USന്യൂയോര്‍ക്ക്:യു എസിലെ ഒര്‍ലാന്‍ഡോയില്‍ നിശാക്ലബില്‍ നടന്ന വെടിവെയ്പ്പില്‍ നിന്ന് നിരവധി ജീവനുകള്‍ രക്ഷിച്ചത് ഇന്ത്യന്‍ വംശജനാണെന്ന് മറീന്‍ കോര്‍പ്‌സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. യു എസ് നാവികസേനാ ഉദ്യോഗസ്ഥനായ ഇന്ത്യന്‍ വംശജന്‍ ഇമ്രാന്‍ യൂസഫാണ് നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വെടിവയ്പ്പു നടന്ന പള്‍സ് നൈറ്റ്ക്ലബില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു യൂസഫ്. അഫ്ഗാനിസ്ഥാനിലെ സൈനിക പരിചയമാണ് ആളുകളെ രക്ഷിക്കാന്‍ സഹായകമായതെന്ന് യൂസഫ് പറഞ്ഞു.
അക്രമി ക്ലബില്‍ പ്രവേശിച്ച് ആക്രമണം തുടങ്ങിയപ്പോള്‍ എല്ലാവരോടും മാറാനും വാതില്‍ തുറക്കാനും താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പേടികാരണം ആരും മാറാന്‍ തയാറായില്ലെന്നും യൂസഫ് വ്യക്തമാക്കി. രണ്ടു വഴികളേ തന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ മരണത്തിനായി കാത്തിരിക്കുക അല്ലെങ്കില്‍ തന്നെക്കൊണ്ടു കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുക. തുടര്‍ന്ന് താന്‍ പിന്‍വശത്തേക്ക് ചാടി അവിടെയുള്ള വാതില്‍ തുറന്ന് കഴിയുന്നത്ര ആളുകളെ പുറത്തിറക്കി. എഴുപതോളം പേരെ രക്ഷിക്കാന്‍ തനിക്ക് സാധിച്ചു. യൂസഫ് പറയുന്നു.
കഴിഞ്ഞ മാസമാണ് നാവികസേനയില്‍നിന്ന് യൂസഫ് രാജിവച്ചത്. ഇന്ത്യയില്‍നിന്ന് കുടിയേറിയ യൂസഫിന്റെ കുടുംബം ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാനയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here