ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഈ വര്‍ഷത്തെ (2016) മാര്‍ച്ചുമാസ സമ്മേളനം 13-നു വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. ജി. പുത്തന്‍കുരിശ് തയ്യാറാക്കിയ ഒ.എന്‍.വി കുറുപ്പിന്റെ കാവ്യപ്രപഞ്ചത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈയ്യിടെ അന്തരിച്ച കലാഭവന്‍ മണിയെ അനുസ്മരിച്ചുകൊണ്ട് ആരംഭിച്ചു. അധ്യക്ഷന്റെ ഉപക്രമപ്രസംഗത്തില്‍ പ്രഭാവവാനായ ഒ.ന്‍.വിയോടുള്ള ആദര സൂചകമായിട്ടാണ് അദ്ദേഹത്തിന്റെ കവിതകള്‍ ഇന്നത്തെ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നതെന്ന് അറിയിച്ചു.

തുടര്‍ന്ന് ജി. പുത്തന്‍കുരിശ് സമ്മേളനത്തിന്റെ പ്രധാനവിഷയമായ ഒ. എന്‍.വി.യുടെ കാവ്യപ്രപഞ്ചം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം ആരംഭിച്ചു. മലയാളം സൊസൈറ്റിയുടെ സെക്രട്ടറിയായ പുത്തന്‍കുരിശ് ലേഖനവും, ഹ്യുസ്റ്റനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രവാസി പത്രത്തില്‍ പതിവായി എഡിറ്റോറിയലും എഴുതുന്നുണ്ടെങ്കിലും കവിതയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. കവിതകളുടെ ഒരു വലിയ ശേഖരംതന്നെ അദ്ദേഹത്തിനുണ്ട്.

“കവിത മാനവാനുഭവങ്ങളുടെ പുതിയ മേഖലകളിലേക്കുള്ള ഓരോ അന്വേഷണയാത്രയായിരിക്കണമെന്ന നിര്‍ബന്ധത്തോടെയാണ് വയലാറും ഒ. എന്‍. വിയുമൊക്കെ തങ്ങളുടെ രചനകളുമായി കടന്നുവന്നത് ” പ്രഭാഷണത്തിന്റെ ആമുഖമായി പുത്തന്‍കുരിശ് അറിയിച്ചു. ഇടതുപക്ഷ ചിന്താഗതികൊണ്ടായിരിക്കും വിപ്ലവാത്മകമായ കവിതകളായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല കവിതകളില്‍ ഏറെയും. “നമ്മുടെ രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യവിപ്ലവത്തിന്റെ സംഗീതമായിരുന്നു ഒ. എന്‍. വിയുടെ ആദ്യകാല കവിതകള്‍ ” എന്ന് പുത്തന്‍കുരിശ് വ്യക്തമാക്കുന്നു. പ്രഭാഷകന്‍ തുടര്‍ന്നു “ധീരമായെങ്കിലും മധുരമായി അദ്ദേഹം പല കവിതകളിലും മാറ്റുവിന്‍ ചട്ടങ്ങളെയെന്നു പാടി. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ രാജ്യത്തിലെ ജനങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന നന്മകളെക്കുറിച്ച് സ്വപ്നം കണ്ടിരുന്ന കവിക്ക് മോഹഭംഗം സംഭവിച്ചോ എന്ന് തോന്നിപ്പോകും അദ്ദേഹത്തിന്റെ വളപ്പൊട്ടുകള്‍ എന്ന കവിത വായിച്ചാല്‍ ”. ഉദാഹരണത്തിന്-
തച്ചുടയ്ക്കുവാന്‍, ചിലതുടച്ചുവാര്‍ത്തിടുവാ-
നുച്ചത്തിലലറിക്കൊണ്ടിന്നലെ ഇതേവഴി
മഴക്കാറ്റുപോല്‍ ചുറ്റിയലഞ്ഞേന്‍, ചെമ്പുഴയില്‍
മഴവെള്ളംപോലെന്റെ ശബ്ദവുമൊലിച്ചുപോയി.

കവിതയുടെ നാനാമുഖങ്ങള്‍ കൈരളിയ്ക്ക് സമ്മാനിച്ച അനുഗ്രഹീതനായ ഒരു കവിയായിരുന്നു ഒ.എന്‍.വി.യെന്ന് വിവധ ഉദാഹരണങ്ങളിലൂടെ പുത്തന്‍കുരിശ് വിവരിച്ചു. ചലച്ചിത്രഗാനങ്ങളിലേക്കുള്ള പ്രവേശനമായിരുന്നു ഒ.എന്‍.വിയുടെ കവിതാപരിണാമത്തിന്റെ മറ്റൊരു ഘട്ടമെന്ന് പുത്തന്‍കുരിശ് ഓര്‍മ്മിപ്പിച്ചു. ചലച്ചിത്രഗാനങ്ങളിലെ പ്രസിദ്ധമായ പല ഗാനങ്ങളുടെയും വരികള്‍ അതിന് ഉദാഹരണമാക്കി.

തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സദസ്യരെല്ലാം സജീവമായി പങ്കെടുത്തു. ഒ.എന്‍.വിയുടെ ഏതെങ്കിലും കവിതയുടെയൊ ഗാനത്തിന്റെയൊ വരികളൊ മുഴുവനായൊ ആലപിക്കാത്ത ആരും ഉണ്ടായിരുന്നില്ല. ചര്‍ച്ചയില്‍ എ.സി. ജോര്‍ജ്, കുര്യന്‍ മ്യാലില്‍, ജി. പുത്തന്‍കുരിശ്, പൊന്നുപിള്ള, ടോം വിരിപ്പന്‍, സജി പുല്ലാട്, മണ്ണിക്കരോട്ട്, ജോര്‍ജ് ഏബ്രഹാം, ജെയിംസ് ചാക്കൊ, നൈനാന്‍ മാത്തുള്ള, തോമസ് വര്‍ഗ്ഗീസ്, ജോസഫ് തച്ചാറ, ടി.എന്‍. ഫിലിപ്പ്, ബാബു തെക്കെക്കര, തോമസ് വൈക്കത്തുശ്ശേരി, ടി.എന്‍. സാമുവല്‍, ഷിജു തച്ചനാലില്‍ മുതലായവര്‍ സജീവമായി പങ്കെടുത്തു.

അടുത്ത സമ്മേളനം ഏപ്രില്‍ 17-ന് നടക്കുന്നതാണ്. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net),
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,
ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217getNewsImages (3) getNewsImages (4)

LEAVE A REPLY

Please enter your comment!
Please enter your name here