ഷൂലേസ് ഉപയോഗിച്ച് ഒരു യുവാവ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മിയാമി-ഡേഡ് ട്രാന്‍സിറ്റ് ബസ് സ്റ്റോപ്പില്‍ പട്ടാപ്പകലാണ് സംഭവം നടന്നത്. ബസ് കാത്തിരിക്കുകയായിരുന്ന 26 കാരിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്.ആരോണ്‍ കെ. ക്വിനോന്‍സ് എന്ന 27കാരനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി മിയാമി-ഡേഡ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.

ജനുവരി രണ്ടിന് നടന്ന ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരിക്കുന്ന യുവതിയെ ഒരാള്‍ പിന്നിലൂടെ വന്ന് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ബസ് സ്റ്റോപ്പിലിരുന്ന് യുവതി ഫോണില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് വീഡിയോയില്‍ കാണാം.

ഈ സമയത്ത് യുവതിയുടെ പിന്നിലായി വന്നു നില്‍ക്കുന്ന ഒരു യുവാവ് കുനിഞ്ഞ് ഷൂ ലേസ് അഴിക്കുന്നതും ശേഷം ചുറ്റുപാടും വീക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിനു ശേഷം യുവതിയുടെ പിന്നിലെത്തിയ യുവാവ് ഷൂലേസ് അവളുടെ കഴുത്തിലൂടെ ചുറ്റി പിന്നിലേക്ക് വലിക്കുന്നതായും കാണാം. ഞെട്ടിപ്പോയ യുവതി ഇത് തടയാന്‍ ശ്രമിക്കുകയും യുവാവിനോട് എതിരിട്ട് നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ലക്ഷ്യം പാളിയതോടെ ക്രൂദ്ധനായ യുവാവ് യുവതിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതും യുവതി ഇത് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഈ സമയം സംഭവം കണ്ട മൂന്നാമതൊരാള്‍ ഇവര്‍ക്കരികിലേക്ക് ഓടിയെത്തുന്നതും യുവാവിനെ തടയാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ യുവാവ് അനുസരിക്കാന്‍ തയ്യാറാകാതിരുന്നതോടെ മൂന്നാമതായി വന്നയാള്‍ യുവാവിനെ വട്ടം കയറിപ്പിടിക്കുകയായിരുന്നു. ഇതിനിടെ ഈ പിടി വിടുവിച്ച് അക്രമി രക്ഷപ്പെട്ടു. അക്രമി ഓടിപ്പോയെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തുവെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here