ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തിയ “കലാമേള 2016′-ല്‍ എമ്മ കാട്ടൂക്കാരന്‍ കലാതിലകവും, അലന്‍ ചേന്നോത്ത് കലാപ്രതിഭയുമായി. പീറ്റര്‍ വടക്കുംചേരിയും, നെസ്സ മാത്യുവുമാണ് റൈസിംഗ് സ്റ്റാര്‍സ്.

കാട്ടൂക്കാരന്‍ സന്തോഷിന്റേയും, ലിനറ്റിന്റേയും മകളായ എമ്മ ഓക്ക് ഗ്രോവ് സ്കൂളില്‍ മൂന്നാംക്ലാസില്‍ പഠിക്കുന്നു. സൂര്യ ഡാന്‍സ് സ്കൂളില്‍ ആറു വയസുമുതല്‍ നൃത്തം അഭ്യസിക്കുന്ന എമ്മ നല്ലൊരു പ്രാസംഗികകൂടിയാണ്. ഭരതനാട്യം, നാടോടി നൃത്തം, മലയാളം പ്രസംഗം എന്നിവയില്‍ ഒന്നാംസ്ഥാനവും , സിനിമാറ്റിക് ഡാന്‍സ്, ഇംഗ്ലീഷ് പ്രസംഗം എന്നിവയില്‍ രണ്ടാം സ്ഥാനവും നേടി 21 പോയിന്റോടെയാണ് എമ്മ കലാതിലകപ്പട്ടം നേടിയത്. ഇതുകൂടാതെ പങ്കെടുത്ത മൂന്നു ഗ്രൂപ്പിനങ്ങളിലും (സിനിമാറ്റിക് ഡാന്‍സ്, ഡിവോഷണല്‍ ഡാന്‍സ്, ഭരതനാട്യം) ഒന്നാം സ്ഥാനവും നേടുകയുണ്ടായി.

കലാപ്രതിഭയായ അലന്‍ ചേന്നോത്ത് ഡോ. സാല്‍ബി പോളിന്റേയും, മഞ്ജുവിന്റേയും മകനാണ്. റോബര്‍ട്ട് ഫ്രോസ്റ്റ് സ്കൂളില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിയായി അലന്‍ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തുന്നു. ബ്രോഡ്കാസ്റ്റിംഗ്, കോറസ് എന്നിവയില്‍ അംഗമായ അലന്‍, സ്കൂള്‍ ബോര്‍ഡില്‍ ക്ലാസിനെ പ്രതിനിധീകരിച്ച് തന്റെ നേതൃപാടവം തെളിയിക്കുന്നു. ടെന്നീസിലും നീന്തലിലുമുള്ള താത്പര്യത്തോടൊപ്പം നൃത്തപഠനവും തുടരുന്നു. മൂന്നു വയസുമുതല്‍ സ്റ്റേജുകളില്‍ സജീവ സാന്നിധ്യമായ അലന്‍ സീറോ മലബാര്‍ ക്വയര്‍ അംഗം കൂടിയാണ്. വെസ്റ്റേണ്‍ ഡാന്‍സിലും, ഫാന്‍സി ഡ്രസിലും ഒന്നാം സ്ഥാനവും, സിനിമാറ്റിക് ഡാന്‍സില്‍ മൂന്നാം സ്ഥാനവും നേടിയാണ് കലാപ്രതിഭാ പട്ടം സ്വന്തമാക്കിയത്.

മികച്ച പ്രകടനം കാഴ്ചവെച്ച നെസ്സ മാത്യുവിനും, പീറ്റര്‍ വടക്കുംചേരിക്കും റൈസിംഗ് സ്റ്റാര്‍സ് അംഗീകാരം നല്‍കി. തോമസ് & ബിന്‍സി വടക്കുംചേരിയുടെ മകനാണ് പീറ്റര്‍. നെസ്സാ മാത്യു, സിബു & ആശാ മാത്യു ദമ്പതികളുടെ മകളാണ്.

മുന്നൂറോളം കുഞ്ഞുങ്ങള്‍ വളരെ വാശിയോടെ പങ്കെടുത്ത ഈ കലാമേളയുടെ വിജയത്തിനായി അക്കാഡമി ഡയറക്ടര്‍ ബീന വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ മാതാപിതാക്കളും, മുതിര്‍ന്ന കുട്ടികളുമടങ്ങുന്ന വലിയൊരു ടീം പ്രവര്‍ത്തിച്ചു. ബോര്‍ഡ് അംഗങ്ങളായ ലിന്‍സി വടക്കുംചേരി, ഷെന്നി പോള്‍, ആശാ മാത്യു എന്നിവര്‍ മൂന്നു വേദികളിലേയും ക്രമീകരണങ്ങള്‍ക്കും മത്സരങ്ങള്‍ക്കും വളരെ ഭംഗിയായി നേതൃത്വം നല്‍കി.

വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കുട്ടികളെ അനുമോദിച്ച് സംസാരിക്കുകയും ട്രോഫികള്‍ നല്‍കുകയും ചെയ്തു. ലിന്‍സി വടക്കുംചേരി എല്ലാ വിജയികളേയും അനുമോദിക്കുകയും കലാമേളയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here