ബ്രൂക്ക് ഫീല്‍ഡ്, വിസ്‌കോണ്‍സിന്‍ : പ്രൈമറികളുടെ അടുത്ത പ്രധാന സ്റ്റോപ്പ് വിസ്‌കോണ്‍സിനാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രമ്പും, ടെഡ്ക്രൂസും, ജോണ്‍ കേസിക്കും ഇവിടെ കേന്ദ്രീകരിച്ച് പ്രടകണം നടത്തുന്നു. വിസ്‌കോണ്‍സിന്‍ നേടിയാല്‍ ഡൊണാള്‍ഡിന് മാന്ത്രിക നമ്പര്‍ 1,237 പ്രതിനിധികള്‍ക്ക് അടുത്ത് എത്താനാവും. ഈ സംസ്ഥാനം നേടാന്‍ കഴിഞ്ഞാല്‍ ടെഡിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഡൊണാള്‍ഡിനെ ഒഴിവാക്കി മുന്നോട്ടു പോകാന്‍ നിര്‍ബന്ധിക്കുവാന്‍ കഴിയും. ഡൊണാള്‍ഡായിരിക്കും ഇവിടെ ഒന്നാമതെത്തുക എന്നാണ് പ്രവചനങ്ങള്‍. 
രണ്ട് പ്രധാന എന്‍ഡോഴ്‌സുമെന്റുമായാണ് ടെഡ് പ്രൈമറി നേരിടുന്നത്. രണ്ടുപേരും മുന്‍പ് മത്സരരംഗത്തുണ്ടായിരുന്നവരാണ്. വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ സ്‌കോട്ട് വാക്കര്‍ ഒരു ലൈവ് റേഡിയോ സന്ദേശത്തിലൂടെ ടെഡിന് പിന്തുണ പ്രഖ്യാപിച്ചു. മുന്‍പ് ടെഡിന് പിന്തുണ പ്രഖ്യാപിച്ച ഹ്യൂലറ്റ് പക്കാര്‍ഡിന്റെ മുന്‍ സിഇഒ കാര്‍ളി ഫിയോരിന ഷാരണ്‍ ലിന്‍ വില്‍സണ്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ ടെഡിനൊപ്പം പ്രത്യക്ഷപ്പെട്ട് തന്റെ തീരുമാനം വീണ്ടും അറിയിച്ചു. 
ഇതിനിടയില്‍ ഡൊണാള്‍ഡിന്റെ കാമ്പെയിന്‍ മാനേജര്‍ കോറി ലെവാന്‍ഡോവ്‌സ്‌കി തന്റെ കൈയ്ക്ക് കയറി പിടിച്ചു എന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തക ഫ്‌ളോറിഡയിലെ ജൂപ്പിറ്റര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്റെ കയ്യില്‍ ഉരസലുകളുടെ പാടുണ്ടെന്നാണ് ബാറ്ററി ചാര്‍ജുകള്‍ ആരോപിച്ച മിഷല്‍ ഷീല്‍ഡ്‌സ് പറയുന്നത്. തന്റെ മാനേജരെ അനുകൂലിച്ച് ഉടനെ പത്രപ്രസ്താവനയുമായി  ഡൊണാള്‍ഡ് എത്തി.
ഡൊണാള്‍ഡിനും എന്റോഴ്‌സ്‌മെന്റുകള്‍ക്ക് കുറവില്ല. മുന്‍ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയും ന്യൂജേഴ്‌സി ഗവര്‍ണറുമായ ക്രിസ് ക്രിസ്റ്റി ഡൊണാള്‍ഡിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും എന്നറിയിച്ചു.
പ്രചരണങ്ങളിലെ ആരോപണ പ്രത്യാരോപണങ്ങളില്‍ ഇത്തവണ കുടുംബബന്ധങ്ങള്‍ ധാരാളമായി കടന്നു വരുന്നുണ്ട്. ടെഡിന് വേണ്ടി മുന്നില്‍ നിന്ന് പ്രചരണം നടത്തുന്ന ഭാര്യ ഹെയ്ഡിക്കെതിരെ ഡൊണാള്‍ഡ് സ്വീകാര്യമല്ലാത്ത പ്രചരണം നടത്തി വിവാദം സൃഷ്ടിച്ചു. ടെഡിന്റെ പ്രചരണവിഭാഗം കൈകാര്യം ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് ടെഡുമായി തൊഴില്‍പരമല്ലാത്ത ബന്ധമുണ്ടെന്ന് ഒരു ടാബ്ലോയ്ഡ് ആരോപിച്ചു. ഈ പത്രത്തിനെതിരെ കേസുകൊടുക്കുമെന്ന് മാധ്യമ പ്രവര്‍ത്തക പ്രതികരിച്ചു. ഡൊണാള്‍ഡിന്റെ ഭാര്യയുടെ അത്ര സ്വീകാര്യമല്ലാത്ത വസ്ത്രവും പത്രത്താളുകളില്‍ ഇടം കണ്ടെത്തി.
ഡൊണാള്‍ഡിനെയാണോ ടെഡിനെയാണോ പിന്താങ്ങുകയെന്ന് മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്.എച്ച്.ഡബ്ല്യൂ. ബുഷും, ജോര്‍ജ.്ഡബ്ല്യൂ.ബുഷും, ടെക്‌സാസ് ലാന്‍ഡ് കമ്മീഷണര്‍ ജോര്‍ജ്.പി.ബുഷും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുന്‍ ഫ്‌ളോറിഡ ഗവര്‍ണറും പ്രൈമറികളില്‍ സ്ഥാനാര്‍ത്ഥിയും ആയിരുന്ന ജെബ് ബുഷും സഹോദരന്‍ നീല്‍ ബുഷും ടെഡിന് പിന്തുണ അറിയിച്ചു. ബുഷ് കുടുംബത്തെ പിന്തുണയ്ക്കുന്ന ബന്ധുമിത്രാദികളും രാഷ്ട്രീയക്കാരും ദാതാക്കളുമെല്ലാം ഇതിനകം ടെഡ് പാളയത്തില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here