2001 മാര്‍ച്ചു മാസം പതിമൂന്നാം തീയതി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാല്‍ സ്ഥാപിതമായി, ജൂലൈ ഒന്നാം തീയതി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ട സീറോമലബാര്‍ രൂപത അത്ഭുതകരമായ വളര്‍ച്ചയുടെ പതിന്നാലു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സ്ഥാപനവര്‍ഷത്തില്‍ വെറും രണ്ട്‌ ഇടവകകളും ആറു മിഷനുകളുമായി ആരംഭം കുറിച്ച രൂപതയ്‌ക്ക്‌ ഇന്നു വടക്കേ അമേരിക്കയുടെ വിവിധഭാഗങ്ങളിലായി 36 ഇടവകകളും 35 മിഷനുകളുമുണ്ട്‌. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള അമേരിക്കയില്‍ സീറോമലബാര്‍ വിശ്വാസികള്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന നഗരങ്ങളിലും ഗ്രാമങ്ങളിലും ചെന്നെത്തി ഇടവക ദൈവാലയങ്ങളും മിഷനുകളും സ്ഥാപിച്ച്‌ സഭാസമൂഹങ്ങള്‍ക്കു രൂപം നല്‍കുകയെന്നത്‌ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എങ്കിലും രൂപതാദ്ധ്യക്ഷനായ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ ശക്തമായ നേതൃത്വത്തില്‍ ബഹുമാനപ്പെട്ട വൈദികരും ആത്മായരും നടത്തിയ നിസ്വാര്‍ത്ഥമായ പരിശ്രമങ്ങള്‍ ഇന്നു ഫലം ചൂടി നില്‍ക്കുന്നു. സഹായ മെത്രാനായ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട്‌ പിതാവിലൂടെ രൂപതാദ്ധ്യക്ഷന്റെ കരങ്ങള്‍ ശക്തിപ്രാപിച്ച്‌, കൂടുതല്‍ കരുത്തോടെ രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

വിശ്വാസജീവിതത്തിലും സ്വഭാവരൂപീകരണത്തിലും കൂട്ടായ്‌മയിലുള്ള വളര്‍ച്ചയിലും ഇടവക ദൈവാലയത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ സീറോമലബാര്‍ ദേവാലയങ്ങള്‍ സ്ഥാപിയ്‌ക്കാന്‍ ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തില്‍ ആത്മായസഹോദരങ്ങള്‍ മുന്നിട്ടിറങ്ങിയത്‌. ദൈവാലയങ്ങള്‍ സ്വന്തമായുള്ള സീറോമലബാര്‍ സമൂഹങ്ങളില്‍ സഭാംഗങ്ങളുടെ തിരക്ക്‌ അത്ഭുതകരമാണ്‌. കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും സ്വഭാവരൂപീകരണത്തിലും കുടുംബങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലുമുള്ള ഊഷ്‌മളബന്ധങ്ങളുടെ നിര്‍മ്മിതിയിലും ഇടവകക്കൂട്ടായ്‌മകള്‍ വേദിയാകുന്നു. അതുകൊണ്ടു തന്നെ ഇടവകകളിലും മിഷനുകളിലും രജിസ്റ്റര്‍ ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു.

ഏകദേശം ഒരു ലക്ഷത്തോളം വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്ന രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലുമായി 8500 കുട്ടികള്‍ വിശ്വാസപരിശീലനം നടത്തുന്നു. യുവജനങ്ങളുടെയും കുടുംബങ്ങളുടെയും രൂപീകരണത്തിനായി വ്യത്യസ്‌തങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെടുന്നു. നിസ്വാര്‍ത്ഥതയുടെയും അര്‍പ്പണമനോഭാവത്തിന്റെയും മുഖമുദ്രയായി വിശ്വാസപരിശീലനരംഗത്ത്‌ ശുശ്രൂഷ ചെയ്യുന്ന 1300ല്‍ പരം വിശ്വാസപരിശീലകര്‍ തോമാശ്ലീഹായിലൂടെ ലഭിച്ച വിശ്വാസാനുഭവം ഇളംതലമുറയ്‌ക്കു പകര്‍ന്നു കൊടുക്കുന്നതില്‍ ബദ്ധശ്രദ്ധരാണ്‌. വിവിധ സന്യാസസമൂഹങ്ങളില്‍പ്പെട്ട ബഹുമാനപ്പെട്ട സിസ്‌റ്റേഴ്‌സിന്റെ സേവനം വിശ്വാസപരിശീലനരംഗത്ത്‌ വിലമതിക്കാനാവാത്തതാണ്‌.

രൂപതയുടെ എല്ലാ ഇടവകകളിലും മിഷനുകളിലും ഭരണനിര്‍വ്വഹണസമിതിയായ പാരീഷ്‌ കൌണ്‍സിലുകള്‍ സജീവമാണ്‌. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി എല്ലാ ഇടവകകളിലും ഇംഗ്ലീഷില്‍ വി. കുര്‍ബാന അര്‍പ്പണം നടക്കുന്നു. രൂപതയ്‌ക്കുവേണ്ടി ഇപ്പോള്‍ 66 വൈദികര്‍ ശുശ്രൂഷ നിര്‍വ്വഹിക്കുന്നു. അല്‍മായ സംഘടനകളായ എസ്‌.എം.സി.സി, വിമന്‍സ്‌ ഫോറം, മറിയന്‍ മദേഴ്‌സ്‌, വിന്‍സന്റ്‌ ഡി പോള്‍, ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭ എന്നിവയും യൂത്ത്‌ അപ്പസ്‌തോലേറ്റ്‌, ഫാമിലി അപ്പസ്‌തോലേറ്റ്‌, കാറ്റെക്കെറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ എന്നിവയും രൂപതയില്‍ സജീവമാണ്‌. രൂപതയിലെ ഇടവകകളെയും മിഷനുകളെയും ഭരണനിര്‍വ്വഹണത്തിനായി പതിനഞ്ച്‌ ഫൊറോനകളുടെ കീഴിലാക്കി. രൂപതയ്‌ക്ക്‌ സ്വന്തമായ വൈദികര്‍ എന്ന ലക്ഷ്യത്തിന്റെ ആദ്യചുവടുകള്‍ അനുഗ്രഹമായി ആരംഭിച്ചുകഴിഞ്ഞു. അമേരിക്കയില്‍ത്തന്നെ ജനിച്ചുവളര്‍ന്ന എട്ടു യുവാക്കള്‍ രൂപതയ്‌ക്കുവേണ്ടി ഇപ്പോള്‍ സെമിനാരിപരിശീലനം നടത്തുന്നുണ്ട്‌.

ക്രിസ്‌തുശിഷ്യനായ മാര്‍ത്തോമാശ്ലീഹായുടെ നാമത്തില്‍ ഇന്ത്യയ്‌ക്കു പുറത്ത്‌ ആദ്യമായി രൂപം കൊണ്ട ഈ സീറോമലബാര്‍ രൂപത പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും അതിജീവിച്ച്‌, വളര്‍ച്ചയുടെ പാതയിലൂടെ മുന്നേറുകയാണ്‌. ഇടുങ്ങിയ ചിന്താഗതികളും സങ്കുചിത മനോഭാവങ്ങളും കൈവെടിഞ്ഞ്‌ അര്‍പ്പണമനോഭാവത്തോടും ത്യാഗമനസ്സോടും കൂടി രൂപതയുടെ വളര്‍ച്ചയ്‌ക്കായി നമുക്കു കൈകോര്‍ക്കാം, ജീവിതം സമര്‍പ്പിയ്‌ക്കാം.

റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, ചാന്‍സിലര്‍, സീറോ മലബാര്‍ രൂപത, ഷിക്കാഗോ

 getPhoto.php

LEAVE A REPLY

Please enter your comment!
Please enter your name here