കൊച്ചി: മുന്‍മന്ത്രി കെ ബാബുവിനു പിന്നാലെ ആരുടെയൊക്കെ വീട്ടിലാണ് വിജിലന്‍സ് കയറുക എന്ന അങ്കലാപ്പില്‍ യുഡിഎഫ്. പരമ്പരാഗതമായി സ്വത്തുള്ളവരും ബാബുവിനെപ്പോലെ പെട്ടെന്നു പണക്കാരായവരും ഉള്‍പ്പെടെ എല്ലാവര്‍ക്കുമുണ്ട് ഈ വേവലാതി എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് മറ്റൊരു കാര്യവും വ്യക്തമായി. കുടുങ്ങുന്നവര്‍ നിയമപരമായി നോക്കിക്കൊള്ളണം, രാഷ്ട്രീയ പിന്തുണയൊന്നും കിട്ടാന്‍ പോകുന്നില്ല.
നിയമപരമായി നേരിടുമെന്നല്ലാതെ രാഷ്ട്രീയമായി നേരിടുമെന്ന് ഇവരാരും പറയുന്നില്ല. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ കക്ഷി ഭേദമില്ലാതെ വേവലാതിപ്പെടുകയും പരസ്പരം സംശയിക്കുകയും ചെയ്യുമ്പോള്‍ മന്ത്രിസഭയില്‍ എത്താതിരുന്ന എംഎല്‍എമാരില്‍ ചിലരും എംഎല്‍എ ആകാന്‍ പോലും പറ്റാതെ തോറ്റു പോയതില്‍ വേദനിച്ചു നടന്നവരും ഇപ്പോള്‍ ആശ്വസിക്കുകയാണ്. മാത്രമല്ല, അധികാരം എന്ന ചക്കരക്കുടം കിട്ടിയപ്പോള്‍ കൈയ്‌മെയ് മറന്ന് കൈയിട്ടു നക്കിയവര്‍ അനുഭവിക്കട്ടെ എന്നും ഈ നേതാക്കള്‍ കരുതുന്നു.

സരിതാ എസ് നായരുടെ വെളിപ്പെടുത്തലുകളില്‍ പേരുവന്ന മുന്‍ മന്ത്രിയായ വടക്കന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവ്, യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് മന്ത്രിസഭ എടുത്ത വിവാദ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വകുപ്പിന്റെ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ്, ഇത്തവണ സിപിഎമ്മിലെ പ്രമുഖ വനിതാ നേതാവിനോട് പരാജയപ്പെട്ട ഘടകകക്ഷി നേതാവായ മുന്‍ മന്ത്രി, യുഡിഎഫിന് ഒരു സീറ്റുപോലും കിട്ടാതിരുന്ന തെക്കന്‍ കേരളത്തിലെ ജില്ലയില്‍ നിന്നുള്ള മുന്‍ മന്ത്രിയായ ഘടകകക്ഷി നേതാവ് എന്നിവരാണ് മുഖ്യമായും വിജിലന്‍സ് കുരുക്കില്‍ പെടാന്‍ പോകുന്നത് എന്ന് തലസ്ഥാനത്തെ രാഷ്ട്രീയ മാധ്യമ രംഗങ്ങളില്‍ ചര്‍ച്ചയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിച്ചുവിട്ട വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ രാഷ്ട്രീയമായ ഒരുവഴിയും തല്‍ക്കാലം പ്രതിപക്ഷത്തിന് മുന്നില്‍ ഇല്ലതാനും.

അഴിമതിക്കെതിരെ അതിശക്തമായ നിലപാടെടുക്കുകവഴി സ്വന്തം പാര്‍ട്ടിയിലെയും ഇടതുമുന്നണിയിലെയും നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും കൂടിയാണ് പിണറായി താക്കീത് നല്‍കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അഴിമതി ചെയ്യുകയും അനധികൃതമായി സമ്പാദിക്കുകയും ചെയ്താല്‍ പണി കിട്ടും എന്നാണ് ഈ താക്കീത്. തിനൊരു മറുവശവുമുണ്ട്. അഞ്ചു വര്‍ഷം കഴിഞ്ഞ് യുഡിഎഫ് ആണ് അധികാരത്തിലെത്തുന്നതെങ്കില്‍ അവര്‍ ഇടതു നേതാക്കളുടെ അഴിമതി തോണ്ടി പുറത്തിടുമെന്ന് ഉറപ്പ്. അത് മനസിലാക്കി നോക്കിയും കണ്ടും നില്‍ക്കുന്നതാണ് ഇപ്പോള്‍ ഭരിക്കുന്നവര്‍ ചെയ്യേണ്ടത് എന്നതാണ് ആ മറുവശം.

LEAVE A REPLY

Please enter your comment!
Please enter your name here