നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഘ്പരിവാര്‍ നിയന്ത്രിത ഭരണം സമൂഹത്തില്‍ ഏല്പ്പിക്കുന്ന ആഘാതങ്ങള്മൂലം പുളയുകയാണു രാജ്യം. മോദിഭരണത്തില് എന്തുമാവാമെന്ന അഹന്തയില്‍ രാജ്യമെങ്ങും ഫാസിസ്റ്റ് സംഘങ്ങള് അഴിഞ്ഞാടുകയാണ്.

ആഹാരത്തിന്റെയും ആചാരത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ പാവങ്ങളെ തല്ലിയും ചുട്ടും കൊല്ലുന്ന വാര്ത്തകള് ദിനംപ്രതി പുറത്തുവരുന്നു. ജനാധിപത്യത്തിന്റെ അടിക്കല്ലുകളായ വിയോജിപ്പുകളെ ക്രൂരമായി നേരിടുന്നു. നമ്മുടെ പൂര്വികര് രക്തവും ജീവനും നല്കി നേടിയെടുത്ത മതേതര, ജനാധിപത്യാവകാശങ്ങളെ ഫാസിസ്റ്റുകള് ചവിട്ടിയരയ്ക്കുമ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത അസ്ഥയായിരുന്നു. ആ ചുമതല നിര്വഹിക്കേണ്ട പ്രതിപക്ഷം എവിടെപ്പോയെന്നോര്ത്തു വേവലാതിപ്പെടുകയായിരുന്നു സമാധാനകാംക്ഷികളായ സാധാരണക്കാര്‍.

രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും അക്രമങ്ങളിലും പ്രതിഷേധിച്ചു കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും ഉപാധ്യക്ഷന് രാഹുല്ഗാന്ധിയുടെയും നേതൃത്വത്തില് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അഭിനന്ദനാര്‍ഹാമാണ്.

കേന്ദ്രഭരണകൂടത്തില് വളരെ ഉത്തരവാദിത്വമുള്ളവര്തന്നെ രാജ്യത്തു വെറുപ്പും വിദ്വേഷവും ഭിന്നിപ്പും വളര്ത്തുന്ന തരത്തില് നടത്തുന്ന പ്രസ്താവനകളില് ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്ന സൂചനകളാണ് അദ്ദേഹം നല്കുന്നത് . . ജനതയെ ഭിന്നിപ്പിച്ചു രാജ്യത്തെ അസ്ഥിരതയിലേയ്ക്കു നയിക്കുന്ന ഭരണപക്ഷത്തിന്റെ നിലപാടുകള്‌ക്കെതിരേ കോണ്ഗ്രസ് ശക്തമായി രംഗത്തുവരുമെന്ന പ്രതീക്ഷ ജനങ്ങളില് സൃഷ്ടിക്കുന്നതാണ് ഈ നീക്കം.

സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്കിയ പ്രസ്ഥാനമെന്നനിലയില് ഇത്തരമൊരു മുന്നേറ്റത്തിന്റെ ഒന്നാംനിരയില് നില്ക്കാന് മറ്റാരെക്കാളും ബാധ്യതയുള്ള പ്രസ്ഥാനമാണു കോണ്ഗ്രസ്. ആ ബാധ്യത അവര് ആത്മാര്ഥതയോടെ നിറവേറ്റുകയാണെങ്കില് ജനം ഇനിയും ആ പ്രസ്ഥാനത്തോടൊപ്പം നിലകൊള്ളുമെന്നുറപ്പാണ്.

ദീര്ഘകാലം രാജ്യം ഭരിച്ച കോണ്ഗ്രസിനു പറ്റിയ വീഴ്ചകളില്‌നിന്നാണു സംഘ്പരിവാര് പോലുള്ള ജനാധിപത്യവിരുദ്ധശക്തികള് ഊര്ജം വലിച്ചെടുത്തു വളര്ന്നുപന്തലിച്ചത്. ആ വളര്ച്ചതന്നെ ശാശ്വതമല്ലെന്നു വ്യക്തവുമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില് ബി.ജെ.പിക്കു ലഭിച്ച ഭൂരിപക്ഷം ആ പാര്ട്ടിയുടെ നയങ്ങള്ക്കു ലഭിച്ച ജനസമ്മതിയായിരുന്നില്ലെന്നതും മറിച്ച്, യു.പി.എ ഭരണത്തില് നടന്ന അഴിമതികളോട് ഇന്ത്യന് ജനത പ്രകടിപ്പിച്ച പ്രതിഷേധമായിരുന്നെന്നതും പകല്‌പോലെ വ്യക്തം. അതു തിരിച്ചറിയാന് വൈകിയെന്ന തെറ്റാണ് ഇപ്പോള് കോണ്ഗ്രസ് തിരുത്താനൊരുങ്ങുന്നത്.

എന്തൊക്കെ തകരാറുണ്ടെന്നാലും ഇന്ത്യന് സമൂഹത്തിന്റെ വൈവിധ്യങ്ങളെ ഉള്‌ക്കൊണ്ടു ദേശീയതലത്തില് ജനങ്ങളെ നയിക്കാന് കെല്പ്പുള്ള രാഷ്ട്രീയപ്രസ്ഥാനം കോണ്ഗ്രസ് തന്നെയാണ്. ആ ബാധ്യതയില്‌നിന്നു വ്യതിചലിച്ച ഘട്ടങ്ങളിലെല്ലാം കോണ്ഗ്രസിനെ ഇന്ത്യന് ജനത ബാലറ്റിലൂടെ ശിക്ഷിച്ചിട്ടുണ്ട്. എന്നാല്, കോണ്ഗ്രസിനോടുള്ള ശാശ്വതമായ വെറുപ്പല്ല, മറിച്ച് തെറ്റുതിരുത്താനുള്ള ഷോക്ക് ട്രീറ്റ്‌മെന്റായിരുന്നു ആ ജനവിധികള്. അത്തരം തിരിച്ചടികളില്‌നിന്നു പാഠമുള്‍ക്കൊണ്ടു വര്ധിതവീര്യത്തോടെ ഉയിര്‌ത്തെഴുന്നേറ്റ ചരിത്രമാണു പാര്ട്ടിക്കുള്ളത്.

ഓരോ വീഴ്ചയിലും ജനവികാരം തിരിച്ചറിഞ്ഞു പ്രവര്ത്തിക്കാന് മുന്കാലനേതാക്കള്ക്കു സാധിച്ചതുകൊണ്ടാണ് അതു സാധ്യമായത്. ആ ചരിത്രപാഠങ്ങള് ഉള്‌ക്കൊള്ളാന് പുതിയനേതൃത്വം തയാറാകേണ്ടതുണ്ട്. അതിനുവേണ്ടിയായിരിക്കണം നേതൃത്വം ഇനി സമയം ചെലവഴിക്കേണ്ടത്.

മതേതര, ജനാധിപത്യ മൂല്യങ്ങളോടു പ്രതിബദ്ധത പുലര്ത്തിക്കൊണ്ടു സത്യസന്ധതയോടെ ജനങ്ങള്ക്കുവേണ്ടി പ്രവര്ത്തിക്കാന് നേതാക്കള് തയാറായാല് കോണ്ഗ്രസിനു ശക്തമായൊരു തിരിച്ചുവരവു സാധ്യമാണെന്നുറപ്പാണ്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്ക്കാര് അധികാരത്തിലെത്തിയാല് തങ്ങളുടെ ഭാവിയെന്താകുമെന്ന ആശങ്കപ്പെട്ടിരുന്ന വലിയൊരു ജനവിഭാഗത്തിന്റെ ചങ്കിടിപ്പുകൂട്ടുന്ന നിലപാടുകളാണ് ഭരണത്തിലേറിയ മോദിയില് ഇന്നുവരെ നിന്നുണ്ടായത്. ഞാഞ്ഞൂല് വരെ പത്തിവിടര്ത്തുന്നുവെന്ന സാഹചര്യത്തിലേക്ക് തീവ്ര ഹിന്ദുത്വവാദികള് അഴിഞ്ഞാടുമ്പോള് പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയും അണികള്ക്ക് രണ്ടാംനിര നേതാക്കള് വഴി പ്രോത്സാഹനവും നല്കുകയുമായിരുന്നു.

വര്ഗീയ നിലപാടുകള് മാറ്റിവച്ചാല് പോലും മോദിയില് നിന്നും ചില അത്ഭുതങ്ങളൊക്കെ നമ്മുടെ സാധാരണക്കാര് വരെ പ്രതീക്ഷിച്ചിരുന്നു. അഴിമതിയില്ലാത്ത, ജനക്ഷേമകരമായ ഭരണം ഉണ്ടാകുമെന്ന പ്രതീക്ഷ പ്രതിപക്ഷത്തുള്ളവര്‌പോലും രഹസ്യമായി പങ്കുവച്ചു. എന്നാല് രണ്ടു വര്ഷം പിന്നിട്ട മോദിസര്ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില് എണ്ണിപ്പറയാവുന്നത് ജനങ്ങളെ ജാതിയുടേയും ഉപജാതികളുടേയും എന്തിനേറെ പോത്തിന്റേയും പശുവിന്റേയും പോലും പേരില് വിഭജിച്ച് നിര്ത്തുന്ന സര്ക്കാരിന്റെ നടുക്കുന്ന നടപടികളാണ്.

നാല്ക്കാലികളുടെ പേരുപറഞ്ഞ് നിരപരാധികളെ നിഷ്ഠൂരമായി തല്ലിക്കൊല്ലുകയും അക്രമിക്കുകയും ചെയ്യുമ്പോഴും വിദേശ രാജ്യങ്ങളില് കറങ്ങിനടക്കുന്ന പ്രധാനമന്ത്രി ഇതേക്കുറിച്ച് ആലങ്കാരികമായാണ് പ്രതികരിച്ചിരുന്നത്. വിദ്യാഭ്യാസം ഇല്ലെങ്കിലും വിലകൂടിയ ഉടുപ്പുകള് അണിഞ്ഞില്ലെങ്കിലും ഇന്ത്യയിലെ സാധാരണക്കാര്ക്ക് തിരിച്ചറിവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് മോദി തിരിച്ചറിയാതെ പോയതാണ് യു.പി യില്‍ ഈയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില് ബി.ജെ.പിക്ക് ലഭിച്ച കനത്ത തിരിച്ചടി വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലും മോദി ദത്തെടുത്ത ജയാപുര് ഗ്രാമത്തിലും ബി.ജെ.പി തോറ്റുവെന്നത് മോദിക്കുള്ള മുന്നറിയിപ്പ് സന്ദേശമായി ഇതുവരെ അദ്ദേഹം കണ്ടിട്ടില്ല.

ഹിന്ദുത്വം പറഞ്ഞുതന്നെ മുമ്പ് ഭരണത്തിലേറിയ അടല്ബിഹാരി വാജ്‌പേയ് ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിമാരില് ഒരാളാണെന്ന് ഇന്ത്യയിലെ ജനവിഭാഗങ്ങള് അംഗീകരിക്കുമ്പോഴാണ് മോദിയുടെ ഭരണത്തിന്കീഴില് വര്ഗീയതയും ജാതീയതയും തഴച്ചുവളര്ന്നിരിക്കുന്നുവെന്ന് ജനം തിരിച്ചറിയുന്നത്. പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ആട്ടിറച്ചി കഴിച്ചവനെ തല്ലിക്കൊല്ലുമ്പോഴും ബി.ജെ.പി ഭരണകൂടം അതിനെ ന്യായീകരിക്കാനും നിസാരവത്കരിക്കാനുമാണ് ശ്രമിച്ചത്. ഈ സാഹചര്യത്തില്‍ നരേന്ദ്രമോദി ആത്മപരിശോധന നടത്തേണ്ടത്. ഇനിയും തെറ്റുതിരുത്താന് സമയമുണ്ട്.

ബഹുസ്വര സമൂഹത്തില് സ്വീകരിക്കേണ്ട നിലപാടുകളും കാഴ്ചപ്പാടുകളും പുനഃപരിശോധന നടത്തി മതേതര ഇന്ത്യയിലെ മുഴുവന്ജനങ്ങളേയും വിശ്വാസത്തിലെടുത്തുള്ള നയങ്ങളും തീരുമാനങ്ങളും സ്വീകരിക്കാനായാല് മോദിക്ക് തീര്ച്ചയായും ഇന്ത്യയിലെ മികച്ച പ്രധാനമന്ത്രിമാരില് ഇടംനേടാം. അതിന് കൂടെയുള്ള ഉപദേശികളായ ഉപചാപകസംഘത്തിന്റെ തടവറയില് നിന്നും അസഹിഷ്ണുതാ മനോഭാവത്തില് നിന്നും പുറത്തുവരികയാണ് ആദ്യം വേണ്ടത്.

(തു­ട­രും….)
(ഐ.എന്‍.ഒ.സി ന്യു യോര്‍ക്ക് ചാപ്ടര്‍ പ്രസിഡന്റാണു ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here