പ്രശസ്ത പോപ് ഗായിക ബ്രിട്ട്നി സ്പിയേഴ്സിന്റെ സ്വത്തുക്കള്‍ നോക്കി നടത്തുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുന്നതായി പിതാവ് ജാമി സ്പിയേഴ്‌സ്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നും സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനുള്ള കണ്‍സര്‍വേറ്റര്‍ ചുമതലയില്‍ താന്‍ സ്വയം പിന്മാറുകയാണെന്നും ജാമി സ്പിയേഴ്‌സ് വ്യക്തമാക്കി.

ചെറുപ്രായത്തില്‍ തന്നെ പോപ് ഗാന രംഗത്ത് പ്രശസ്തയായ താരമാണ് ബ്രിട്ട്ണി സ്പിയേഴ്‌സ്. സമ്പത്ത് കുന്നുകൂടിയതോടെ മാനസിക സംഘര്‍ഷം അധികരിച്ചുവെന്നും സ്വത്തുവകകള്‍ നോക്കി നടത്താന്‍ മകള്‍ക്ക് കഴിയില്ലെന്നും ചൂണ്ടിക്കാട്ടി സ്വത്തുക്കള്‍ സംരക്ഷിക്കാനായി കണ്‍സര്‍വേറ്റര്‍ ചുമതല നല്‍കണമെന്ന് 2008ലാണ് ജാമി കോടതിയില്‍ ആവശ്യപ്പെട്ടത്. ആവശ്യം പരിഗണിച്ച കോടതി ഇദ്ദേഹത്തിന് കണ്‍സര്‍വേറ്റര്‍ ചുമതല നല്‍കി.

എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ പിതാവും മകളും തമ്മില്‍ കലഹമുണ്ടാകുകയും തന്റെ സ്വത്തുക്കള്‍ നോക്കി നടത്താന്‍ തനിക്കറിയാമെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ട്‌നി സ്പിയേഴ്‌സ് കോടതിയെ സമീപിക്കുകയും ചെയ്തു. ജാമിയുടെ കൈവശമുള്ള എസ്റ്റേറ്റും മറ്റ് സൗകര്യങ്ങളും താനറിയാതെ മറ്റ് പലരും ദുരുപയോഗം ചെയ്യുന്നുവെന്നും ബ്രിട്ട്നി കോടതിയില്‍ പരാതി നല്‍കിയിരുന്നു.

മകളുടെ പേരിലുള്ള ഒരു രൂപ പോലും താന്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ ജാമി സ്പിയേഴ്‌സ് കണ്‍സര്‍വേറ്റര്‍ സ്ഥാനം സ്വയം ഒഴിയുകയാണെന്നും വ്യക്തമാക്കുകയായിരുന്നു. 13 വര്‍ഷത്തിന് ശേഷമാണ് ജാമി സ്പിയേഴ്‌സ് സ്വത്തുവകകള്‍ നോക്കി നടത്തുന്ന ചുമതല ഒഴിഞ്ഞത്. 39 കാരിയാണ് ബ്രിട്ട്‌നി സ്പിയേഴ്‌സ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here