ഹൂസ്റ്റണ്‍: എച്ച്.ഐ.വി. രോഗിയില്‍ നിന്നും ലഭിച്ച ലിവറും, കിഡ്‌നിയും മറ്റൊരു എച്ച്.ഐ.വി. രോഗിയില്‍ വച്ചു പിടിപ്പിച്ച അമേരിക്കയിലെ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് ശസ്ത്രക്രിയാ വിഭാഗം ഡോക്ടര്‍ ഡോറി എല്‍ സെഗവ് വെളിപ്പെടുത്തി.
ഇരുപത്തിയഞ്ച് വര്‍ഷമായി എച്ച്.ഐ.വി. രോഗികളില്‍ നിന്നുള്ള അവയവങ്ങള്‍ സ്വീകരിക്കുന്നത് വിലക്കികൊണ്ടുള്ള നിയമം 2013 ല്‍ പാസ്സാക്കിയ ഓര്‍ഗന്‍ പോളിസി ഇക്വിറ്റി ആക്ടോടെ ഇല്ലാതായി. എച്ച്.ഐ.വി. രോഗികളില്‍ നിന്നും അവയവം സ്വീകരിച്ചു എച്ച്.ഐ.വി. രോഗികളില്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള അനുമതി ജോണ്‍ ഹോപ്കിന്‍സിന് ജനുവരിയിലാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് നടന്ന നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഈയ്യിടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇതിനു മുമ്പു സൗത്ത് ആഫ്രിക്കയിലാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്.
വര്‍ഷത്തില്‍ ഏകദേശം 600 എച്ച്.ഐ.വി. രോഗികള്‍ അവയവദാനത്തിന് തയ്യാറാണെന്ന് സമ്മതപത്രം നല്‍കിയിട്ടും, നിയമം അനുവദിക്കാത്തതിനാല്‍ ഉപയോഗിക്കുവാന്‍ കഴിയാതെ മരണപ്പെടുന്നുണ്ട്. ഇവരുടെ അവയവങ്ങള്‍ ആവശ്യക്കാരായ ആയിരം എച്ച്.ഐ.വി. രോഗികള്‍ക്ക് പുതിയ ജീവിതം നല്‍കാനുപകരിക്കുമെന്ന് സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ ചൂണ്ടികാട്ടി. അമേരിക്കയില്‍ ഏകദേശം 122,000 പേര്‍ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ദാതാക്കളെ പ്രതീക്ഷിച്ചു കഴിയുന്നതായും ജോണ്‍ ഹോപ്കിന്‍സ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here