പതിനാറു വയസിനു താഴെയുള്ള കുട്ടികൾക്കു സാമൂഹ്യ മാധ്യമങ്ങളിൽ നിരോധനം ഏർപ്പെടുത്തുന്ന ബിൽ ഫ്ലോറിഡ നിയമസഭ പാസാക്കി. ബിൽ വേണ്ടത്ര കർശനമല്ലെന്നു അഭിപ്രായപ്പെട്ട ഗവർണർ റോൺ ഡിസാന്റിസ് ഒപ്പു വച്ചാൽ അത് നിയമമാവും. മാതാപിതാക്കൾക്കും ഈ നിയന്ത്രണത്തിൽ പങ്കുണ്ടാവണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വ്യാഴാഴ്ച സെനറ്റ് 23-14 വോട്ടിനു അംഗീകരിച്ച ബിൽ ഹൗസ് പിന്നീട് പാസാക്കിയത് ഏഴിനെതിരെ 108 വോട്ടിനാണ്. യുഎസിൽ ആദ്യമായാണ് ഇത്തരത്തിലൊരു നിയന്ത്രണം വരുന്നത്.

ഇന്റർനെറ്റിൽ അടിമപ്പെട്ടു പോകുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നത് തടയാനാണ് ഈ നിയന്ത്രണമെന്നു അവതരിപ്പിച്ചവർ പറയുന്നു. ലൈംഗിക ആക്രമണങ്ങൾ, കൗമാരക്കാരുടെ ആത്മഹത്യ എന്നിവ തടയുന്നത് ലക്ഷ്യങ്ങളിൽ പെടുന്നു.

ബിൽ സ്പോൺസർ ചെയ്ത റിപ്പബ്ലിക്കൻ എറിക് ഗ്രാൽ സെനറ്റിൽ പറഞ്ഞു: “നമ്മുടെ കുട്ടികൾക്കു ദ്രോഹം ചെയ്യുന്നതിനു അവരെ അടിമകളാക്കാൻ വ്യാപകമായി ശ്രമം നടത്തുന്ന ബിസിനസുകളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.

മറ്റു ചില സംസ്ഥാനങ്ങൾ ഇത്തരമൊരു നിയമം കൊണ്ടുവരാൻ ശ്രമിച്ചത് കോടതികൾ തടഞ്ഞിരുന്നു. ഫസ്റ്റ് അമെൻഡ്മെന്റ് നൽകുന്ന അവകാശങ്ങൾ ചോദ്യം ചെയ്യുന്ന നിയമമാണിതെന്നു വിദഗ്‌ധർ പറയുന്നു.

ചില സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ തുറക്കാൻ 13 വയസെങ്കിലും വേണമെന്നു പ്ലാറ്റ്‌ഫോമുകൾ തന്നെ നിയന്ത്രണം വച്ചിട്ടുണ്ട്. അതൊന്നും പക്ഷെ ഫലപ്രദമായി നടപ്പാക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here