അലാസ്‌കയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. ഫെയര്‍ബാങ്ക്സ് നിവാസിയായ റോക്സി ലെയ്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനൊപ്പം പെട്ടിയില്‍ ഹൃദയഭേദകമായ ഒരു കുറിപ്പും അതിന്റെ അമ്മ വെച്ചിട്ടുണ്ടായിരുന്നു. എന്നെ കണ്ടെത്തുന്നവര്‍ ദയവായി സ്‌നേഹമുള്ള ഒരു കുടുംബത്തില്‍ എന്നെ ഏല്‍പ്പിക്കണമേ എന്ന് കുഞ്ഞ് പറയുന്നതു പോലെയുള്ള ഒരു കത്താണ് കുഞ്ഞിനോടൊപ്പം ഉണ്ടായിരുന്നത്.

‘ദയവായി എന്നെ സഹായിക്കൂ, എന്റെ പേര് ടെഷാന്‍. 2021 ഡിസംബര്‍ 31 ന് രാവിലെ 6 മണിക്കാണ് ഞാന്‍ ജനിച്ചത്. ഏഴാം മാസത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ അച്ഛനമ്മമാരുടേയും മുത്തശ്ശിമാരുടേയും കയ്യില്‍ എന്നെ വളര്‍ത്താന്‍ ആവശ്യമായ പണമില്ല. എന്നെ ഉപേക്ഷിക്കാന്‍ അവരൊരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ അമ്മയ്ക്ക് എന്നെ നഷ്ടപ്പെടുന്നത് സഹിക്കാനാകാത്ത സങ്കടമാണ്. പക്ഷേ അവര്‍ക്ക് ഇതല്ലാതെ വേറെ വഴിയില്ല. എന്നെ കണ്ടെത്തുന്നവര്‍ ദയവായി എന്നെയൊരു സ്‌നേഹമുള്ള കുടുംബത്തില്‍ എത്തിക്കണമേയെന്ന് എന്റെ അച്ഛനമ്മമാര്‍ യാചിക്കുന്നു.’

ഇതായിരുന്നു കുഞ്ഞിനോടൊപ്പമുള്ള കത്തില്‍ ഉണ്ടായിരുന്ന വാചകങ്ങള്‍. കാര്‍ഡ്‌ബോഡ് പെട്ടിയില്‍ പുതപ്പ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ഉടന്‍തന്നെ സ്ഥലത്തെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞ് ആരോഗ്യവാനാണെന്ന് പരിശോധനയില്‍ വ്യക്തമായി. തന്റെ വീടിനടുത്തുള്ള തപാല്‍ പെട്ടികള്‍ക്ക് സമീപമുള്ള ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയെന്ന് ലെയ്ന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

കുഞ്ഞിനെ ഉപേക്ഷിച്ച ആ അമ്മ വൈദ്യസഹായം ആവശ്യമുള്ള വ്യക്തിയോ അതല്ലെങ്കില്‍ വല്ലാതെ നിരാശ്ശയിലായിപ്പോയ ഒരു വ്യക്തിയോ ആയിരിക്കാം എന്നും ലെയ്ന്‍ കുറിച്ചു. വഴിയരികില്‍ കുറച്ച് പുതപ്പുകളും ഒരു പേരും മാത്രമായി ആ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് അവരുടെ ജീവിതത്തിലെ ഏറ്റവും കഠിനമായി തീരുമാനമായിരിക്കാം. അവരെക്കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവര്‍ തന്നെ അറിയിക്കണമെന്നും ലെയ്ന്‍ കുറിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here