ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയില്‍ ഫാമിലി നൈറ്റ്  “അഗാപ്പെ 2016” നവംബര്‍ 26 ശനിയാഴ്ച്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. അനന്തകാരുണികനായ ദൈവം സൃഷ്ടികളോടുകാണിക്കുന്ന കലവറയില്ലാത്ത സ്നേഹം, പരിപൂര്‍ണ ത്യാഗത്തിലൂന്നി സഹജീവികളോടുള്ള മനുഷ്യരുടെ സ്നേഹം, ദൈവോന്മുഖമായ സ്നേഹത്തിന്‍റെ മൂര്‍ത്തീഭാവം എന്നൊക്കെ അര്‍ഥം വരുന്ന ഗ്രീക്ക് പദമായ “അഗാപ്പെ”യുടെ വിശാലമായ സ്നേഹസത്ത ഉള്‍ക്കൊണ്ട് നടത്തപ്പെട്ട ഫാമിലി നൈറ്റ് ഇടവകയാകുന്ന വലിയ കുടുംബത്തിലെ അംഗങ്ങളായ ഓരോ കുടുംബവും സമൂഹത്തിന്‍റെ ഭാഗമെന്നനിലയില്‍ പരസ്പര കൂട്ടായ്മയിലും, സഹകരണത്തിലും വര്‍ത്തിക്കണമെന്നുള്ള വലിയസന്ദേശം വിളംബരം ചെയ്യുന്നതായിരുന്നു. ഇടവകയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുക, അവരെ ഇടവകയുടെ മുഖ്യധാരയില്‍ കൊണ്ടുവരുക, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വിവാഹിതരായ യുവതീയുവാക്കളെ ആദരിക്കുക, വിവാഹജീവിതത്തിന്‍റെ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതിമാരെ ആദരിക്കുക എന്നുള്ളതും ഫാമിലി നൈറ്റാഘോഷം ലക്ഷ്യമിട്ടിരുന്നു.

വൈകിട്ട് അഞ്ചുമണിക്കു ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകജനങ്ങള്‍ എന്നിവരെ സാക്ഷിയാക്കി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, പാലാ രൂപതയിലെ സ്വാന്തന കൗണ്‍സലിംഗ് സെന്‍റര്‍ മുന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യു പന്തലാനിക്കല്‍ എന്നിവര്‍ ഭദ്രദീപം തെളിച്ച് ഫാമിലി നൈറ്റ് ഉത്ഘാടനം ചെയ്തു. ഫാ. മാത്യു പന്തലാനിക്കല്‍ അഗാപ്പെയുടെ സന്ദേശം നല്‍കി.

ഇടവകയിലെ 9 വാര്‍ഡുകളും, മതബോധനസ്കൂളും ബൈബിള്‍ അധിഷ്ടിത വിഷയങ്ങള്‍ തിരക്കഥയായി തെരഞ്ഞെടുത്ത് വിവിധ കലാപരിപാടികള്‍ മല്‍സരബുദ്ധ്യാ അവതരിപ്പിച്ചു. സെ. ജോസഫ്, സെ. ജോര്‍ജ് വാര്‍ഡുകളിലെ കൊച്ചു കലാപ്രതിഭകളുടെ അവതരണ നൃത്തത്തെതുടര്‍ന്ന് സെ. ജോസഫ് വാര്‍ഡിലെ തന്നെ കൊച്ചുകൂട്ടുകാര്‍ അവതരിപ്പിച്ച ആക്ഷന്‍ സോംഗ് കാണികള്‍ കൗതുകപൂര്‍വം ആസ്വദിച്ചു. സെ.മേരീസ് വാര്‍ഡും, സെ. ചാവറ വാര്‍ഡും സംയുക്തമായി അവതരിപ്പിച്ച റൈസ് അപ് ഡാന്‍സ് കോറിയോഗ്രഫിയിലും, അവതരണത്തിലും മികവുപുലര്‍ത്തി.

സെ. ന്യൂമാന്‍, സെ. അല്‍ഫോന്‍സാ വാര്‍ഡുകളില്‍നിന്നുള്ള യുവതീയുവാക്കള്‍ വിവിധ ഗാനശകലങ്ങള്‍ കോര്‍ത്തിണക്കി നൃത്തചുവടുകളോടെ കാഴ്ച്ചവച്ച സമൂഹഗാനം എന്നിവ നല്ലനിലവാരം പുലര്‍ത്തി.  അതേപോലെ തന്നെ സെ. ജോസഫ് വാര്‍ഡും, സെ. തോമസ്, മദര്‍ തെരേസാ വാര്‍ഡുകള്‍ സംയുക്തമായും അവതരിപ്പിച്ച കോമടി സ്കിറ്റുകള്‍ ജനം കയ്യടിയോടെ സ്വീകരിച്ചു. വാര്‍ഡു കൂട്ടായ്മകള്‍ മല്‍സരബുദ്ധിയോടെ രംഗത്തവതരിപ്പിച്ച കലാപരിപാടികള്‍ കാണികള്‍ കരഘോഷത്തോടെ ആസ്വദിച്ചു.

മതബോധനകൂളിന്‍റെ ആരംഭം മുതല്‍ 11 വര്‍ഷക്കാലം ഡയറക്ടര്‍ ആയി സ്തുത്യര്‍ഹമായ സേവനത്തിനുശേഷം വിരമിച്ച ഡോ. ജയിംസ് കുറിച്ചിയെ തദവസരത്തില്‍ റവ. ഫാ. ജോണിക്കുട്ടി പുലിശേരി കൃതഞ്ജ്താഫലകം നല്‍കി ആദരിച്ചു. കഴിഞ്ഞവര്‍ഷം വിവാഹിതരായ യുവതീയുവാക്കളെയും വിവാഹജീവിതത്തിന്‍റെ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതിമാരെയും ആദരിച്ചു.
ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, സീറോമലബാര്‍യൂത്ത്, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവരോടൊപ്പം റോയി വര്‍ഗീസ്, ട്രീസാ ജോണ്‍ എന്നിവര്‍ ഫാമിലി നൈറ്റ് പരിപാടികള്‍ ഏകോപിപ്പിച്ചു. സണ്ടേസ്കൂള്‍ കുട്ടികളായ ഇവാ സന്തോഷ്, ഹെലീന്‍ സോണി, നിലീനാ ജോണ്‍, എന്നിവര്‍ എം. സി. മാരായി നല്ല പ്രകടനം കാഴ്ച്ചവച്ചു. മതാധ്യാപിക ജയിന്‍  സന്തോഷ് സ്റ്റേജ് ക്രമീകരണങ്ങളില്‍ സഹായിയായി. സ്നേഹവിരുന്നോടെ ഫാമിലി നൈറ്റിനു തിരശീല വീണു.

ഫോട്ടോ: ജോസ് തോമസ്

Family night  (23) Family night  (21) Family night  (18) Family night  (17) Family night  (16) Family night  (13) Family night  (12) Family night  (10) Family night  (6) Family night  (5) Family night  (4) Family night  (3)

LEAVE A REPLY

Please enter your comment!
Please enter your name here