വന്തം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ എന്നൊരവസ്ഥയ്ക്കിടം കൊടുക്കരുതല്ലോ!

4120 എം എല്‍ ഏമാര്‍ക്ക് 510786 വോട്ടുകള്‍ ചെയ്യാനായതെങ്ങനെയെന്ന് ആദ്യം തന്നെ പരിശോധിയ്ക്കാം. കേരളത്തിലെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. കഴിഞ്ഞ രാഷ്ട്രപതിതെരഞ്ഞെടുപ്പു നടന്നപ്പോള്‍ കേരളനിയമസഭയില്‍ ആകെ 140 എം എല്‍ ഏമാരുണ്ടായിരുന്നു. കേരളത്തിലെ ജനസംഖ്യ 21347375. അതായത് 2.13 കോടി.

ഇതു കേള്‍ക്കുമ്പോഴേയ്ക്ക് ‘കേരളത്തിലെ ജനസംഖ്യ മൂന്നു കോടി കടന്നിട്ടു വര്‍ഷങ്ങളായ വിവരം ഇതുവരെ അറിഞ്ഞില്ലേ?’ എന്ന ചോദ്യമുയര്‍ത്താന്‍ വരട്ടെ. രാഷ്ട്രപതിതെരഞ്ഞെടുപ്പിനു വേണ്ടി 1971ലെ കാനേഷുമാരിയാണു കണക്കിലെടുക്കാറ്. 2011ല്‍ സെന്‍സസു നടന്നുകഴിഞ്ഞിരിയ്ക്കുന്ന നിലയ്ക്ക് അതനുസരിച്ചുള്ള, ഏറ്റവും പുതിയ ജനസംഖ്യ കണക്കിലെടുക്കുന്നതിനു പകരം നാല്പതു വര്‍ഷം പഴകിയ ജനസംഖ്യ എന്തുകൊണ്ടെടുക്കുന്നു? ഭരണഘടനയുടെ 1976ല്‍ പാസ്സാക്കിയ നാല്പത്തിരണ്ടാം ഭേദഗതിയും, 2002ല്‍ പ്രാബല്യത്തില്‍ വന്ന എണ്‍പത്തിനാലാം ഭേദഗതിയുമനുസരിച്ച് രാഷ്ട്രപതിതെരഞ്ഞെടുപ്പിന് 2026 വരെ 1971ലെ ജനസംഖ്യ പരിഗണിയ്ക്കുന്നതു തുടരും.

1971ലെ കാനേഷുമാരിയനുസരിച്ചു കേരളത്തിലെ ജനസംഖ്യ 2,13,47,375 ആയിരുന്നെന്നു സൂചിപ്പിച്ചുവല്ലോ. ഈ സംഖ്യയെ ആയിരം കൊണ്ടു ഭാഗിയ്ക്കുക. 21347375 ÷ 1000. ഉത്തരം 21347. ഉത്തരത്തെ എം എല്‍ ഏമാരുടെ എണ്ണം കൊണ്ടു ഭാഗിയ്ക്കുക. 21347 ÷ 140 = 152. 2012ലെ രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഓരോ എം എല്‍ ഏയുടേയും വോട്ടിന്റെ മൂല്യം 152 ആയിരുന്നു. കേരളത്തിലെ ഒരു എം എല്‍ ഏയുടെ വോട്ട് ഏതെങ്കിലുമൊരു രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയ്ക്കു കിട്ടിയാല്‍ ആ സ്ഥാനാര്‍ത്ഥിയ്ക്കു 152 വോട്ടു കിട്ടിയതായി കണക്കാക്കും.

ഇനി എം പി വോട്ടിന്റെ മൂല്യം കാണാം. അതിനായി കേരളത്തിലെ 140 എം എല്‍ ഏവോട്ടുകളുടെ ആകെ മൂല്യം കണ്ടെത്തണം: 152 ഃ 140 = 21280. അതായത്, 2012ല്‍ കേരളത്തിലുണ്ടായിരുന്ന 140 എം എല്‍ ഏവോട്ടുകളുടെ ആകെ മൂല്യം 21280. ഈ രീതിയില്‍ എല്ലാ സംസ്ഥാനങ്ങളിലേയും, ഡല്‍ഹി, പുതുച്ചേരി എന്നീ യൂണിയന്‍ ടെറിട്ടറികളിലേയും നിയമസഭകളിലെ എം എല്‍ ഏമാരുടെ വോട്ടുകളുടെ ആകെ മൂല്യം കണക്കാക്കിയെടുക്കണം. 2012ലിത് 549474 ആയിരുന്നു. ഇനി ഈ സംഖ്യയെ ലോക്‌സഭയിലേയും രാജ്യസഭയിലേയും വോട്ടവകാശമുള്ള എം പിമാരുടെ ആകെ എണ്ണം കൊണ്ടു ഭാഗിയ്ക്കുക. ലോക്‌സഭയില്‍ 543 എം പിമാര്‍; രാജ്യസഭയില്‍ 233 എം പിമാര്‍. ആകെ 776 എം പി മാര്‍. ഒരു എം പിവോട്ടിന്റെ മൂല്യം = 549474 ÷ 776 = 708.085; ദശാംശം കളയുമ്പോള്‍ 708.

776 എം പിമാരുടെ വോട്ടുകളുടെ ആകെ മൂല്യം = 708 ഃ 776 = 549408. എം എല്‍ ഏമാരുടേയും എം പി മാരുടേയും വോട്ടുകളുടെ ആകെ മൂല്യം = 549474 + 549408 = 1098882. ഈ ആകെ മൂല്യത്തില്‍ 713763 പ്രണാബ് മുഖര്‍ജിയ്ക്കും 315987 സങ്മയ്ക്കും കിട്ടി.

രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ രാജ്യത്തെ എം പിവോട്ടുകളുടെ ആകെ മൂല്യവും എം എല്‍ ഏ വോട്ടുകളുടെ ആകെ മൂല്യവും തുല്യമാണെന്നതാണ് ഈ കണക്കുകളില്‍ നിന്നു തെളിയുന്ന കൗതുകകരമായ വസ്തുത. പാര്‍ലമെന്റും നിയമസഭകളും തുല്യശക്തികളായതുകൊണ്ട് രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിന് ഏകപക്ഷീയമായൊരു തീരുമാനമെടുക്കാനാവില്ല; നിയമസഭകളുടെ പിന്തുണ കൂടിയേ തീരൂ. ഫെഡറലിസത്തിന്റെ അടിത്തറ ഈ സമതുലിതാവസ്ഥ തന്നെ.

മുകളില്‍ പരാമര്‍ശിച്ച തരത്തിലുള്ള, കേന്ദ്രജനപ്രതിനിധിസഭകളും സംസ്ഥാനതലത്തിലുള്ള ജനപ്രതിനിധിസഭകളും തമ്മിലുള്ള സമതുലിതാവസ്ഥ അമേരിക്കന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിലില്ലെന്നു മാത്രമല്ല, ആ സഭകള്‍ക്ക് പ്രസിഡന്റുതെരഞ്ഞെടുപ്പില്‍ നേരിട്ടൊരു പങ്കുമില്ല. ഇന്ത്യന്‍ രീതിയില്‍ നിന്നുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങളിലൊന്ന് ഇതാണ്. അമേരിക്കന്‍ പ്രസിഡന്റുതെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശദവിവരങ്ങളിലേയ്ക്കു കടക്കും മുന്‍പ്, അതിലുള്ള, പ്രകടമായൊരു വൈരുദ്ധ്യത്തെപ്പറ്റി പറയാം; പ്രക്രിയ കൂടുതല്‍ മനസ്സിലാക്കാനതു സഹായകമാകും.

രണ്ടായിരാമാണ്ടില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുഖ്യമായും രണ്ടു സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്: ഡെമൊക്രാറ്റിക് പാര്‍ട്ടിസ്ഥാനാര്‍ത്ഥി അല്‍ ഗോര്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ല്യു ബുഷ്. ഇരുവര്‍ക്കും കിട്ടിയ വോട്ടുകളെത്രയെന്നു നോക്കാം:

അല്‍ ഗോര്‍ 5 കോടി 9 ലക്ഷം വോട്ട്
ജോര്‍ജ് ബുഷ് – 5 കോടി 4 ലക്ഷം വോട്ട്

അല്‍ ഗോറിനു ബുഷിനേക്കാള്‍ അഞ്ചുലക്ഷത്തിലേറെ വോട്ട് അധികം കിട്ടി. എന്നിട്ടും വിജയിയായി പ്രഖ്യാപിയ്ക്കപ്പെട്ടത് ബുഷായിരുന്നു. ബുഷ് പ്രസിഡന്റാകുകയും ചെയ്തു. കൂടുതല്‍ വോട്ടു കിട്ടിയ സ്ഥാനാര്‍ത്ഥി തോറ്റു, കുറഞ്ഞ വോട്ടു കിട്ടിയ സ്ഥാനാര്‍ത്ഥി ജയിച്ചു; ഈ വൈരുദ്ധ്യം എങ്ങനെ സംഭവിച്ചു?

ഇത് അടുത്ത അദ്ധ്യായത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here