ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ അഖില ലോക പ്രാര്‍ത്ഥദിനം ആചരിച്ചു.

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടന്ന പ്രത്യേക ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഹൂസ്റ്റണിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വനിതകള്‍ പങ്കെടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിവിധ പാരമ്പര്യങ്ങളില്‍പ്പെട്ട ക്രിസ്തീയ വനിതകള്‍ എല്ലാ വര്‍ഷവും ഒരു പ്രത്യേക ദിനം പ്രാര്‍ത്ഥനാദിനമായി ആചരിയ്ക്കുന്നു. 170 ല്‍ പരം രാജ്യങ്ങളില്‍ ഇരുന്നുകൊണ്ട് അവര്‍ പ്രാര്‍ത്ഥനയില്‍ ഒന്നാകുന്നു.

മാര്‍ച്ച് 6ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ചു നടന്ന പ്രാര്‍ത്ഥനാദിന സമ്മേളനത്തിനു ട്രിനിററി മാര്‍ത്തോമ്മാ സേവികാസംഘം ആതിഥേയത്വം വഹിച്ചു.

ട്രിനിറ്റി ഇടവക അസിസ്റ്റന്റ് വികാരി റവ.മാത്യൂസ് ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരാധന ആരംഭിച്ചു. സിഎസ്‌ഐ, ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ, ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകകളിലെ വനിതകള്‍ ആരാധനയ്ക്കു നേതൃത്വം നല്‍കി.

ട്രിനിറ്റി ഇടവക സേവികാസംഘം സെക്രട്ടറി ഷെറി ജെറി സ്വാഗതം ആശംസിച്ചു. അഖിലലോക പ്രാര്‍ത്ഥനാദിനത്തിന്റെ പ്രസക്തിയെപ്പറ്റി മറിയാമ്മ തോമസ് ആമുഖ അവതരണം നടത്തി. തുടര്‍ന്ന് സെന്റ് ജെയിംസ് ക്‌നാനായ ഇടവക വികാരിയും, എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ വൈസ് പ്രസിഡന്റുമായ റവ.ഫാ. ഏബ്രഹാം സഖറിയാ വചന ശുശ്രൂഷ നടത്തി.

ഈ വര്‍ഷത്തെ ചിന്താവിഷയമായ ‘ശിശുക്കളെ എന്റെ അടുക്കല്‍ വരുവിന്‍ വിടുവിന്‍, അവരെ തടയരുത്, ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരു നാളും അതില്‍ കടക്കയില്ല’ എന്ന വാക്യത്തെ ആധികരിച്ച് ചിന്തോദീപകമായ ധ്യാനത്തിന് നേതൃത്വം നല്‍കിയ അച്ചന്‍, ശിശുക്കളെ പോലെ നിഷ്‌ക്കപടരാകുവാനും, നോമ്പുകാലങ്ങളില്‍ രഹസ്യപാപങ്ങളെ ദൈവ സന്നിധിയില്‍ ഏറ്റു പറഞ്ഞ്, ശിശുക്കളെ പോലെ നൈര്‍മ്മല്യമുള്ളവരായിതീരുവാനും ആഹ്വാനം ചെയ്തു. തടസങ്ങളെ അതിജീവിയ്ക്കുവാന്‍ നിരന്തരമായ ദൈവസാന്നിദ്ധ്യം സഹായിയ്ക്കട്ടെയെന്ന് അച്ചന്‍ ആശംസിച്ചു.

ക്യൂബയെ കേന്ദ്രീകരിച്ചുള്ള വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. ട്രിനിറ്റി സേവികാസംഘം, ക്യൂബന്‍ സംസ്‌ക്കാരത്തെ ആധാരമാക്കി അവതരിപ്പിച്ച സ്‌കിറ്റും ശ്രദ്ധേയമായിരുന്നു.
ഐസിഇസിഎച്ച് സെക്രട്ടറി ഡോ.അന്നാ.കെ.ഫിലിപ്പ് നന്ദി അറിയിച്ചു. അന്നേദിവസം സ്വരൂപിച്ച സ്‌ത്രോത്രകാഴ്ച ക്യൂബന്‍ മിനിസ്ട്രിയ്ക്ക് വേണ്ടി നല്‍കി.

സമ്മേളനശേഷം വിഭവസമൃദ്ധമായ നാടന്‍ ഭക്ഷണവും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here