ബാബു പി സൈമൺ

ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ റൈറ്റ്.റവ.ഡോ.ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പയ്ക്ക് ഡിസംബർ 10ന് യാത്രയയപ്പ് നൽകുന്നു. ഡിസംബർ 31ന് നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പാ സ്ഥാനമൊഴിയുന്ന അഭിവന്ദ്യ തിരുമേനി , 2024 ജനുവരി ഒന്നു മുതൽ തിരുവനന്തപുരം കൊല്ലം ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പയായി ചുമതലയേൽക്കും.

2016 ഏപ്രിൽ ഒന്നുമുതൽ ആയിരുന്നു അഭിവന്ദ്യ തിരുമേനി നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ചുമതലയിലേക്ക് പ്രവേശിച്ചത്. അഭിവന്ദ്യ തിരുമേനിയുടെ നേതൃത്വത്തിൽ 7 റീജിയനുകളിലായി 33 രജിസ്ട്രേഡ് ശാഖകൾ ഭദ്രാസനത്തിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ വിവിധ മിഷൻ പ്രവർത്തനങ്ങളും, വേദ പഠന ക്ലാസുകളും, കോൺഫറൻസുകളും വർഷംതോറും ക്രമീകരിച്ചു വരുന്നു. ഭദ്രാസന യുവജനസഖ്യത്തിന്റെ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ലൈറ്റ് ടു ലൈഫ് , മെക്സിക്കോ മിഷൻ, നേറ്റീവ് അമേരിക്ക മിഷൻ എന്നിവിടങ്ങളിലേക്ക് യുവജനസഖ്യത്തിന്റെ സഹായം എത്തിക്കുവാൻ തിരുമേനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2023 മുതൽ ഭദ്രാസന യുവജനസഖ്യത്തിന്റെ കൗൺസിൽ അംഗങ്ങളായി റവ. സാം കെ ഈശോ(വൈസ് പ്രസിഡൻറ്), ബിജി ജോബി (സെക്രട്ടറി), അനീഷ് വർഗീസ് (ട്രെസ്സുറെർ), ബിൻസി ജോൺ (അസംബ്ലി മെമ്പർ) എന്നിവർ പ്രവർത്തിച്ചുവരുന്നു.

ന്യൂജേഴ്സി പ്രിൻസിങ്ടൺ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബിരുദാനന്തരബിരുദവും, ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് പിഎച്ച്ഡിയും ഡോ.ഫിലോക്സിനോസ് തിരുമേനി കരസ്ഥമാക്കിയിട്ടുണ്ട്. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് സെൻട്രൽ കമ്മിറ്റി അംഗം , ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്മെൻറ് പ്രസിഡൻറ്, സെറാമ്പൂർ യൂണിവേഴ്സിറ്റി സെനറ്റ് പ്രസിഡൻറ് എന്നീ നിലകളിലും അഭിവന്ദ്യ തിരുമേനി സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കഷ്ടത അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി ലൈറ്റ് ടു ലൈഫ് എന്ന പദ്ധതിക്കും തിരുമേനി ഈ രൂപം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഏഴു വർഷക്കാലം തിരുമേനിയുടെ നേതൃത്വത്തിൽ ഭദ്രാസന യുവജനസഖ്യം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഭദ്രാസന യുവജനസഖ്യത്തിന്റെ ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ടതാണെന്ന് , കഴിഞ്ഞ നാലു വർഷം ഭദ്രാസന യുവജനസഖ്യം സെക്രട്ടറിയായി തിരുമേനിയോടൊപ്പം പ്രവർത്തിച്ച ബിജി ജോബി അഭിപ്രായപ്പെട്ടു. അഭിവന്ദ്യ തിരുമേനിക്ക് ഭദ്രാസന യുവജന സഖ്യം ക്രമീകരിച്ചിട്ടുള്ള യാത്രയയപ്പ് സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും, പ്രാർത്ഥനാ പൂർവ്വമായ പങ്കാളിത്തവും സഖ്യം വൈസ് പ്രസിഡൻറ് റവ.സാം കെ ഈശോ അഭ്യർത്ഥിച്ചു. യാത്രയയപ്പ് സമ്മേളനത്തിന്റെ തൽസമയ പ്രക്ഷേപണം Marthoma Media എന്ന മാധ്യമത്തിലൂടെ ലഭ്യമാണെന്ന് ചുമതലക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here