ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണറുടെ ഈ വര്‍ഷത്തെ അംഗീകാരം ഡോ. ആഞ്ചലാ സുരേഷിനെ തേടിയെത്തി. ടെക്‌സാസ് സംസ്ഥാനത്ത്, ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയില്‍ സ്ത്രീകള്‍ക്ക് വ്യക്തമായ പ്രവര്‍ത്തന സ്വാതന്ത്ര്യവും നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള അവസരവും ഉണ്ടാക്കുന്നതുവേണ്ടി എടുത്ത ധീരമായ പ്രവര്‍ത്തികള്‍ക്കാണ് മേയറുടെ ഈ അംഗീകാരത്തിന് ആഞ്ചല അര്‍ഹയായത്.

കൂടാതെ സംഘടനയില്‍ വരുന്ന സ്ത്രീകള്‍ക്കും ലൈംഗീക അക്രമത്തിന് വിധേയരായവര്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തുകയും അവരില്‍ ഒരാളായി നിന്നുകൊണ്ട് അവര്‍ക്കുവേണ്ടി സമൂഹമധ്യത്തില്‍ അവര്‍ക്ക് വേണ്ടി അധികാരികളോട് സംസാരിക്കുകയും ചെയ്തു. ഇങ്ങനെ ധീരമായ പ്രവര്‍ത്തികളിലൂടെ ഡോ. ആഞ്ചലാ സുരേഷ് പുതിയ തലമുറയ്ക്ക് ഒരു മാതൃകയാണെന്ന് മേയര്‍ സമ്മാനിച്ച പ്രശസ്തിപത്രത്തില്‍ എടുത്തുപറയുന്നു.

ഹ്യൂസ്റ്റന്‍ നഗരം ഇങ്ങനെയുള്ള അതിക്രമങ്ങള്‍ വളരെ ഗൗരവത്തോടുകൂടിയാണ് കാണുന്നതെന്നും, സംഘടനകള്‍ പ്രത്യേകിച്ച് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസഷനുകള്‍ (501 (സി) 3 സംഘടനകള്‍) ഈക്കാര്യങ്ങള്‍ അന്വേഷിച്ച് എല്ലാവര്‍ക്കും നിര്‍ഭയം ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കികൊടുക്കണം എന്ന് അംഗീകാരം കൈമാറിക്കൊണ്ട് എടുത്ത് പറയുകയുണ്ടായി. കൃത്യമായി ഇക്കാര്യങ്ങള്‍ അന്വേഷിച്ച് അതിന്റെ നിജസ്ഥിതികള്‍ അറിയുന്നതും വിലയിരുത്തുന്നതും സംഘടനകളുടെ ഭാവിയ്ക്കും ഗുഡ്വില്‍ കാത്തുസൂക്ഷിക്കുന്നതിനും വളരെ നല്ല ഒരു മാര്‍ഗ്ഗം ആണെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ നാലു വര്‍ഷമായി ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടായിട്ടുള്ള മോശം പ്രവണതകളെയാണ് ഡോ. ആഞ്ചലാ സുരേഷ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഒട്ടനവധി സ്ത്രീകള്‍ ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുവാന്‍ വന്നിട്ടുണ്ടെങ്കിലും അധികം താമസിയാതെ അവരെല്ലാം പ്രവര്‍ത്തനം മതിയാക്കി പോകുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. നിരവധി സ്ത്രീകള്‍ ഇതിനു മുന്‍പും സംഘടനയില്‍ പരാതി നല്‍കിയിട്ടും ഇതിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുമില്ല.

അതെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഇടപെടല്‍ മൂലം തേയ്ച് മായ്ച് കളയുവാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ട്. ആരെങ്കിലും പൊതുവായി പ്രതികരിച്ചാല്‍ അവരെയെല്ലാം മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന പ്രവണതയും നമ്മുടെ സാമൂഹത്തിന്റെ ഒരു കളങ്കമാണ്. ഇത്തരം സംഘടനകളിലെ കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലെ സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സമാനമയ അനുഭവം ഉള്ള നിരവധി സ്ത്രീകള്‍ മുന്നോട്ടുവന്നിട്ടുമുണ്ട്, കൂടാതെ നിരവധി സംഘടനകളും അവരുടെ സഹായങ്ങള്‍ ഇക്കാര്യത്തില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഘടനയുടെ മറവില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകളെ തുറന്നുകാട്ടുന്നവര്‍ക്ക് അഭിനന്ദനത്തിന്റെ അംഗീകാരം ലഭിക്കുന്നത് വളരെ വിരളമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here