ഫിലഡല്‍ഫിയ: കിഴക്കിന്‍റെ ലൂര്‍ദായ വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്‍റെ തിരുസ്വരൂപം സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനത്തിരുനാളും, ആരോഗ്യമാതാവിന്‍റെ തിരുനാളും സംയുക്തമായി ഭക്തിപുരസ്സരം ആഘോഷിക്കപ്പെട്ടു. ആവേമരിയ സ്തോത്രഗീതങ്ങളുടെയും, ജപമാലയര്‍പ്പണത്തിന്‍റെയും, രോഗശാന്തിപ്രാര്‍ത്ഥനാമഞ്ജരികളുടെയും,  സ്വര്‍ഗീയനാദധാര പെയ്തിറങ്ങി ആത്മീയ പരിവേഷം തിങ്ങിനിറഞ്ഞ അന്തരീക്ഷത്തില്‍ ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ടു തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. കാള്‍ പീബര്‍, സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. സോണി താഴത്തേല്‍, ഫിലഡല്‍ഫിയാ അതിരൂപതയുടെ കള്‍ചറല്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ. ഗ്രിഗറി ജെ. സെമനിക്ക് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

കരുണയുടെ കവാടം സ്ഥിതിചെയ്യുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടത്തപ്പെട്ട ഭക്തിനിര്‍ഭരമായ മിറാക്കുലസ് മെഡല്‍ നൊവേനയിലും, ദിവ്യബലിയിലും, വേളാങ്കണ്ണിമാതാവിന്‍റെ നൊവേനയിലും, ജപമാലപ്രാര്‍ത്ഥനകളിലും ധാരാളം മരിയഭക്തര്‍ പങ്കെടുത്തു നിര്‍വൃതിയടഞ്ഞു. കരുണയുടെ ജൂബിലിവര്‍ഷത്തില്‍ ഫിലാഡല്‍ഫിയാ സീറോമലബര്‍ ഫൊറോനാപള്ളിയില്‍ നിന്നും മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടത്തപ്പെട്ട തീര്‍ത്ഥാടനവും, വേളാങ്കണ്ണി മാതാവിന്‍റെ തിരുനാളും വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തില്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണു നേതൃത്വം നല്‍കിയത്.

തുടര്‍ച്ചയായി അഞ്ചാംവര്‍ഷമാണു മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വേളാങ്കണ്ണിമാതാവിന്‍റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വൈകുന്നേരം നാലുമണിക്കാരംഭിച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ ഏഴുമണിവരെ നീണ്ടുനിന്നു.

ഇംഗ്ലീഷ്, മലയാളം, തമിഴ്, ലത്തീന്‍, സ്പാനീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ മാറിമാറി ചൊല്ലിയ ജപമാലപ്രാര്‍ത്ഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം മരിയഭക്തര്‍ക്കും, രോഗികള്‍ക്കും സൗഖ്യദായകമായിരുന്നു.
സീറോമലബാര്‍ ഇടവകയിലെ സെ. മേരീസ് വാര്‍ഡു കൂട്ടായ്മ നേതൃത്വം നല്‍കിയ തിരുനാള്‍ ഇന്ത്യന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്‍റെയും, പൈതൃകത്തിന്‍റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ കൂടിവരവിന്‍റെ മകുടോദാഹരണമായിരുന്നു. സീറോമലബാര്‍ യൂത്ത് കൊയര്‍ ആലപിച്ച ശ്രുതിമധുരമായ മരിയഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു.

സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍നോട്ടത്തില്‍ സെ. മേരീസ് വാര്‍ഡ് പ്രസിഡന്‍റ് ബിനു പോള്‍,  തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ്, എന്നിവരും വാര്‍ഡു കൂട്ടായ്മയും തിരുനാളിന്‍റെ ക്രമീകരണങ്ങള്‍ ചെയ്തു.

ഫോട്ടോ: ജോസ് തോമസ്

Velankanni feast (2) Velankanni feast (11) Velankanni feast (10) Velankanni feast (8) Velankanni feast (5) Velankanni feast (4) Velankanni feast (3) Velankanni feast (2) Velankanni feast (1) Velankanni feast (6)

LEAVE A REPLY

Please enter your comment!
Please enter your name here