പി പി ചെറിയാന്‍

ഫ്ളോറിഡാ: ഫ്ളോറിഡാ സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ചതിനുശേഷം ആദ്യമായി 901 പേര്‍ ഒരൊറ്റ ദിവസം കോവിഡ് ബാധിച്ച് മരിച്ചതായി സി.ഡി.സി.യുടെ കോവിഡ് ഡാറ്റായില്‍ ചൂണ്ടികാണിക്കുന്നു. ആഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് 21765 പുതിയ കോവിഡ് കേസ്സുകള്‍ സ്ഥിരീകരിക്കുകയും 901 പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തതായി സി.ഡി.സി. ഡാറ്റാ ഉദ്ധരിച്ച് ‘മയാമി ഹെതല്‍സ്’ റിപ്പോര്‍ട്ട് ചെയ്തു.

ഭൂരിപക്ഷ മരണവും ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനത്തെ തുടര്‍ന്നാണ്. കോവിഡിനെ തുടര്‍ന്ന് ആഗസ്റ്റ് 23 തിങ്കളാഴ്ച സംസ്ഥാനത്ത് 726 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതൊടെ സംസ്ഥാനത്തു ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3151909 ആയി ഉയര്‍ന്നു. മരണം 43632 ആയിട്ടുണ്ട്.

അതേസമയം അര്‍ഹരായി 11138433 പേര്‍ക്ക് (സംസ്ഥാനത്തെ ജനസംഖ്യയില്‍ 51.90%) ഇതുവരെ രണ്ടു ഡോസ് വാക്സിന്‍ നല്‍കി കഴിഞ്ഞതായി സി.ഡി.സി.യുടെ അറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച്ച 16833 പേരെ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 3688 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ്. സംസ്ഥാനത്തെ 256 ആശുപത്രികളില്‍ ലഭ്യമായ ഐ.സി.യു ബഡ്ഡുകളില്‍ 55.28% ബഡ്ഡുകളിലും കോവിഡ് രോഗികളാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here