ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസിന്റെ പ്രൈവറ്റ് സെക്രട്ടറിയേയും രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരെയും മാറ്റണമെന്നു പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയരുന്നു.  സിപിഐഎം ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യം മാത്യു ടി തോമസ് ഇവരെ നിയമിച്ചതു മുതല്‍ പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നതാണെങ്കിലും ഇപ്പോഴാണ് ശക്തമാകുന്നത്. സംഘടനാ തെരഞ്ഞെടുപ്പു പൂര്‍ത്തിയായ സാഹചര്യത്തിലാണു ജനതാദള്‍ എസിനുള്ളില്‍ ഈ ആവശ്യം വീണ്ടും സജീവമായത്.

സിപിഐഎം അനുകൂല സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ സംഘടനയിൽ പ്രവര്‍ത്തിക്കുന്ന മൂന്ന് പേരാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരും. ജനതാദള്‍ എസില്‍ മന്ത്രിസ്ഥാനം തര്‍ക്കത്തിലായപ്പോള്‍ സിപിഐഎമ്മിന്റെ കൂടി പിന്തുണ ലഭിച്ചതു കൊണ്ടാണ് മാത്യു ടി തോമസിനു മന്ത്രി സ്ഥാനം ലഭിച്ചതെന്നാണു പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായം. ഇതിനു പ്രത്യുപകാരമായാണ്, പാര്‍ട്ടിയില്‍ പെട്ട ഉദ്യോഗസ്ഥരെ പുറത്തു നിര്‍ത്തി സിപിഐഎം യൂണിയനില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു നിയമനം നല്‍കിയതെന്നാണു പാര്‍ട്ടിയുടെ ഉന്നത തലങ്ങളില്‍ നിന്നു വരെ മന്ത്രിക്കെതിരെ വിമര്‍ശനം ഉയരുന്നത്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, താല്‍ക്കാലിക ജോലിക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പാര്‍ട്ടിയുടെ അഭിപ്രായത്തിനു വിരുദ്ധമായി സിപിഐഎമ്മിന്റെ താല്‍പ്പര്യങ്ങളാണു നടക്കുന്നതെന്നും പാര്‍ട്ടിക്കുള്ളില്‍ മന്ത്രിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

എല്ലാ മന്ത്രിമാരുടേയും പ്രൈവറ്റ് സെക്രട്ടറിമാരും മറ്റും പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചു നിയമിക്കപ്പെട്ടപ്പോഴാണ്, മാത്യു ടി തോമസ് സ്വന്തം ഇഷ്ടത്തിന്, പാര്‍ട്ടിയോട് ആലോചിക്കാതെ ഉദ്യോഗസ്ഥരെ നിയമിച്ചതെന്നു പാര്‍ട്ടിയുടെ ഉന്നതതലങ്ങളില്‍ തന്നെ വിമർശനം ഉയരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ മാറ്റുന്നത് സിപിഐഎമ്മിന്റെ വിരോധത്തിനു തന്നെ കാരണമാകുകയും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഒരു വിഭാഗത്തിന്റെ എതിര്‍പ്പോടു കൂടി ലഭിച്ച മന്ത്രി സ്ഥാനത്തിനു ഭാവിയില്‍ ഭീഷണി ഉയര്‍ത്തുമെന്നുമാണു മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ കരുതുന്നത്. നേരത്തെ ദുര്‍ബലമായിരുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നത് സംഘടനയുടേയും സര്‍ക്കാറിന്റേയും വിശ്വാസ്യതയിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. പുതിയ സംസ്ഥാന സമിതിയും സംസ്ഥാന നിര്‍വ്വാഹക സമിതിയും നിലവില്‍ വന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഭൂരിപക്ഷത്തിന്റെ ബലാബലമനുസരിച്ചാകും ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാകുക.

വരുന്ന രണ്ട് ആഴ്ച്ചക്കുള്ളില്‍ തന്നെ പാര്‍ട്ടി ഭരണഘടനയനുസരിച്ചു പുതിയ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി നോമിനേറ്റ് ചെയ്യും. സ്ഥാനമൊഴിഞ്ഞ സംസ്ഥാന പ്രസിഡന്റ് നീലലോഹിതദാസൻ നാടാര്‍ അഖിലേന്ത്യ ഭാരവാഹിയാകും. കോട്ടയത്തു നിന്നുള്ള ജോര്‍ജ് തോമസ് സെക്രട്ടറി ജനറലായേക്കും. എറണാകുളത്തു നിന്നുള്ള ജോസ് തെറ്റയില്‍, പാലക്കാടു നിന്ന് അഡ്വ വി മുരുകദാസ്, കോഴിക്കോടു നിന്ന് ഇപി ദാമോധരന്‍, കണ്ണൂരില്‍ നിന്നു നിസാര്‍ അഹമ്മദ്, കൊല്ലത്തു നിന്നു പ്രായിക്കര ഷംസുദ്ദീന്‍ എന്നിവര്‍ പ്രധാന സ്ഥാനങ്ങളിലേക്ക് എത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റ ശേഷം ആദ്യമായി ചേരുന്ന സംസ്ഥാന നിര്‍വ്വാഹക സമിതിയോഗത്തില്‍ തന്നെ മന്ത്രിയുടെ സെക്രട്ടറിമാരെ മാറ്റണമെന്ന ആവശ്യം ചര്‍ച്ചയ്ക്ക് വരുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here