നോട്ട് നിരോധന വിഷയത്തിൽ പാർലമെന്റിൽ നടക്കുന്ന ചർച്ചകളിൽ ആവശ്യമെങ്കിൽ പ്രധാനമന്ത്രി സംസാരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്നും സർക്കാരിന്റെ ആത്മാർത്ഥതയെ സംശയിക്കരുതെന്നും രാജ്നാഥ് സിംഗ് സഭയിൽ പറഞ്ഞു. പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുക്കണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹം എത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

നോട്ടു നിരോധനത്തിനെതിരെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ ഇന്നും പ്രതിഷേധിച്ചു. രാവിലെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു ചുറ്റും പ്രതിഷേധ പ്രകടനം നടത്തി. വിഷയത്തിൽ  പ്രധാനമന്ത്രി മൗനം പാലിക്കുന്നതാണു പ്രതിഷേധം ഇത്ര രൂക്ഷമാകാൻ കാരണമെന്നു പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. നോട്ടുനിരോധനത്തിനെതിരെ രാജ്യത്തെ സാധാരണക്കാരന്റെ  പ്രതിഷേധം അറിയിക്കാനാണ് ഇന്ന് ആക്രോശ് ദിവസം ആചരിക്കുന്നത്. സ്ഥിരതയില്ലാത്ത പ്രസ്താവനകൾ ഇറക്കി ജനങ്ങളെ കബളിപ്പിക്കുന്നതു പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

സര്‍ക്കാരിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ  അഭിപ്രായ വ്യത്യാസമുണ്ടെന്നു  കേന്ദ്ര മന്ത്രി അനന്തകുമാര്‍ പരിഹസിച്ചു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രണ്ടു തട്ടിലാണെന്നും  അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here