ഷിക്കാഗോ: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യസംസ്കാരത്തിന്‍റെ ഉപയോഗം വ്യക്തിജീവിതത്തില്‍ നിന്നും, കുടുംബസമൂഹങ്ങളില്‍ നിന്നും ഇല്ലാതാക്കാന്‍ എല്ലാവരും ജാഗരൂകത കാണിക്കണമെന്നു ഷിക്കാഗോ സീറോ മലബാര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ബോധിപ്പിച്ചു. ഇതിന്‍റെ ആദ്യപടിയായി ദേവാലയ പരിസരങ്ങളില്‍ നിന്നും, പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ നിന്നും മദ്യത്തിന്‍റെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നതാണ് രൂപതയുടെ പൊതുമാനദണ്ഡമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രഖ്യാപിച്ചു. ഇടവക-മിഷന്‍ തലങ്ങളില്‍ ഈ പൊതുമാനദണ്ഡം പ്രാവര്‍ത്തികമാക്കാന്‍ ഉത്തരവാദിത്വപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു.

യുവജനങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അസ്വഭാവിക മരണങ്ങളില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തുകയും, വ്യത്യസ്തങ്ങളായ പ്രശ്നങ്ങളില്‍പ്പെട്ട് ഉഴലുന്ന കുഞ്ഞുങ്ങളേയും, യുവജനങ്ങളേയും സഹായിക്കാന്‍ ആവശ്യമായ അജപാലന പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രൂപതാതലത്തില്‍ നല്‍കപ്പെടുന്ന അജപാലനപരമായ നിര്‍ദേശങ്ങള്‍ ഫൊറോനാ അടിസ്ഥാനത്തില്‍ ക്രോഢീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ഫൊറോനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കരുണയുടെ ജൂബിലി വര്‍ഷത്തില്‍ കാരുണ്യത്തിന്‍റെ മുഖം രൂപത മുഴുവന്‍ പ്രകാശമാനമാക്കുവാനും മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കുവാനുമായി രൂപതാടിസ്ഥാനത്തില്‍ സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍റിനു രൂപം നല്‍കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം നിര്‍ദേശിച്ചു.

2016 ഏപ്രില്‍ ഒമ്പതാം തീയതി ബല്‍വുഡ് മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗിന്‍റെ സുപ്രധാന നിര്‍ദേശങ്ങള്‍ രൂപതാ ചാന്‍സിലര്‍ റവ.ഡോ. അഗസ്റ്റിന്‍ വേത്താനത്ത് ആണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

ജോയിച്ചന്‍ പുതുക്കുളം

parishcouncil_pic2 parishcouncil_pic3 parishcouncil_pic4

LEAVE A REPLY

Please enter your comment!
Please enter your name here