ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയണ്‍ ഷിക്കാഗോയുടെ നേതൃത്വത്തില്‍ മൗണ്ട് പ്രോസ്പക്ടസ് കണ്‍ട്രി ഇന്നില്‍ കൂടിയ യോഗത്തില്‍ കേരളത്തിലൊരു ഭരണത്തുടര്‍ച്ച ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശദമായി ചര്‍ച്ച് ചെയ്തു.

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും അത്താണി ആയിരുന്ന ഐക്യ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ നന്ദിയോടെ സ്മരിക്കുവാനാകുകയുളളൂ. നഴ്‌സിങ് രംഗത്തെ മലയാളികളുടെ കുത്തകയെ ചൂഷണം ചെയ്തിരുന്ന എല്ലാവന്‍ കിട ചെറുകിട വ്യവസായ പ്രമുഖരേയും തളച്ചു കൊണ്ട് അര്‍ഹമായ വേദന വ്യവസ്ഥകള്‍ നടപ്പാക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്റിനെ നിര്‍ബന്ധിതരാക്കുവാന്‍ നമ്മുടെ പ്രവാസി വകുപ്പിനും എംപിമാര്‍ക്കും കഴിഞ്ഞതിലുളള ചാരിതാര്‍ത്ഥ്യം മറക്കാനാവില്ല. ഗള്‍ഫു നാടുകളില്‍ യുദ്ധ കെടുതികളില്‍പ്പെട്ട് ജീവന്‍ മരണപോരാട്ടത്തില്‍ പതറി നിന്ന പ്രവാസികളെ ലോക ചരിത്രത്തിലെ തന്നെ ഇതിഹാസമായി മാറിയ തരത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി സംരക്ഷിച്ച ഐക്യജനാധിപത്യമുന്നണി ഗവണ്‍മെന്റിനേയും പ്രവാസി വകുപ്പിനേയും ഓരോ പ്രവാസിക്കും കൂപ്പു കൈകളോടെയെ സ്മരിക്കുവാനാകൂ.

അഭ്യസ്ഥ വിദ്യരായ തൊഴില്‍ രഹിതര്‍ കുമിഞ്ഞു കൂടിയ ഒരു നാടിന്റെ ദുഃഖമായി കഴി!ഞ്ഞിരുന്ന ആയിരങ്ങള്‍ അവസരം തേടി നാടുവിട്ട് ലോക വിഹായസിലേക്ക് പറന്നുയര്‍ന്നപ്പോള്‍ മലയാളി നാടിന്റെ സാമ്പത്തിക രംഗം ചിറകു മുളച്ചു തുടങ്ങി. എന്നാലതിനെ വേണ്ടവിധം പരിപോഷിക്കുവാന്‍ മാറി മാറി വന്ന ഗവണ്‍മെന്റുകള്‍ക്ക് കഴിഞ്ഞില്ല. തൊഴില്‍ രഹിതനായ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് അതുല്യ പ്രതിഭകളായ അനേകായിരങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിച്ചുകൊണ്ട് ആയിരക്കണക്കിന് ചെറുതും വലുതുമായ വ്യവസായങ്ങള്‍ ശതകോടികളുടെ നിക്ഷേപങ്ങളുമായി കേരളത്തിന്റെ മണ്ണില്‍ വേരോട്ടം ആരംഭിക്കുവാന്‍ ഈ ഗവണ്‍മെന്റ് ഒരു നിമിത്തമാകുകയായിരുന്നു. ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും ത്വരിത വികസന പരിപാടികളുമായി എല്ലാ പ്രതിലോമ ശക്തികളേയും അവഗണിച്ചു കൊണ്ട് മുന്നേറിയപ്പോള്‍ കേരളം ഇന്നും പ്രതീക്ഷയുടെ പടിവാതില്‍ക്കലാണ്.

ഇതിന്റെ പൂര്‍ത്തീകരണത്തിനായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള ഐക്യ ജനാതിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരേണ്ടിയിരിക്കുന്നു. വിഷലിപ്തമായ പ്രതിപക്ഷങ്ങളുടെ രാജ്യത്തെ പിന്നോട്ടു നയിക്കുന്ന അരാജകത്വം നിറഞ്ഞ, കൊലപാതക ഗുണ്ടാവിളയാട്ടങ്ങള്‍ അവസാനിപ്പിക്കുവാനും ശാന്ത സുന്ദരമായ തൊഴില്‍ ശാലകളും സമര വിമുക്തമായ കാര്‍ഷിക രംഗവും ഹര്‍ത്താലും ബന്ദുമില്ലാത്ത തെരുവോരങ്ങളും നാളെയെക്കുറിച്ചുളള ആശങ്കയില്‍ നാടുവിട്ടോടേണ്ട ഗതികേടില്‍ നിന്നും മോചനം നേടി മാന്യമായി ഒരു തൊഴില്‍ താന്താങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരണമായി പിറന്ന നാട്ടില്‍ തന്നെ നേടിയെടുക്കുവാനും വളരുന്ന തലമുറയെ ആധുനികതയുടെ പാതയില്‍ കരുത്തുറ്റവരാക്കുവാന്‍ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മികവുറ്റ പൗരന്മാരാക്കി വളര്‍ത്തിയെടുക്കുവാന്‍ ഈ ഗവണ്‍മെന്റ് തുടങ്ങി വച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇനിയൊരു വരവേല്‍പിനായി വെമ്പല്‍ കൊളളുന്ന ഓരോ പ്രവാസിയുടേയും സ്വപ്നങ്ങളുടെ സാക്ഷാത്കാ രത്തിനായി ഐക്യജനാതിപത്യ മുന്നണി ഒരിക്കല്‍കൂടി അധികാരത്തില്‍ വന്ന് ഭരണചക്രം തിരിക്കേണ്ടിയിരിക്കുന്നുവെന്ന് യോഗം ഐക്യകണ്‌ഠേന ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി എല്ലാ പ്രവാസികളും തങ്ങളാല്‍ കഴിയുന്ന സഹായ സഹകരണങ്ങള്‍ ചെയ്യണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ അഗസ്റ്റ്യന്‍ കരിംകുറ്റിയില്‍ അധ്യക്ഷത വഹിച്ചു. ജോസി കുരിശിങ്കല്‍, ജോര്‍ജ് പണിക്കര്‍, വര്‍ഗീസ് ചാലമലയില്‍, തമ്പി മാത്യു, സതീശന്‍ നായര്‍, സന്തോഷ് നായര്‍, തോമസ് മാത്യു, സജി കുര്യന്‍, റിന്‍സി കുര്യന്‍, ഷെവലിയാര്‍ ആന്‍ഡ്രൂസ് തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here