വാഷിംഗ്ടണ്‍: അമേരിക്കയുടെ ശാസ്ത്ര-സാങ്കേതിക-ബാംങ്കിംഗ് മേഖലകളില്‍ കുടിയേറ്റക്കാരായ ഇന്ത്യക്കാരും അവരുടെ പിന്‍തല മുറക്കാരും നല്‍കിയതു വിലപ്പെട്ട സേവനങ്ങളാണ്. വൈറ്റ്ഹൗസ് ഉള്‍പ്പെടെ രാജ്യത്തെ നിര്‍ണായക കേന്ദ്രങ്ങളിലെല്ലാം ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം പ്രകടനമാണ്. ഇവര്‍ക്കു പിന്നാലെ മൂന്നാംതലമുറയും ബൗദ്ധികമേഖലയില്‍ ഉള്‍പ്പെടെ മേധാവിത്വം പുലര്‍ത്തുകയാണെന്ന വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞയാഴ്ച നടന്ന രണ്ട് സംഭവങ്ങള്‍. കഴിഞ്ഞയാഴ്ച നടന്ന സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ വിജയിച്ചത് ഇന്ത്യന്‍ വംശജരായ രണ്ട് ആണ്‍കുട്ടികളായിരുന്നു- ടെക്‌സസില്‍നിന്നുള്ള പതിനൊന്നുകാരന്‍ നിഹാര്‍ ജംഗയും ന്യൂയോര്‍ക്കില്‍നിന്നുള്ള പതിമൂന്നുകാരന്‍ ജയ്‌റാം ഹത്‌വാറും. 25 റൗണ്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഈ ജോഡികള്‍ വിജയികളായി പ്രഖ്യാപിക്കപ്പെട്ടത്. ആവേശകരമായ മത്സരം ടെലിവിഷനില്‍ സജീവ സംപ്രേഷണം ചെയ്തിരുന്നു. സമ്മാനമായി ഇരുവര്‍ക്കും 40,000 ഡോളര്‍ (ഏകദേശം 26,40,000 രൂപ) വീതം ലഭിച്ചു. ഈ വിജയത്തിനു മറ്റിടങ്ങളില്‍ നിന്നു ലഭിച്ച സമ്മാനങ്ങള്‍ വേറെ.
ഇന്ത്യന്‍ വംശജരായ ഗോകുല്‍ വെങ്കടാചലം- വന്യ ശിവശങ്കര്‍ ജോഡിയായിരുന്നു 2015-ലെ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ വിജയിച്ചത്. വന്യയുടെ മൂത്ത സഹോദരി കാവ്യ 2009-ലെ മത്സരത്തില്‍ വിജയിച്ചിരുന്നു. ഇക്കൊല്ലത്തെ വിജയികളിലൊരാളായ ജയ്‌റാമിന്റെ മൂത്തസഹോദരന്‍ ശ്രീറാം ഹത്‌വാറും ആന്‍സണ്‍ സുജോയും ചേര്‍ന്ന ടീമാണ് 2014-ല്‍ വിജയിച്ചത്. 2013-ല്‍ അരവിന്ദ് മഹാങ്കലി, 2012-ല്‍ സ്‌നിഗ്ധ നന്ദിപതി, 2010-ല്‍ സുകന്യ റോയി, അനാമിക വീരമണി എന്നീ ഇന്ത്യന്‍ വംശജരും സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ വിജയിച്ചു. ഈവര്‍ഷത്തെ മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയ 285 പേരില്‍ 70 പേരും ദക്ഷിണേഷ്യന്‍ വംശജരായിരുന്നു. മെറ്റ്‌ലൈഫ് സൗത്ത് ഏഷ്യന്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഉയര്‍ന്ന റാങ്ക് നേടിയവരുമായിരുന്നു ഇവരില്‍ പലരും.

അമേരിക്കന്‍ കുട്ടികളുടെ ഭൂമിശാസ്ത്രപരമായ അറിവുകള്‍ പരിശോധിക്കുന്ന നാഷണല്‍ ജ്യോഗ്രഫിക് ബീ മത്സരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മുന്നിലെത്തിയതും ഇന്ത്യന്‍ വംശജരായ കുട്ടികളായിരുന്നു. എണ്‍പതു ശതമാനത്തിനു മുകളിലായിരുന്നുഈ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ വംശജരായ കുട്ടികളുടെ വിജയനിരക്ക്. ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യന്‍ വംശജരായ സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ മികച്ച മത്സരപ്രകടനം കാഴ്ചവയ്ക്കാറുണ്ട്. സ്‌പെല്ലിംഗ് ബീ, ജ്യോഗ്രഫിക് ബീ മത്സരങ്ങളിലെ പ്രകടനത്തിന്റെ മികവിനോളം അവ എത്താറില്ലെങ്കിലും. പക്ഷേ അമേരിക്കന്‍ ജനസംഖ്യയിലെ അവരുടെ പ്രാതിനിധ്യത്തിന്റെ അളവ് നോക്കുമ്പോള്‍ ഇന്ത്യന്‍ വംശജരായ കുട്ടികളുടെ പ്രകടനത്തിന്റെ തോത് വളരെ മികച്ചതാണ്. സീമെന്‍സ് സയന്‍സ് കോമ്പറ്റീഷന്‍, ഇന്റല്‍ സയന്‍സ് ടാലെന്റ് സെര്‍ച്ച്, മാത് കൗണ്ട്‌സ്, റോഡ്‌സ്, ട്രൂമാന്‍, ചര്‍ച്ചില്‍, മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ മത്സരങ്ങളില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍ അഭിമാനകരമായ വിജയം നേടുന്നു.

അമേരിക്കയിലെ സ്‌കൂള്‍കുട്ടികളില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍ ഒരു ശതമാനത്തില്‍ താഴെയേ വരൂ. എന്നിട്ടും ഇത്ര മികച്ചരീതിയില്‍ വിജയങ്ങള്‍ നേടാന്‍ അവര്‍ക്കു കഴിയുന്നതിന് എന്താണു കാരണം? പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ ദേവേഷ് കപൂര്‍, കലിഫോര്‍ണിയ സാന്താക്രൂസ് യൂണിവേഴ്‌സിറ്റിയിലെ നിര്‍വീകാര്‍ സിംഗ്. ഫിലാഡല്‍ഫിയയിലെ സഞ്ജയ് ചക്രവര്‍ത്തി എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠനങ്ങള്‍ ഇതുസംബന്ധിച്ചു ശ്രദ്ധേയമായ പല വിവരങ്ങളും പുറത്തുകൊണ്ടുവന്നു. കുട്ടികളുടെ പ്രകടനത്തിന്റെ മികവ് നിശ്ചയിക്കുന്ന പ്രധാന ഘടകം മാതാപിതാക്കളുടെ നിലവാരം തന്നെ. രണ്ടാംതലമുറയില്‍പ്പെട്ട ഇന്ത്യന്‍-അമേരിക്കരില്‍ ഭൂരിഭാഗവും മികച്ച വിദ്യാഭ്യാസമുള്ളവരാണ്. ബിരുദാനന്തര ബിരുദവും പ്രഫഷണല്‍ യോഗ്യതകളുമുള്ളവരാണ് ഇപ്പോള്‍ അമേരിക്കയിലേക്കു കുടിയേറുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും. ഇവരില്‍ 90 ശതമാനവും സാങ്കേതിക വിഷയങ്ങളില്‍ ബിരുദമുള്ളവരാണ്- ഒട്ടുമിക്കവരും എന്‍ജിനിയര്‍മാരും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ കംപ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലോ ജോലിയുള്ളവരാണ് ഇവരില്‍ മൂന്നിലൊന്നും.
അമേരിക്കയില്‍ സംരംഭകരായിട്ടുള്ള ഇന്ത്യന്‍ വംശജരും ധാരാളം. ഗ്യാസ് സ്റ്റേഷനുകള്‍ (പെട്രോള്‍ പമ്പ്), ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകള്‍, മോട്ടലുകള്‍-ഹോട്ടലുകള്‍ എന്നീ രംഗങ്ങളിലാണ് ഇന്ത്യന്‍ വംശജരായ സംരംഭകര്‍ കൂടുതലും. മത്സരങ്ങളില്‍ മികവുനേടുന്ന ഇന്ത്യന്‍ വംശജരായ കുട്ടികളുടെ മാതാപിതാക്കള്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ളവരും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടിയിട്ടുള്ളവരുമാണ്. ഓര്‍മശക്തി ആര്‍ജിക്കാനും എളുപ്പവഴികളിലൂടെ പാഠങ്ങള്‍ ഹൃദിസ്ഥമാക്കാനും അവര്‍ കുട്ടികളെ പഠിപ്പിക്കുന്നു. അവരുടെ സാമൂഹിക- കുടുംബ കൂട്ടായ്മകള്‍ ഇത്തരം പരിശീലനത്തിനു സഹായകമായും വര്‍ത്തിക്കുന്നുണ്ട്. കഠിനാധ്വാനത്തിലൂടെ ഉന്നത ബിരുദങ്ങള്‍ നേടി വിജയങ്ങള്‍ കൈവരിച്ചവര്‍ തങ്ങളുടെ ആര്‍ജിതമൂല്യങ്ങള്‍ അടുത്ത തലമുറയിലേക്കും പകരുന്നു.

വിജയത്തിനായുള്ള ദാഹം കുടിയേറ്റക്കാരില്‍ രൂഢമൂലമാണ്. അവര്‍ അതു നേടാന്‍ കഠിനമായി അധ്വാനിക്കുകയും ചെയ്യുന്നു. അതു കണ്ടുവളരുന്ന കുട്ടികളും വിജയത്തിനായി കഠിനമായി പരിശ്രമിക്കുകയും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്യുന്നു. അതേസമയം സംഗീതരംഗത്തോ കായികമത്സരങ്ങളിലോ ഇന്ത്യന്‍ വംശജരായ കുട്ടികള്‍ അമേരിക്കയില്‍ മികച്ച പ്രകടനത്തിന്റെ അടുത്തെങ്ങും എത്താറില്ല എന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ ഫുട്‌ബോളിലോ ബേസ്‌ബോളിലോ ബാസ്‌കറ്റ്‌ബോളിലോ ഐസ് ഹോക്കിയിലോ ഇന്ത്യന്‍ വംശജരായ ആരും ഇതുവരെ പ്രഫഷണല്‍ ലീഗില്‍ കളിച്ചിട്ടില്ല. അതിനു കാരണവുമുണ്ട്. തങ്ങളുടെ സംസ്‌കാരത്തില്‍ കുട്ടികള്‍ വളരണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍ പരമ്പരാഗത ഇന്ത്യന്‍ സംഗീതമാണ് അവരെ അഭ്യസിപ്പിക്കുന്നത് എന്നാണ് പഠനത്തില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here