ആഷാ മാത്യു

ആതുര സേവനത്തിനുള്ള ‘നാമം’ (NAMAM) എക്‌സലന്‍സ് പുരസ്‌കാരം ഡോ.ജേക്കബ് ഈപ്പന്. പ്രശസ്ത ശിശുരോഗവിദഗ്ദ്ധനും അറിയപ്പെടുന്ന പൊതുജനാരോഗ്യ ഫിസിഷ്യനുമാണ് ഡോ. ജേക്കബ് ഈപ്പന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോ. ജേക്കബ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, സിഎംസി ലുധിയാന എന്നിവിടങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. ടാന്‍സാനിയയിലെ ഡാര്‍-എസ്-സലാമിലെ ആഗാ ഖാന്‍ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ആയി ജോലി ചെയ്തു.

1984ല്‍ ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ ഡോ. ജേക്കബ് ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദം നേടി. യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഓഫ് റെഫ്യൂജീസിന്റെ (UNHCR) പ്രൊജക്ടിന്റെ ഭാഗമായി ആരോഗ്യ ഉപദേഷ്ടാവായി സേവനം ചെയ്തു. പാലോ ആള്‍ട്ടോയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംഡി പൂര്‍ത്തിയാക്കിയ ഡോ. ഈപ്പന്‍ നിലവില്‍ കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംവിധാനങ്ങളിലൊന്നായ അലമേഡ ഹെല്‍ത്ത് സിസ്റ്റത്തിന്റെ മെഡിക്കല്‍ ഡയറക്ടറായി വിരമിച്ചു.

നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലുള്ള വാഷിംഗ്ടണ്‍ ഹോസ്പിറ്റല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് പൊതുതെരഞ്ഞെടുപ്പില്‍ 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ആദ്യ ഇന്ത്യക്കാരനാണ്. ലോകമെമ്പാടുമായി നിരവധി മാധ്യമ സെമിനാറുകളിലും മറ്റും സംസാരിച്ചിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട പബ്ലിക് ഹെല്‍ത്ത് കണ്‍സള്‍ട്ടന്റാണ്.

കാലിഫോര്‍ണിയയിലെ സ്റ്റേറ്റ് ഹെല്‍ത്ത് കെയര്‍ ബോര്‍ഡില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ.ജേക്കബ് ഈപ്പന്‍ എലിസ് ഐലന്‍ഡ് മെഡല്‍ ഓഫ് ഓണര്‍, കാലിഫോര്‍ണിയ മെഡിക്കല്‍ ബോര്‍ഡിന്റെ ഫിസിഷ്യന്‍ റെക്കഗ്നിഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ആരോഗ്യ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടിട്ടുള്ള ഡോ. ജേക്കബ് നിലവില്‍ കേരള ഫെഡറേഷന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്, ജിഐസി (ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍) ആരോഗ്യ സമിതിഅധ്യക്ഷന്‍, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂയോര്‍ക്ക് ന്യൂ സിറ്റിയിലുള്ള ക്‌നാനായ കാത്തലിക് സെന്ററില്‍ വെച്ച് നടക്കുന്ന നാമം അവാര്‍ഡ് നൈറ്റില്‍ വെച്ച് ഡോ. ജേക്കബ് ഈപ്പന്‍ പുരസ്‌കാരം സ്വീകരിക്കും. എംബിഎന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് നാമം അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവരെയാണ് പ്രമുഖ പ്രവാസി സംഘടനയായ ‘നാമം’ അവാര്‍ഡ് നല്‍കി ആദരിക്കുക. മുന്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ നാമം നാമം എക്‌സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമാണ്. ഡോ. ആശാ മേനോന്‍ പ്രസിഡന്റും കേരളാടൈംസ് ഓണ്‍ലൈന്‍ ന്യൂസ് ചാനലിന്റെ മാനേജിംഗ് ഡയറക്ടറായ പോള്‍ കറുകപ്പിള്ളില്‍ പ്രോഗ്രാംകോഡിനേറ്ററുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.namam.org എന്ന സൈറ്റ്സന്ദര്‍ശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here