getNeCVwsImages.php
ന്യൂയോര്‍ക്ക് : മലങ്കരസഭയുടെ അടിത്തറ പാകിയിരിക്കുന്നത് സഭാവിശ്വാസികളുടെ സന്മനസിന് മേലെയാണെന്നു സഭയുടെ പരമാദ്ധ്യക്ഷന്‍ പരി.ബസേലിയോസ് മാര്‍ത്തോമാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കാതോലിക്കാ ദിന വിഹിതം ഏറ്റു വാങ്ങി അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു പരി. ബാവാ. ശനിയാഴ്ച ഫിലഡല്‍ഫിയയിലെ സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്ന ചടങ്ങിലും പരി.ബാവാ വാഷിംഗ്ടണ്‍, മേരിലാന്റ്, ബാള്‍ട്ടിമോര്‍, കരോലിന, ഫിലഡല്‍ഫിയ, ഏരിയായിലെ പള്ളികളില്‍ നിന്നുള്ള കാതോലിക്കാ ദിന വിഹിതം ഏറ്റുവാങ്ങിയിരുന്നു.
ന്യൂയോര്‍ക്ക്, സ്റ്റാറ്റന്‍ ഐലന്റ്, ന്യൂജേഴ്‌സി ഏരിയയിലെ 37 പള്ളികളില്‍ നിന്നുള്ള പ്രതിനിധികളും വൈദികരും ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു. 55 ഇടവകകളാണ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്ളത്.
കാതോലിക്ക ദിനാചരണത്തിന്റെയും ആ ദിനത്തിലെ കാണിക്കയും റിശീസയും സഭാ സ്‌നേഹികള്‍ നല്‍കുന്ന ഉദാരമായ സംഭാവനകളുടെയും സ്ഥിതിവിവര കണക്കുകള്‍ വിശദീകരിച്ച് ഉദ്‌ഘോഷിച്ച പരി.ബാവ സഭാ മക്കള്‍ക്ക് മേല്‍ അനുഗ്രഹവര്‍ഷം ചൊരിയുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മുതലാണ് കാതോലിക്ക ബാവ നേരിട്ട് സന്ദര്‍ശിക്കുന്ന പതിവ് തുടങ്ങിയത്. അതിനു മുന്‍പ് കേരളത്തിലും കേരളത്തിനു പുറത്തും ഇന്ത്യയ്ക്കകത്തും മാത്രമാണ് പോയിരുന്നത്. വിഹിതം ഏറ്റുവാങ്ങുക എന്നത് സഭാ പുരോഗതിക്ക് അത്യാവശ്യമായ കാര്യമാണെങ്കിലും സഭാ മക്കളെ സന്ദര്‍ശിച്ച് അവരുമായി സംവദിക്കുക എന്ന ആശയവും ഇതിനു  പിറകിലുണ്ട്. ധനം ആവശ്യമാണ്. അല്ലെന്നു പറയുന്നില്ല. ധനം ഇല്ലാതെ സഭയ്ക്ക് മുന്നോട്ട് പോകാനൊക്കുകയുമില്ല-എളുപ്പവുമല്ല. കാതോലിക്ക നിധി എന്നു പറയുന്നത് ഈ സഭയുടെ അംഗം എന്ന നിലയില്‍ നല്‍കപ്പെടുന്ന ലഘുവായ ഒരു സേവനം ആണ്. ദേവാലയത്തിനു നികുതി കൊടുക്കുന്ന കാര്യം യേശു പത്രോസിനോടു പറയുന്നുണ്ട്. മടിശീലയില്‍ പണം ഇല്ലാതിരുന്നതു കൊണ്ട് മത്സ്യം പിടിച്ച് കൊണ്ടു വന്ന് വില്‍പ്പന നടത്തി നികുതി കൊടുത്തവരാണ് യേശുവിന്റ ശിഷ്യന്മാര്‍. യേശു ഒരു സാധാരണ യഹൂദന്‍ മാത്രമായിരുന്നു. നികുതി കൊടുക്കാന്‍ ബാധ്യസ്ഥന്‍. അര ശേക്കല്‍ നികുതി കൊടുക്കുന്ന യേശുവിനെയാണ് നാം കാണുന്നത്. അത് ഒരു ഡിസിപ്ലിന്‍ ആണ്. ധനസമാഹരണത്തിനുള്ള മാര്‍ഗം മാത്രമല്ലായിരുന്നു നികുതി. പണം ഇല്ലെങ്കില്‍ അതനുസരിച്ച് ജീവിച്ചാല്‍ മതി. അതനുസരിച്ച് ചിലവഴിച്ചാല്‍ മതി. മോശയും അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. നമ്മുടെ സഭയും അതു തന്നെയാണ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലങ്കര സഭ ഇത്രയും ഓര്‍ഗനൈസ്ഡ് ആയിരുന്നില്ല. 1975-ല്‍ വട്ടക്കുന്നേല്‍ തിരുമേനിയാണ് ഈ കാതോലിക്ക ദിന പിരിവിന് തുടക്കം കുറിച്ചത്. സഭയുടെ തെക്കന്‍ മേഖലകളില്‍ നിര്‍ബന്ധമായി പോയിരുന്നില്ല. വടക്കന്‍ മേഖലകളില്‍ രണ്ടു തവണ പോകുമായിരുന്നു. ആദ്യം കവര്‍ കൊടുക്കും. പിന്നീടാണ് വാങ്ങിക്കാന്‍ പോകുന്നത്. ആ സമയത്ത് സഭാമക്കളുടെ കഷ്ടപ്പാടും പ്രതിസന്ധികളും കേള്‍ക്കും. കേള്‍ക്കാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. അതു തന്നെയാണ് ഇപ്പോഴും നടക്കുന്നത്. കാരണം, ഇത് അച്ചടക്കമുള്ളതു കൊണ്ടാണ്. ഈ അച്ചടക്കം  പാലിക്കാന്‍ അമേരിക്കയില്‍ താമസിക്കുന്ന നിങ്ങള്‍ ബാധ്യസ്ഥരാണ്. മലങ്കരസഭയുടെ അടിത്തറ വിശ്വാസികളുടെ സന്മനസ്സാണ്. സഭയ്ക്ക് ഇപ്പോള്‍ രണ്ട് സാമ്പത്തിക സ്രോതസ്സുകളാണുള്ളത്. പരുമലയും എം.ഡി കൊമേഴ്‌സല്‍ സെന്ററും. പക്ഷേ, ഇതു കൊണ്ടൊന്നും കാര്യങ്ങള്‍ നടക്കില്ല. കേരളത്തില്‍ നിന്നും കിട്ടുന്നതില്‍ നിന്നും ഉപരിയായി അമേരിക്കന്‍ ഭദ്രാസനങ്ങളെയും ഗള്‍ഫിലെ ഇടവകകളെയുമാണ് സഭ ഇപ്പോള്‍ ഉറ്റു നോക്കുന്നത്. ഇതു കൊണ്ടാണ് മറ്റു സഭകള്‍ക്കൊപ്പം നില്‍ക്കാന്‍ നമുക്ക് കഴിയുന്നതും.
2000 വര്‍ഷത്തെ പഴക്കവും പാരമ്പര്യവുമുള്ള സഭ. ബസേലിയോസ് ദ്വിതീയന്‍ ബാവയുടെ കാലത്താണ് അന്നത്തെ പോള്‍ വറുഗീസ് അച്ചന്‍ (പിന്നീട് പൗലൂസ് മാര്‍ ഗ്രിഗോറിയോസ്) പറഞ്ഞു കേട്ടതനുസരിച്ച് വേള്‍ഡ് ക്രിസ്്ത്യന്‍ കൗണ്‍സിലിലെ ഉന്നതര്‍ കേരളത്തിലുള്ള ഈ പൗരാണിക സഭയെ അടുത്തറിയാനും അംഗീകരിക്കാനും കേരളത്തിലെത്തിയത്. മാര്‍ത്തോമ്മായുടെ പിന്‍തുടര്‍ച്ചക്കാര്‍ എന്ന നിലയില്‍ ആശ്ചര്യവശരായാണ് അവര്‍ നമ്മെ കണ്ടത്. അര്‍മ്മീനിയന്‍, കോപ്റ്റിക്, എതോപ്യന്‍ സഭകള്‍ സാന്ദര്‍ഭിക വശാല്‍ ദുര്‍ബലരായിക്കൊണ്ടിരിക്കുന്നു. അവര്‍ക്കാര്‍ക്കും സ്വാതന്ത്ര്യം ഇല്ല. ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ ശക്തി കുറഞ്ഞു വരുന്നു. നമ്മുടെ ശക്തി എന്നു പറയുന്നത് സഭാംഗങ്ങള്‍ പാലിക്കുന്ന, നേരത്തെ പറഞ്ഞ അച്ചടക്കം ആണ്.
അനര്‍ഹമായ അവകാശവാദങ്ങള്‍ നമ്മള്‍ ഒരിടത്തും ഉന്നയിക്കാറില്ല. മറ്റ് ചിലര്‍ അങ്ങനെ പറയുമ്പോള്‍ മാത്രം നമ്മള്‍ പ്രതികരിക്കും. ലോകത്ത് എവിടെ ആയാലും സഭാമക്കള്‍, നേരത്തെ പറഞ്ഞ, അച്ചടക്കം പാലിക്കുന്നവരും സഭയുടെ സോളിഡാരിറ്റി- ആദര്‍ശൈക്യം- നിലനിര്‍ത്തിക്കൊണ്ടാണ് അവര്‍ വിശ്വാസാചാരങ്ങളെ പാലിക്കുന്നത്. സഭയോട് ഊര്‍ജിതമായ വിശ്വാസമുള്ളവരാണ് വിദേശങ്ങളില്‍ വസിക്കുന്നത്. നാടും വീടും വിട്ട് ജീവിക്കുമ്പോഴും നിങ്ങള്‍ ജാഗരൂകരാണ്. കാതോലിക്കേറ്റിനോട് കുറു പുലര്‍ത്തുന്നവരാണ്. ആ താല്‍പര്യം തലമുറകളിലേക്കും പകര്‍ന്നു കൊടുക്കുക. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മലങ്കര സഭയുടെ അച്ചടക്കവും, സോളിഡാരിറ്റിയും, അദ്വിതീയതയും നിലനിര്‍ത്തുക. സഭയുടെ പ്രധാന മേലധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതൊക്കെയാണ്. നിങ്ങളുടെ സ്‌നേഹത്തിനും ഉപചാരത്തിനും നന്ദി നേരുന്നു-പരി. ബാവ പറഞ്ഞു.
പിന്നീട് സംസാരിച്ച സഭയുടെ വൈദിക ട്രസ്റ്റി റവ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, കാതോലിക്ക നിധി ശേഖരണവുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ വിവരിച്ചു. 2014-ല്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്ന് ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി നാനൂറ്റി പതിനേഴ് ഡോളറാണ് കാതോലിക്ക ദിന വിഹിതമായി ലഭിച്ചത്. ഇത്തവണ, ഇതേവരെ ലഭിച്ചത് രണ്ടു ലക്ഷത്തിലധികം ഡോളറാണ്.
ദാനശീലരായ അമേരിക്കന്‍ മലയാളി സഭാ മക്കളുടെ സഹകരണത്തിന് ഫാ. കോനാട്ട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പ്രകാശിപ്പിച്ചു. പത്തു കോടിയാണ് സഭാ തലത്തില്‍ ഇത്തവണത്തെ ടാര്‍ജറ്റ്. കിട്ടുന്ന തുകയില്‍ നിന്ന് ഭദ്രാസന വിഹിതങ്ങള്‍, കൂടാതെ ചാരിറ്റി, ആത്മീയപ്രസ്ഥാനങ്ങള്‍, സെമിനാരി, വൈദിക ശമ്പള സബ്‌സിഡി തുടങ്ങിയ ചിലവുകള്‍ നാനാവഴിയ്ക്കാണ്. അമേരിക്കന്‍ ഭദ്രാസനങ്ങളുടെ തുറന്ന സമീപനങ്ങളെ റവ. ഡോ. കോനാട്ട് ശ്ലാഘിക്കുകയും ചെയ്തു. ഇക്കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ നിധി ശേഖരിച്ച ബോസ്റ്റണ്‍ സെന്റ് മേരീസിന് പരി.ബാവ പ്രശംസാ ഫലകം നല്‍കി. രണ്ടാം സ്ഥാനത്തെത്തിയ ഫ്‌ളോറല്‍ പാര്‍ക്ക് സെന്റ് ഗ്രിഗോറിയോസിനും പ്രശംസാഫലകം നല്‍കുകയുണ്ടായി. ഭദ്രാസനത്തിലെ 16 ഇടവകകള്‍ 100 ശതമാനം ടാര്‍ജറ്റ് പൂര്‍ത്തിയാക്കുകയുണ്ടായി.
ഈ വര്‍ഷം ഇതുവരെ കിട്ടിയ കണക്കനുസരിച്ച് ക്ലീന്‍സ് റിഡ്ജ് വുഡിലുള്ള സെന്റ് ബസേലിയോസ് ഇടവകയാണ് 115 ശതമാനം ടാര്‍ജറ്റുമായി മുന്നില്‍.
ഭദ്രാസന അധ്യക്ഷന്റെ കൃതജ്ഞത പ്രസംഗത്തില്‍ പരി. കാതോലിക്കാ സിംഹാസനത്തോടും സഭയോടുമുള്ള ബന്ധം അധരവ്യായാമം മാത്രമായി പോകരുതെന്നും അത് ഗൗരവമായി എടുക്കണമെന്നും ആഹ്വാനം ചെയ്തു മലങ്കര മെത്രാപ്പോലീത്ത ഒരു കല്‍പ്പന അയച്ചാല്‍ അതനുസരിച്ച്  പ്രവര്‍ത്തിക്കാന്‍ എവിടെയാണ് പ്രശ്‌നം? ആര്‍ക്കാണ് പ്രശ്‌നം? ഇത് ചിന്തിക്കേണ്ടതാണ്. വിശ്വാസത്തോടു കൂടിയുള്ള സഭയോടുള്ള ബന്ധത്തിലെ അപാകത-അത് ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. സഹകരണം ശുഷ്‌ക്കമായി പോകരുത്. അഫോര്‍ഡബിളിറ്റി അനുസരിച്ച് വേണം നാം കൊടുക്കാന്‍. ഇല്ലായ്മ കൊണ്ടാണ് നാം കൊടുക്കാന്‍ മടിക്കുന്നത്.
ഭദ്രാസന സെക്രട്ടറി ഫാ.എം.കെ കുറിയാക്കോസ് സ്വാഗതം ആശംസിച്ച് ആമുഖ പ്രസംഗം നടത്തി. ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. ഡോ. വറുഗീസ് ഡാനിയേല്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ഇടവകയുടെ സ്‌നേഹം അറിയിക്കുകയും ചെയ്തു. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ.എം.കെ. കുറിയാക്കോസ്, ഫാ. ഷിബു ഡാനിയല്‍, ഫിലിപ്പോസ് ഫിലിപ്പ്, അജിത് വട്ടശ്ശേരില്‍, ഷാജി വറുഗീസ്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ വറുഗീസ് പോത്താനിക്കാട്, സഭാ മാനേജിങ് കമ്മിറ്റിയംഗം കോരസണ്‍ വറുഗീസ് എന്നിവരും വേദിയില്‍ ഉപവിഷ്ടരായിരുന്നു.
ചടങ്ങുമായി ബന്ധപ്പെട്ട് ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഇടവക വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. കമ്പ്യൂട്ടിങ് സംബന്ധിച്ച കാര്യങ്ങളില്‍ ബദ്ധശ്രദ്ധരായിരുന്ന പരി.ബാവയുടെ സെക്രട്ടറി ഫാ. ജിന്‍സ് ജോണ്‍സണ്‍, ഫിലഡല്‍ഫിയ സെന്റ് തോമസില്‍ നിന്നുള്ള അപ്പു, അമ്മു എന്നിവരുടെ സേവനങ്ങളെയും മാര്‍ നിക്കോളോവോസ് ശ്ലാഘിച്ചു.
getNewsImCBages.php

 

LEAVE A REPLY

Please enter your comment!
Please enter your name here