കൊച്ചി: മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ പോലീസ് പരിശോധന. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 എന്ന ഹോട്ടലിലാണ് പൊലീസ് പരിശോധന നടത്തിയത്. ഈ ഹോട്ടലില്‍ നിന്നും ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ അബ്ദുല്‍ റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പൊലീസ് ഹോട്ടലില്‍ പരിശോധന നടത്തിയത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഹാര്‍ഡ് ഡിസ്‌കിന്റെ പാസ് വേര്‍ഡ് അറിയില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ നല്‍കിയ വിവരം. ദൃശ്യങ്ങള്‍ അടുത്ത ദിവസം വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

നവംബര്‍ ഒന്നിന് പുലര്‍ച്ചെയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ രക്ത പരിശോധനയില്‍ അമിതമായ തോതില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ ഡിജെ പാര്‍ട്ടി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയായിരുന്നു. നവംബര്‍ മൂന്നിന് എക്സൈസ് സംഘം എത്തി പരിശോധന നടത്തുകയും ബാറിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു.

മുമ്പും ഇവിടെ അനധികൃതമായി ഡിജെ പാര്‍ട്ടി നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്യാപകമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അപകടം നടന്ന ദിവസം നടത്തിയ ഡി ജെ പാര്‍ട്ടി സംബന്ധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പാലാരിവട്ടം പോലീസാണ് കേസന്വേഷിക്കുന്നത്.

ദേശീയപാതയില്‍ പാലാരിവട്ടത്തെ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നില്‍ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ തൃശൂര്‍ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

 

LEAVE A REPLY

Please enter your comment!
Please enter your name here