ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള ഏറ്റവും നിര്‍ണായകമായ ന്യൂയോര്‍ക്ക് പ്രൈമറി കഴിഞ്ഞതോടെ മത്സരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും തമ്മിലാകാനുള്ള സാധ്യത വര്‍ധിച്ചു. ന്യുയോര്‍ക്ക് പ്രൈമറിയില്‍ ട്രംപിന് 60 ശതമാനം വോട്ടുകളും ഹിലാരിക്ക്  58.9 ശതമാനം വോട്ടുകളും ലഭിച്ചു. ടെഡ്ക്രൂസ്, ജോണ്‍ കാസിച് എന്നിവരായിരുന്നു ട്രംപിന്റെ എതിരാളികള്‍.

ക്രൂസിന് 15 ശതമാനം വോട്ടുകളും കാസിചിന് 25.4 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. ബേണി സാന്‍ഡേഴ്‌സനാണ് ഹിലരിയുടെ എതിരാളി. സാന്‍ഡേഴ്‌സന്‍ 41.7 ശതമാനം വോട്ടുകളാണ് നേടിയത്. ഹിലരിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം
ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. അമേരിക്കന്‍ ജനത തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന്റെ സൂചനകളാണ് പ്രൈമറിയില്‍ പ്രതിഫലിച്ചതെന്ന് പ്രതികരിച്ച ട്രംപ് ആത്മവിശ്വാസം കൈവിടുന്നുമില്ല. പ്രൈമറിയിലേത് വ്യക്തിപരമായ വിജയമെന്നായിരുന്നു ഹിലരിയുടെ പ്രതികരണം. നിങ്ങള്‍ എന്നെ പിന്തുണക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും ഹിലരി പറഞ്ഞു.

ഹിലരിക്ക് 1862 പ്രതിനിധികളുടെയും സാന്‍ഡേഴ്‌സിന് 1161 പ്രതിനിധികളുടെയും പിന്തുണയുണ്ട്. ട്രംപിനെ 804ഉം ക്രൂസിനെ 559ഉം കാസികിനെ 144ഉം പ്രതിനിധികള്‍ അനുകൂലിക്കുന്നു. ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിന് 2383 പ്രതിനിധികളുടെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് 1237 പ്രതിനിധികളുടെയും പിന്തുണ വേണം. ഏപ്രില്‍ 26നാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രൈമറികള്‍ നടക്കുക. ജൂലൈ 18-21 തീയതികളില്‍ റിപ്പബ്ലിക്കന്‍ വിഭാഗത്തിന്റെയും 25-28 തീയതികളില്‍ ഡെമോക്രാറ്റുകളുടെയും ദേശീയ കണ്‍വെന്‍ഷനുകള്‍ നടക്കും. ഇതിലാണ് ഇരുവിഭാഗം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ജനകീയ വോട്ടെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here