അനില്‍ മറ്റത്തികുന്നേല്‍

ചിക്കാഗോ: നവംബര്‍ 11 മുതല്‍ 14 വരെ ഗ്ലെന്‍വ്യൂ റിനൈസന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മീഡിയാ കോണ്‍ഫ്രന്‍സില്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും ഉള്ള പ്രമുഖര്‍ പങ്കെടുക്കും.

കേരളാ ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, കേരളാ സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉടുമ്പന്‍ചോല എം എല്‍ എ എം എം മണി, മുന്‍ എം. പി. ചെറിയാന്‍ കാപ്പന്റെ മകനും പാലാ എം എല്‍ എ യും സിനിമാ നിര്‍മാതാവും, അഭിനേതാവുമായ മാണി സി കാപ്പന്‍, അങ്കമാലി എം എല്‍ എ റോജി എം ജോണ്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ജോണി ലൂക്കോസ് (മനോരമ ടിവി), കെ. എന്‍. ആര്‍. നമ്പൂതിരി (ജന്മഭൂമി), സിന്ധു സൂര്യകുമാര്‍ (ഏഷ്യാനെറ്റ്), ഡി പ്രമേഷ്‌കുമാര്‍ (മാതൃഭൂമി ടിവി), നിഷാ പുരുഷോത്തമന്‍ (മനോരമ ടിവി), ക്രിസ്റ്റീനാ ചെറിയാന്‍ (24 ന്യുസ്), പ്രതാപ് നായര്‍ (ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ), കെ ആന്റണി (മീഡിയ മാനേജ്മെന്റ്) തുടങ്ങിയ പ്രമുഖരാണ് എത്തുന്നത്.

കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് മധ്യകേരളത്തില്‍ സൗമ്യതകൊണ്ടും പ്രവര്‍ത്തനം കൊണ്ടും മികവ് തെളിയിക്കുകയും കേരളാകോണ്‍ഗ്രസിന്റെ യുവജന പ്രസ്ഥാനമായ യൂത്ത് ഫ്രണ്ടിലൂടെ വളര്‍ന്ന് ഇടുക്കി നിയമസഭാ മണ്ഡലത്തെ വര്ഷങ്ങളായി പ്രതിനിധീകരിക്കുകയും ചെയ്യുന്ന ജനകീയ നേതാവാണ് റോഷി അഗസ്റ്റിന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണിമാറ്റത്തിന് ശേഷവും ഇടുക്കി മണ്ഡലത്തെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് മന്ത്രിസഭയില്‍ ജലസേചന വകുപ്പില്‍ മികച്ച പ്രവര്‍ത്തനം നടത്തിവരുന്നു.

പിണറായി മന്ത്രിസഭയിലെ സൗമ്യനും കര്‍മ്മ നിരതനുമായ കൃഷി മന്ത്രി പി പ്രസാദ് വ്യകത്മായ കാഴ്ചപ്പാടുകള്‍ ഉള്ള ജനനേതാവാണ് . സി പി എം സ്ഥാനാര്‍ത്ഥിയായി ചേര്‍ത്തല മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തി മന്ത്രിയായ അദ്ദേഹം കേരളത്തിലെ അറിയപ്പെടുന്ന പരിതസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ്. നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ സമരത്തില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം കേരളത്തിലെ പ്‌ളാച്ചിമടയുള്‍പ്പെടെയുള്ള നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതു തലമുറയിലെ തീപ്പൊരി നേതാവും പ്രതിപക്ഷ നേതാവുമായ വി ഡി സതീശണ് വലിയ പ്രതീക്ഷകളുണര്‍ത്തുന്ന നായകനാണ്. നാലാം തവണയും പറവൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് എത്തിയ കോണ്‍ഗ്രസിന്റെ ഈ യുവതാരം പ്രതിപക്ഷ നേതാവായതോടെ പുതിയൊരു താരോദയത്തിന്റെ പ്രതീതിയാണ് ഉണ്ടായിട്ടുള്ളത്. നിയമസഭക്കകത്തും പുറത്തും തീപാറുന്ന പ്രസംഗങ്ങളോടെയും നിലപാടുകളോടെയും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച വി ഡി സതീശന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമാകും. നേരത്തെയും അദ്ദേഹം പ്രസ് ക്ലബ് കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു.

മൂന്നു എം എല്‍ മാര്‍ കൂടിയെത്തുന്നുണ്ട്. സാധാരണക്കാരന്റെ ഭാഷയില്‍ സാധാരക്കാരന് വേണ്ടി ശബ്ദമുയര്‍ത്തുന്ന മുന്‍ മന്ത്രി ഉടുമ്പഞ്ചോലയുടെ സ്വന്തം മണിയാശാന്‍ എന്നറിപ്പെടുന്ന എം.എം. മണി, പാലായിലെ വിജയത്തോടെ കേരള രാഷ്ട്രീയത്തില്‍ താരപരിവേഷമണിഞ്ഞ മാണി സി കാപ്പന്‍, അങ്കമാലിയില്‍ നിന്നും വിജയിച്ച യുവത്വത്തിന്റെ പ്രസരിപ്പുള്ള കോണ്ഗ്രന്‍സ് എം എല്‍ എ റോജി എം ജോണ്‍ എന്നിവരുടെ വരവിനായി അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുന്നു .

മാധ്യമ രംഗത്ത് നിന്ന് മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടറാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജോണി ലൂക്കോസ്. കെ. എന്‍. ആര്‍. നമ്പൂതിരി ജന്മഭൂമി ചീഫ് എഡിറ്ററും കേരളത്തിലെ സീനിയര്‍ പത്രപ്രവര്‍ത്തകരില്‍ ഒരാളുമാണ് . മലയാള മനോരമയില്‍ നിന്ന് 2017ല്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഗ്രേഡില്‍ സ്‌പോര്‍ട്‌സ് എഡിറ്റര്‍ ആയി വിരമിച്ച ശേഷമാണ് ജന്മഭൂമിയില്‍ എഡിറ്ററായത്. ഏഷ്യാനെറ്റ് ന്യൂസിന്റെ എക്‌സിക്യൂട്ടീവ് ന്യൂസ് എഡിറ്റര്‍ ആയ സിന്ധു സൂര്യകുമാര്‍ ‘കവര്‍ സ്റ്റോറി’ യിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ സുപരിചിതയാണ്.

മാതൃഭൂമി ന്യൂസ് ടെലിവിഷന്റെ എഡിറ്റര്‍ ഡി പ്രമേഷ് കുമാര്‍ ‘വക്ര ദൃഷ്ടി’ എന്ന പ്രോഗ്രാമിലൂടെ വളരെ ശ്രദ്ധേയനാണ്, മനോരമ ന്യൂസിന്റെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും, മലയാള ടെലിവിഷന്‍ ന്യൂസ് അവതാരകാരില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നവരില്‍ ഒരാളും കൂടിയായ നിഷാ പുരുഷോത്തമന്‍, 24 ന്യൂസ് ചീഫ് സബ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാന്‍, ഇപ്പോള്‍ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ചാനലുകളുടെ ഹെഡ് ഓഫ് പ്രോഗ്രാം ആന്‍ഡ് പ്രൊഡക്ഷന്‍സ് ആയ പ്രതാപ് നായര്‍., കൂടാതെ അറിയപ്പെടുന്ന മീഡിയ മാനേജ്മന്റ് വിദഗ്ധനും പ്രസാധകനുമായ കെ ആന്റണി എന്നിവരും കൂടി എത്തുന്നതോടെ ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സ് വ്യത്യസ്തമാകും

ഒരു നീണ്ട മഹാമാരിക്ക് ശേഷം നേരിട്ട് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മാധ്യമ പ്രവര്‍ത്തകരും ഒത്തു ചേരുന്ന ഒരു വലിയ വേദിയായി ഇത് മാറുമെന്നതും, കേരളത്തിലെ രാഷ്ട്രീയ – മാധ്യമ പ്രവര്‍ത്തകര്‍ എത്തുന്നത് തികച്ചും അഭിമാനകരം ആണെന്നു IPCNA നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി പ്രസിഡണ്ട് ബിജു കിഴക്കേക്കുട്ടും, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാറും ട്രഷറര്‍ ജീമോന്‍ ജോര്ജും പറഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ സാമൂഹ്യ സംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള നേതാക്കളും, മുഖ്യ ധാര മാധ്യമരംഗത്തുള്ളവരും പങ്കെടുക്കും എന്ന് ഭാരവാഹികള്‍ പറയുകയുണ്ടായി.

ഇതിനോടനുബന്ധിച്ചു കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയ മാധ്യമ ശ്രീ, മാധ്യമ രത്‌ന, മീഡിയ എക്സലന്‍സ് അവാര്‍ഡ് കൂടാതെ മറ്റു പ്രത്യേക അവാര്‍ഡുകളും നല്‍കും. ചിക്കാഗോയിലെ റെനൈസ്സന്‍സ് വേദിയില്‍ കോണ്‍ഫെറന്‍സിന്റെ ഗാല നൈറ്റില്‍ നിരവധി കലാപരിപാടികളും ഉണ്ടായിരിക്കും. ഇന്ത്യ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ ആതിഥേയത്വം വഹിക്കുന്ന ചടങ്ങിന് നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുക്കാന്‍ പിടിക്കും. ബിജു കിഴക്കേക്കുറ്റ്, സുനില്‍ ട്രൈസ്റ്റാര്‍, ജീമോന്‍ ജോര്‍ജ്, സുനില്‍ തൈമറ്റം, ബിജിലി ജോര്‍ജ്, ഷിജോ പൗലോസ്., സജി എബ്രഹാം, ബിനു ചിലമ്പത്തു കൂടാതെ അഡൈ്വസറി ബോര്‍ഡും മറ്റു ചാപ്റ്റര്‍ ഭാരവാഹികളും പ്രവര്‍ത്തന നിരതമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനില്‍ ട്രൈസ്റ്റാര്‍ (1-917-662-1122), ജീമോന്‍ ജോര്‍ജ്ജ് (1-267-970-4267) www.indiapressclub.org

LEAVE A REPLY

Please enter your comment!
Please enter your name here