ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്തു സംസാരിച്ച സെപ്റ്റംബര്‍ 25ന് യുഎസ്എ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്, ഐക്യരാഷ്ട്ര സഭയുടെ മുന്നില്‍ പ്രതിഷേധ റാലി നടത്തി.

ഇന്ത്യന്‍ പ്രധാനമന്ത്രി യുഎസിലോ യുഎന്നിലോ സന്ദര്‍ശിക്കുന്നതിലും ലോക സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും, അദ്ദേഹത്തിന്റെ ഭരണദുര്‍വിനിയോഗം ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് അറിയിക്കേണ്ടത് അനിവാര്യമാണെന്ന് ‘ഐഒസിയുഎ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്ത രീതിയും ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രീതിയുമടങ്ങിയ മോദി സര്‍ക്കാരിന്റെ ഭരണത്തകര്‍ച്ചയെ അംഗീകരിക്കാനാവില്ല.

രാഷ്ട്രീയ സമാധാനവും സാമൂഹിക സൗഹാര്‍ദ്ദവും ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യയില്‍ യഥാര്‍ത്ഥ സാമ്പത്തിക പുരോഗതിയും സാമൂഹിക വികസനവും ഉണ്ടാകൂ. പ്രതിഷേധത്തിന്റെ സ്വരം എത്ര ദുര്‍ബലമാണെങ്കിലും നമുക്ക് ശബ്ദമുയര്‍ത്തുക തന്നെ ചെയ്യാം. പ്രതികരിക്കാതിരുന്നാല്‍ ഇന്ത്യ സ്വേച്ഛാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും തിരിഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നുവെന്ന് വരും തലമുറ നമ്മളോട് ചോദിക്കും. അബ്രഹാം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യയിലെ കര്‍ഷകര്‍ക്കൊപ്പം ഐഒസി യുഎസ്എ ഉറച്ചുനില്‍ക്കുമെന്ന് ഐഒസി യുഎസ്എ പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ഗില്‍സിയാന്‍ പറഞ്ഞു. അവരുടെ പരാതികളും ആശങ്കകളും മോദി സര്‍ക്കാര്‍ കേള്‍ക്കണം. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നതു വരെ അവര്‍ക്കുവേണ്ടി എന്‍ആര്‍ഐ ശബ്ദം ഉയരുമെന്ന് മോദി അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഗില്‍സിയാന്‍ പറഞ്ഞു.

പ്രധാനമന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്യരുതെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്നും തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ പരാതികള്‍ പരിഹരിക്കുന്നതിന് പകരം പീഡിപ്പിക്കരുതെന്നും സെക്രട്ടറി ജനറല്‍ ഹര്‍ബജന്‍ സിംഗ് പറഞ്ഞു. ലോക ചരിത്രത്തിലെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ സമാധാനപരമായ പ്രതിഷേധ റാലിയാണ് കര്‍ഷകര്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ സൂചിപ്പിക്കുന്ന നരേന്ദ്രമോദിക്കെതിരായവര്‍ ദേശ വിരുദ്ധരല്ല, നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ്, മതം, ജാതി, ഭാഷ എന്നിവ അടിസ്ഥാനമാക്കിയുള്ള വിവേചനം അവസാനിപ്പിക്കുക, ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്, ഐക്യരാഷ്ട്ര സഭയുടെ മുന്നില്‍ പ്രതിഷേധ റാലി നടത്തിയത്.

IOCUSA പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ഗില്‍സിയാന്‍, സെക്രട്ടറി ജനറല്‍ ഹര്‍ബച്ചന്‍ സിംഗ്, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ജനറല്‍ സെക്രട്ടറി ജോണ്‍ തോമസ്, വൈസ് പ്രസിഡന്റ് ശ്രീമതി ലീലാ മാരറ്റ്, കേരള ചാപ്റ്റര്‍ പ്രസിഡന്റ്, അമര്‍ സിംഗ് ഗുല്‍ഷന്‍, ഹരിയാന ചാപ്റ്റര്‍ പ്രസിഡന്റ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here