Saturday, May 4, 2024
spot_img
Home ന്യൂസ്‌ ലോകം കീഴടക്കാന്‍ വെര്‍ച്വല്‍ റിയാലിറ്റി; ഇന്ത്യന്‍ കമ്പനികളും കച്ചമുറുക്കുന്നു

ലോകം കീഴടക്കാന്‍ വെര്‍ച്വല്‍ റിയാലിറ്റി; ഇന്ത്യന്‍ കമ്പനികളും കച്ചമുറുക്കുന്നു

84
0

ലോകം പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ മായികതയിലേക്ക് ചുവടുവെയ്ക്കുകയാണ്. സാങ്കേതികതയുടെ ഇതുവരെയുള്ള സാധ്യതകളെല്ലാം സമന്വയിപ്പിച്ച് പ്രതീതി യാഥാര്‍ത്ഥ്യ ( VR – virtual reality ) ത്തിന്റെ വിചിത്രാനുഭവം പകരാന്‍ തയ്യാറെടുക്കുകയാണ് ലോകത്ത് പല കമ്പനികളും. മള്‍ട്ടിമീഡിയയുടെ സമന്വിതരൂപമായി വിആര്‍ ഉപകരണങ്ങളുടെ വലിയൊരു വിപണി ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ കമ്പനികളും ഈ സാഹചര്യം തിരിച്ചറിഞ്ഞ് അങ്കത്തിന് കോപ്പുകൂട്ടുകയാണ്.

സാംസങ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്‍മാരടക്കം നിരവധി കമ്പനികള്‍ വിആര്‍ രംഗത്തിനായി തയ്യാറാക്കിക്കഴിഞ്ഞു. ഫെയ്‌സ്ബുക്കിന്റെ ഒക്കുലസ് റിഫ്റ്റ്, സോണി പ്ലേസ്റ്റേഷന്‍ വിആര്‍, എച്ച്ടിസി വൈവ് എന്നിവയെ വളരെ പ്രതീക്ഷയോടെയാണ് ടെക്‌രംഗം കാത്തിരിക്കുന്നത്. കൂടാതെ റേസര്‍, ഫോവ്, സെയ്സ്, അവെഗാന്‍ഡ്, ഫ്രീഫ്ളൈ എന്നിങ്ങനെ വേറെ നിരവധി കമ്പനികളും രംഗത്തുണ്ട്. 

സാങ്കല്‍പികമായ ലോകത്ത് യഥാര്‍ത്ഥത്തില്‍ എത്തപ്പെട്ട അനുഭവമാണ് ഈ ഉപകരണങ്ങള്‍ ഉപയോക്താവില്‍ ഉണ്ടാക്കുക. സിനിമ, വീഡിയോ, ഗെയിമുകള്‍ തുടങ്ങിയവ ഇതിലൂടെ കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ സാഹചര്യത്തില്‍ എത്തിപ്പെട്ട അനുഭവം ഉപയോക്താവിന് ലഭിക്കും. ഏത് സാങ്കല്‍പിക ലോകവും യഥാര്‍ഥം എന്നപോലെ അനുഭവിക്കാന്‍ സാധിക്കും എന്നതാണ് സാധാരണ ഗതിയിലുള്ള കാഴ്ച-കേള്‍വി അനുഭവങ്ങളില്‍നിന്ന് വിആറിനെ വ്യത്യസ്തമാക്കുന്നതെന്ന്-ഒക്കുലസിന്റെ ചീഫ് സയന്റിസ്ററ് മൈക്കേല്‍ അബ്രാഷ് പറയുന്നു. 

30 വിആര്‍ ഗെയിംസ്, ആയിരക്കണക്കിന് 360 ഡിഗ്രി വീഡിയോകള്‍, ഷോര്‍ട് ഫിലിമുകള്‍ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഒക്കുലസ് റിഫ്റ്റ് നല്‍കുന്ന സംവിധാനം. കൂടാതെ ഒക്കുലസ് സ്റ്റോറില്‍നിന്ന് നിശ്ചിത കാലത്തേയ്ക്ക് സൗജന്യമായി വീഡിയോകള്‍ കാണുകയും ചെയ്യാം. എച്ച്ടിസി വൈവും സമാനമായ സൗകര്യങ്ങളാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നത്. സ്വന്തം വീഡിയോകള്‍ ഉപയോക്താക്കള്‍ക്ക് നിര്‍മിക്കാനുള്ള സൗകര്യവും ഇത്തരം ഉപകരണങ്ങളിലുണ്ട്.

VR Headset

ഒക്കുലസ് റിഫ്റ്റ് ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സോണി പ്ലേസ്റ്റേഷന്‍ വിആര്‍ ഈ വര്‍ഷം ഒക്ടോബറില്‍ എത്തും. എച്ച്ടിസി വൈവും ഈ വര്‍ഷാവസാനത്തോടെ ഉഭോക്താക്കള്‍ക്ക് ലഭ്യമാകും. ഒക്കുലസ് റിഫ്റ്റിന് 40000 രൂപയും സോണി പ്ലേസ്റ്റേഷന് 25000രൂപയും ആണ് ഏകദേശ വില. മറ്റ് പല കമ്പനികളും താരതമ്യേന കുറഞ്ഞ വിലയുള്ള വിആര്‍ ഉല്‍പന്നങ്ങളാണ് നിര്‍മിക്കുന്നത്. എന്നുവെച്ചാല്‍, സാധാരണക്കാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നതെന്ന് അര്‍ത്ഥം. സാംസങിന്റെ ഗിയര്‍ വിആറിന് 8,200 രൂപയാണ് വില.

ഇന്ത്യയില്‍ ആദ്യം കാര്‍ബണ്‍ 

ഈ രംഗത്തേയ്ക്കുള്ള ഇന്ത്യന്‍ കമ്പനികളുടെ ചുവടുവയ്പ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണ്‍ മൊബൈല്‍സിലൂടെയാണ് സംഭവിക്കുന്നത്. സ്മാര്‍ട്ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് വിആര്‍ ഉപകരണങ്ങളാണ് ഇവര്‍ വിപണിയിലിറക്കുന്നത്. 

താരതമ്യേന വിലക്കുറവുള്ള ഉപകരണങ്ങളാണ് കാര്‍ബണിന്റേത്. ക്വാര്‍ട്രോ എല്‍ 52 എന്ന മോഡല്‍ 8,490 രൂപയ്ക്കും മാച്ച് സിക്സ് 7490 രൂപയ്ക്കുമാണ് ഇവര്‍ വിപണിയിലിറക്കുന്നത്. രണ്ട് ഗെയിമുകള്‍ ഇവയില്‍ ഉണ്ടാവും. കൂടാതെ നിരവധി ആപ്പുകളും ഉപയോക്താവിന് വീഡിയോകള്‍ നിര്‍മിക്കാനുള്ള സൗകര്യവും ഉണ്ട്.

ഇന്ത്യയുടെ സ്മാര്‍ട്ഫോണ്‍ വിപണിയുടെ ഗതി പരിശോധിച്ചാല്‍ വിആര്‍ ഉല്‍പന്നങ്ങളുടെ വലിയൊരു വിപണി ഇന്ത്യയില്‍ ഉണ്ടെന്നാണ് കമ്പനികള്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ സാഹചര്യത്തിന് താങ്ങാവുന്ന വിലയില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക എന്നതിലാണ് കമ്പനികള്‍ ഇപ്പോള്‍ ശ്രദ്ധവെക്കുന്നത്. അതുകൊണ്ടുതന്നെയാണ് കാര്‍ബണ്‍ 10000 രൂപയില്‍ താഴെ വരുന്ന ഉപകരണങ്ങള്‍ വിപണിയിലിറക്കാന്‍ ശ്രദ്ധവയ്ക്കുന്നതെന്ന് കാര്‍ബണ്‍ മൊബൈല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശിന്‍ ദേവ്സരേ പറയുന്നു.

ഈ മേഖലയില്‍ വിപണിയിലെത്തുന്ന ആദ്യഘട്ട ഉപകരണങ്ങള്‍ എന്ന നിലയിലും വിലക്കുറവുള്ള ഉപകരണങ്ങള്‍ എന്ന നിലയിലും ഇന്ത്യന്‍ വിആര്‍ ഉപകരണങ്ങള്‍ക്ക് ഉപഭോക്താക്കളുടെ പ്രതീക്ഷകളെ എത്രത്തോളം തൃപ്തിപ്പെടുത്താനാവും എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. പ്രത്യേകിച്ച്, ഒക്കുലസ് റിഫ്റ്റ്, എച്ച്ടിസി വൈവ് എന്നിവ മികച്ച സാങ്കേതികതയുമായി വിപണി പിടിച്ചടക്കാന്‍ തയ്യാറെടുക്കുമ്പോള്‍.

2016 ല്‍ 17 ലക്ഷം വിആര്‍ ഉപകരണങ്ങള്‍ ലോകവ്യാപകമായി വില്‍ക്കപ്പെടുമെന്നാണ് കരുതുന്നത്. 6000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വരുമാനം. 2020 ഓടെ 12000 കോടി രൂപയുടെ വളര്‍ച്ച ഈ രംഗത്ത് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 

വരാനിരിക്കുന്നത് വിആര്‍ സാങ്കേതികതയുടെ വലിയൊരു കുതിച്ചുചൂട്ടത്തിന്റ കാലമാണെന്ന കാര്യത്തില്‍ സംശയമില്ല. ആ നിലയ്ക്ക് 2016 നിര്‍ണായകമായ ഒരു വര്‍ഷം ആയിരിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്

 

 

LEAVE A REPLY

Please enter your comment!
Please enter your name here