പ്രായമായ സ്ത്രീക്കൊപ്പം പള്ളിയില്‍ ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിച്ച ശേഷം അവരുടെ പേഴ്‌സ് അടിച്ചുമാറ്റി സ്ഥലം വിട്ട യുവതികളെ തേടി പോലീസ്. ടെന്നസിയിലെ ഹില്‍ഡേല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് വ്യത്യസ്ഥമായ ഈ മോഷണം നടന്നത്. പള്ളിയിലെ സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നു. ക്യാമറയെക്കുറിച്ച് മോഷ്ടാക്കളായ യുവതികള്‍ ബോധവതികളായിരുന്നില്ല.

78 വയസ്സ് തോന്നിക്കുന്ന വയോധികയാണ് മോഷണത്തിനിരയായത്. പള്ളിക്കകത്തെ ബെഞ്ചില്‍ വയോധികയ്ക്കും മുന്നിലും പിന്നിലുമായാണ് യുവതികള്‍ ഇരുന്നിരുന്നത്. മറ്റാരും പള്ളിയില്‍ ഉണ്ടായിരുന്നില്ല. മുന്‍വശത്തിരുന്ന യുവതി വയോധികയോട് സംസാരിച്ചുകൊണ്ടിരുന്നു. പിന്നീട് പെട്ടന്ന് യുവതി വയോധികയുടെ അടുത്തേക്ക് വന്ന് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിനു ശേഷം യുവതി വയോധികയുടെ കൈപിടിച്ച് തനിക്ക് അഭിമുഖമായി മുഖം തിരിക്കുകയും പിന്നീട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുകയും ചെയ്തു. സ്ത്രീ യുവതിയുടെ കൈപിടിച്ച് പ്രാര്‍ത്ഥിക്കുന്നതിനിടെ പിന്നിലിരുന്ന യുവതി വൃദ്ധയുടെ ബാഗ് തുറന്ന് പേഴ്‌സെടുത്തു. അതില്‍ നിന്ന് പണവും ക്രെഡിറ്റ് കാര്‍ഡുകളും എടുത്ത ശേഷം പേഴ്‌സ് തിരികെ വെച്ചു. ഈ സമയം ആദ്യത്തെ യുവതി പ്രാര്‍ത്ഥന അവസാനിപ്പിച്ച് നന്ദി പറഞ്ഞ് എഴുന്നേല്‍ക്കുകയും ചെയ്തു. പിന്നീട് കുറച്ചു നേരം കൂടി യുവതികള്‍ വൃദ്ധയോട് സംസാരിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണാം. അതിനു ശേഷം മോഷ്ടാക്കള്‍ സ്ഥലം വിട്ടു.

യുവതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇവര്‍ വയോധികയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. മോഷ്ടാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 931-552-1011 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here