ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ നടന്ന 4-മത് ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം. ഏപ്രില്‍ 2, 3 തീയതികളില്‍(ശനി, ഞായര്‍) ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയങ്ങളോടു ചേര്‍ന്ന് പുതുതായി പണിപൂര്‍ത്തിയാക്കിയ ‘ട്രിനിറ്റി സെന്റര്‍’ സ്‌പോര്‍ട്‌സ് ഫെസിലിറ്റിയില്‍ വച്ചു നടന്ന ബാസ്‌ക്കറ്റ് ബോള്‍ ഫൈനല്‍ മത്സരത്തില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ടീം ജേതാക്കളായി ഇ.വി.ജോണ്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ടീം റണ്ണര്‍ അപ്പിനുളള എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി.
ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന ബാസ്‌ക്കറ്റ് ബോള്‍ ഫൈനല്‍ മത്സരത്തില്‍ 41 നെതിരെ 43 പോയിന്റുകള്‍ നേടിയാണ് ഇമ്മാനുവേല്‍ സെന്റ് ജോസഫിനെ പരാജയപ്പെടുത്തിയത്. ഉദ്വേഗം നിറഞ്ഞ അവസാന 7 സെക്കന്റിനുള്ളില്‍ ലഭിച്ച 2 ഫ്രീം ത്രോകളാണ് ഇമ്മാനുവേലിനെ വിജയത്തിലെത്തിച്ചത്. 
ഇമ്മാനുവേല്‍ ടീമിലെ ജിക്കി കുരുവിള എംവിപി ട്രോഫി കരസ്ഥമാക്കിയപ്പോള്‍, സെന്റ് ജോസഫിലെ ലാന്‍സ് ജോസഫ് ടൂര്‍ണമെന്റ് എംവിപിയായി തെരഞ്ഞെടുക്കപ്പെട്ടു.
3 പോയിന്റ് ഷൂട്ട് ഔട്ടില്‍ സെന്റ് ഗ്രിഗോറിയോസ് ടീമിലെ നിതിന്‍ മാത്യു ഒന്നാം സ്ഥാനവും ഇമ്മാനുവേലിന്റെ ഷെര്‍വിന്‍ ഉമ്മന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൂസ്റ്റണിലെ 10 ഇടവകകളില്‍ നിന്നുള്ള 13 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്. 18 ഇടവകകളില്‍ നിന്നുള്ള കായികപ്രേമികളായ നൂറുകണക്കിന് യുവാക്കളുടെ സാന്നിദ്ധ്യം കൊച്ചു ധന്യമായിരുന്നു ട്രിനിറ്റി സെന്റര്‍.
വിജയിയ്ക്കുള്ള ഇ.വി. ജോണ്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി റെജി കോട്ടയവും, റണ്ണര്‍ അപ്പിനുള്ള എവര്‍റോളിംഗ് ട്രോഫി എക്യൂമെനിക്കല്‍ കമ്മററിയും സംഭാവന നല്‍കി.
എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റും, ടൂര്‍ണമെന്റ് കണ്‍വീനറുമായ റവ.ഫാ.ഏബ്രഹാം സഖറിയാ(ജിക്കു അച്ചന്‍) സെക്രട്ടറി ഡോ.അന്നാ.കെ.ഫിലിപ്പ്, ട്രഷറര്‍ റോബിന്‍ ഫിലിപ്പ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ റജി കോട്ടയം, എബി മാത്യു എന്നിവരോടൊപ്പം ട്രിനിററി മാര്‍ത്തോമ്മാ ഇടവകയുടെ വികാരി റവ.കൊച്ചുകോശി ഏബ്രഹാം, അസിസ്റ്റന്റ് വികാരി റവ.മാത്യൂസ് ഫിലിപ്പ്, ട്രസ്റ്റി ഷാജി മോന്‍ ഇടിക്കുള, ട്രിനിറ്റി സ്‌പോര്‍ട്‌സ് സെക്രട്ടറി ഷാജന്‍ ജോര്‍ജ്ജ്, അലക്‌സ് പാപ്പച്ചന്‍, റോയി തീയാടിക്കല്‍, ടിറ്റി സൈമണ്‍  തുടങ്ങിയവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ട്രിനിറ്റി സ്‌നാക്ക്ബാറിനും മറ്റു വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും സെറീനാ ജോര്‍ജ്ജ്, ആന്‍ഡ്രൂ പാപ്പച്ചന്‍, ആഷ്‌ലി ജോര്‍ജ്ജ്, സോഫിയാ ജോര്‍ജ്ജ് തുടങ്ങി 15 ല്‍ പരം യൂത്ത് ഫെലോഷിപ്പ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
ഹൂസ്റ്റണ്‍ ബാസ്‌ക്കറ്റ്‌ബോള്‍ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന യുവപ്രതിഭ വിന്‍സന്റ് വര്‍ഗീസിന്റെ അകാല വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. മൗനപ്രാര്‍ത്ഥനയോടുകൂടിയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. ആദരസൂചകമായി കളിക്കാര്‍ കറുത്ത ബാന്‍ഡും കൈയില്‍ ധരിച്ചു.
ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ചൂമതലയിലുള്ള ട്രിനിറ്റി സെന്റര്‍ സ്‌പോര്‍ട്‌സ് ഫെസിലിറ്റിയില്‍ നടന്ന ആദ്യ ടൂര്‍ണമെന്റാണ് ഇത്. വിശാലവും മനോഹരവുമായ ട്രിനിറ്റി സെന്റര്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയ്ക്ക് മാത്രമല്ല ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന് തന്നെ അനുഗ്രഹമായി മാറുമെന്ന് കായികപ്രേമികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സ്‌പോണ്‍സേഴ്‌സ് ആയിരുന്ന ദേശി & ഡിസ്‌ക്കൗണ്ട് ഗ്രോസേഴ്‌സ്, സത്യാ ഇന്ത്യന്‍ റസ്‌റ്റോറന്റ്, ദേശി ഇന്ത്യന്‍ റെസ്‌റ്റോറന്റ് എന്നിവര്‍ക്ക് സെക്രട്ടറി അന്നാ ഫിലിപ്പ് നന്ദി അറിയിച്ചു.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി
Winners Immanuel
Tournament MVP Lance Joseph
MVP Jikki Kuruvilla
Runner Up_St Josephs
3 point Shootout 2nd Prize- Sherwin Oommen
3 Point Shootout Winner_Nithin Mathew

LEAVE A REPLY

Please enter your comment!
Please enter your name here