പി പി ചെറിയാന്‍

വെര്‍മോണ്ട്: വെര്‍മോണ്ട് സുപ്രീം കോര്‍ട്ട് ജസ്റ്റിസ് ബെത്ത് റോബിന്‍സനെ സെക്കന്റ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജിയായി സെനറ്റ് അംഗീകരിച്ചു. യുഎസ് സെനറ്റില്‍ തിങ്കളാഴ്ച(ഒക്ടോബര്‍ 1) നടന്ന വോട്ടെടുപ്പില്‍ 45 നെതിരെ 51 വോട്ടുകളോടെയാണ് ബെത്തിന് അംഗീകാരം നല്‍കിയത്. ഓഗസ്റ്റിലാണ് ബൈഡന്‍ ഇവരെ നോമിനേറ്റ് ചെയ്തത്.

യുഎസ് ഫെഡറല്‍ സര്‍ക്യൂട്ട് കോടതിയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ലെസ്ബിയന്‍ വനിതാ ജഡ്ജിക്ക് നിയമനം നല്‍കുന്നത്. 56 വയസ്സുള്ള ബെത്ത് റോബിന്‍സണ്‍ 2011 മുതല്‍ വെര്‍മോണ്ട് സുപ്രീം കോടതി ജഡ്ജിയായിരുന്നു.ഗ്രീന്‍ മൗണ്ടന്‍ സംസ്ഥാനമായി അറിയപ്പെടുന്ന വെര്‍മോണ്ടില്‍ 2009 ല്‍ സ്വവര്‍ഗ വിവാഹത്തിനു അംഗീകാരം നല്‍കുന്നതിന് ബെത്ത് വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു.

ന്യൂയോര്‍ക്ക്, കണക്റ്റിക്കട്ട്, വെര്‍മോണ്ട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കേസ്സുകള്‍ ബെത്ത് നിയമിതമായിട്ടുള്ള സെക്കന്റ് സര്‍ക്യൂട്ട് കോര്‍ട്ടിലാണ്. വെര്‍മോണ്ട് ഗവര്‍ണര്‍ ഫില്‍ സ്‌ക്കോട്ട് ബെത്തിന്റെ നിയമനത്തെ അഭിനന്ദിച്ചു പ്രസ്താവനയിറക്കി.സംസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും സംരക്ഷിക്കുവാന്‍ ബെത്തിന്റെ നിയമനം ഉപകരിക്കുമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ബെത്തിന്റെ ആദ്യ കേസ് കേള്‍ക്കുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here