ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നാലാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന് സിറിയക് കൂവക്കാട്ടില്‍ ജനറല്‍ കണ്‍വീനറായിട്ടുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കി.

നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സ്‌പോര്‍ട്‌സിനെ നെഞ്ചോട് ചേര്‍ക്കുന്ന ചിക്കാഗോ മലയാളി സമൂഹത്തിലേക്ക് കഴിഞ്ഞ മൂന്നുവര്‍ഷമായി കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വടംവലി ടൂര്‍ണമെന്റ് അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് സാജു കണ്ണമ്പള്ളി പറഞ്ഞു.

2016 സെപ്റ്റംബര്‍ 5-ന് തിങ്കളാഴ്ച ചിക്കാഗോ (മോര്‍ട്ടന്‍ഗ്രോവ്) സെന്റ് മേരീസ് ക്‌നാനായ പള്ളി (7800, W.Lyons St. Morton Grove, IL, 60053) മൈതാനിയില്‍ വച്ചു നടക്കുന്ന ഈ മഹാ വടംവലി ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നുവെന്ന് ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു.

വടംവലി മേളയ്ക്കപ്പുറം ചിക്കാഗോ സോഷ്യല്‍ ക്ലബ് നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. നാട്ടില്‍ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന കായിക താരങ്ങള്‍ക്കും, കലാകാരന്മാര്‍ക്കും സാമ്പത്തിക സഹായത്തിനുമപ്പുറം സ്‌നേഹമന്ദിരം പോലുള്ള അനാഥമന്ദിരങ്ങള്‍ക്കും ധനസഹായം നല്‍കാനും സോഷ്യല്‍ ക്ലബ് മുന്‍കൈ എടുക്കുന്നു.

ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്ന ഓണക്കാലത്ത് ആര്‍പ്പുവിളികള്‍ ഉയര്‍ത്താന്‍ വടംവലി മാമാങ്കം അവസരമൊരുക്കുകയാണ്. അവിസ്മരണീയമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഈ കായികമേള ആസ്വദിക്കാന്‍ ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

image

LEAVE A REPLY

Please enter your comment!
Please enter your name here