വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനു തൊട്ടടുത്ത് ഡോണൾഡ് ട്രംപ്. ഇന്നലെ വാഷിങ്ടണിലെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ ട്രംപ് വിജയം കുറിച്ചു.

വാഷിങ്ടണിലെ 44 റിപ്പബ്ലിക്കൻ പ്രതിനിധികളിൽ 27 പേരും ട്രംപിനെ പിന്തുണയ്ക്കും. 1237 പ്രതിനിധികളുടെ പിന്തുണയാണ് പാർട്ടി സ്ഥാനാർഥിത്വം ലഭിക്കാൻ വേണ്ടത്. ട്രംപിന് ഇപ്പോൾ 1209 പേരുടെ പിന്തുണയായിക്കഴിഞ്ഞു. ബാക്കിയുള്ള പ്രൈമറികളിലും കോക്കസുകളിലുമായി 352 പ്രതിനിധികളെ തിരഞ്ഞെടുക്കാനുണ്ട്. ട്രംപ് വിജയം നേടുമെന്ന് ഇതോടെ ഉറപ്പായി.

ഡെമോക്രാറ്റിക് പാർട്ടിയിൽ ഹിലറി ക്ലിന്റണും സ്ഥാനാർഥിത്വത്തോട് അടുക്കുകയാണ്. 2383 പ്രതിനിധികളുടെ പിന്തുണ വേണ്ട ഹിലറിക്ക് ഇപ്പോൾ 2287 പേരുടെ പിന്തുണ കിട്ടിക്കഴിഞ്ഞു. 988 പ്രതിനിധികളെ ഇനി തിരഞ്ഞെടുക്കാനുണ്ട്. ഇതിനിടെ, ന്യൂ മെക്സിക്കോയിലെ അൽബുക്കർക്കിൽ ട്രംപിന്റെ റാലിയിൽ സംഘർഷമുണ്ടായി. ട്രംപ് വിരുദ്ധ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കല്ലേറുമുണ്ടായി. ട്രംപിന്റെ പ്രസംഗം പലതവണ തടസ്സപ്പെട്ടു.

യുഎസിലെ എഴുത്തുകാരും കലാകാരന്മാരും ട്രംപിനെതിരെ രംഗത്തുവരുന്നതു തുടരുകയാണ്. ട്രംപിന്റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് എഴുത്തുകാർ ഒപ്പിട്ട കത്തു തയാറായിട്ടുണ്ട്. ഇന്ത്യൻ വംശജരായ എഴുത്തുകാരായ സാമിന അലിയും മലയാളി വേരുകളുള്ള മീറ ജേക്കബും കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here