അമ്മയുടെ മൃതദേഹത്തോടൊപ്പം അഞ്ച് ദിവസം തനിയെ കഴിഞ്ഞ് പിഞ്ചുകുഞ്ഞ്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടണിനില്‍ നിന്നാണ് ഈ ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 26കാരിയായ ഷെല്‍ബി വെസ്റ്റ്ലേക്കാണ് നഗരത്തിലെ അഭയ കേന്ദ്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. ഈസ്റ്റ് റിവര്‍ ഫാമിലി സെന്ററിലെ ജീവനക്കാര്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ അത് അഴുകിയ നിലയിലായിരുന്നു.

കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിന് താഴെയായി മുറിയില്‍ യുവതിയുടെ കുഞ്ഞും ഉണ്ടായിരുന്നു. പതിനഞ്ച് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് അമ്മയുടെ മൃതദേഹത്തോടൊപ്പം മുറിയില്‍ അഞ്ച് ദിവസം കഴിഞ്ഞത്. ഇത് ഭീകരമായ അവസ്ഥയാണെന്നും ഭവനരഹിതരുടെ അഭയകേന്ദ്രത്തില്‍ നടന്ന ഈ അനാസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവായ ഖുറാന്‍ ലബോയ് പരാതി നല്‍കി.

മലത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു കുട്ടി. ദിവസങ്ങളോളം ഡയപ്പര്‍ മാറ്റാതിരുന്നതിനാല്‍ അത് ദേഹത്തൊട്ടി മുറിവുകളുണ്ടായ അവസ്ഥയായിരുന്നു. ഭക്ഷണമോ, വെള്ളമോ ലഭിക്കാതെ നിര്‍ജ്ജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ ആരോപിച്ചു. സംഭവത്തില്‍ അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നഗരത്തിനും ഭവനരഹിത സേവന വകുപ്പിനുമെതിരെയാണ് കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം യുവതി മരിച്ചിട്ട് അഞ്ച് ദിവസമായെന്ന വാര്‍ത്ത അഭയകേന്ദ്രം അധികൃതര്‍ നിഷേധിച്ചു. അത്രയും ദിവസങ്ങള്‍ തങ്ങള്‍ ഒരു മരണവിവരം അറിയാതിരിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ മരിച്ചിട്ട് എത്ര ദിവസമായിട്ടുണ്ടാകും എന്ന് കൃത്യമായി വെളിപ്പെടുത്താനും അധികൃതര്‍ വിസമ്മതിച്ചു. യുവതിയും ഊര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.

യുവതിയും മകളും മാന്‍ഹട്ടനിലെ 325 ഈസ്റ്റ് 104-ാം സെന്റ് എന്ന സ്ഥലത്തെ അഭയകേന്ദ്രത്തില്‍ കഴിഞ്ഞ നാല് മാസമായി താമസിച്ചു വരികയായിരുന്നു. .ഒരു കുഞ്ഞിനെ മരിച്ചുപോയ അമ്മയുടെ അടുത്ത് അഞ്ച് ദിവസം താമസിക്കാന്‍ അനുവദിക്കുന്നത്, ക്രൂരതയും മനുഷ്യത്വമില്ലായ്മയും ന്യൂയോര്‍ക്ക് നഗരത്തിന്റെയും ഭവനരഹിത സേവന വകുപ്പിന്റെയും ഉത്തരവാദിത്വമില്ലായ്മയും ആണെന്നും ലാബോയിയുടെ അഭിഭാഷകന്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here